|    Oct 17 Wed, 2018 1:14 pm
FLASH NEWS

ഏഴുവയസ്സുകാരിയുടെ കൊലപാതകം ; ജാഗ്രതാസമിതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ദ്ദേശം

Published : 29th September 2017 | Posted By: fsq

 

കൊല്ലം: കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം ജില്ലാപഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ഇത് സംബന്ധിച്ച് ജില്ലാ സാമൂഹ്യനീതി വകുപ്പിലേയും ഐസിഡിഎസിലേയും ഉദ്യോഗസ്ഥരോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍ വിവരങ്ങള്‍ ആരാഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും ജില്ലയിലാകെ ജാഗ്രതാസമിതികള്‍ പുനരുജ്ജീവിപ്പിക്കുകയും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുകയും വേണമെന്ന് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.അഞ്ചല്‍ ഡിവിഷനില്‍ നിന്നുള്ള അംഗം കെ സി ബിനുവാണ് പൊതുചര്‍ച്ചയ്ക്കിടെ പ്രശ്‌നം യോഗത്തില്‍ അവതരിപ്പിച്ചത്. കുട്ടി സ്‌കൂളിലെത്താതിരുന്നിട്ടും ഇതേക്കുറിച്ചൊന്നും അന്വേഷണം നടന്നിട്ടില്ലെന്നും കുട്ടിയുടെ സുരക്ഷയ്ക്കായും മറ്റും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ജില്ലാപഞ്ചായത്ത് ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെട്ട് നടപടികള്‍ കൈക്കൊള്ളണമെന്നും സിപിഎം അംഗം ആവശ്യപ്പെട്ടു. കുട്ടിയുടെ ബന്ധു തന്നെയാണ് സ്‌കൂളിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് സംഭവം നടന്ന കുളത്തൂപ്പുഴ ഡിവിഷനിലെ അംഗം ഷീജ പറഞ്ഞു. സ്‌കൂളിലെത്തിയ ശേഷമല്ല കുട്ടിയെ കാണാതായതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകല യോഗത്തില്‍ അറിയിച്ചു. സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്താനായി കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ഏതെങ്കിലും കുട്ടികള്‍ ചൂഷണത്തിനിരായവുകയാണെങ്കില്‍ അവര്‍ക്കായി വ്യക്തിഗത കൗണ്‍സിലര്‍മാരെ നിയോഗിക്കാറുണ്ടെന്നും ഐസിഡിഎസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. ഇത്തരം കാര്യങ്ങളില്‍ കുറേക്കൂടി സജീവമായി ബന്ധപ്പെട്ട സമിതികള്‍ ഇടപെടണമെന്നും അങ്കണവാടികള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണം നടത്തണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.തെരുവ് നായയുടെ കടിയേറ്റ വിദ്യാര്‍ഥിനിക്ക് ജില്ലാ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ച സംഭവവും യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചു. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ നായയുടെ കടിയേറ്റ വിദ്യാര്‍ഥിനിക്ക് ചികില്‍സ ലഭിക്കാന്‍ നാല് മണിക്കൂര്‍ വൈകിയെന്ന് സിപിഐ അംഗം എന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആരോഗ്യകേരളം പുരസ്‌കാരം ലഭിച്ച ജില്ലാപഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. വിശദീകരണം ആരായാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് യോഗത്തില്‍ എത്തിയിട്ടില്ലെന്നും രവീന്ദ്രന്‍ പറഞ്ഞു. ചികില്‍സ നിഷേധിച്ച സംഭവത്തില്‍ നടപടി വേണമെന്ന് സിപിഎം അംഗം കെ രാജശേഖരനും ആവശ്യപ്പെട്ടു. വിശദീകരണം ആരായാനായി ജില്ലാ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്താന്‍ പ്രസിഡന്റ് കെ ജഗദമ്മ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.നായയുടെ കടിയേറ്റ് എത്തിയ വിദ്യാര്‍ഥിനിക്ക് ചികില്‍സ നിഷേധിച്ചിട്ടില്ലെന്നും സര്‍ജറി വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണ്ടിവന്നതുകൊണ്ടാണ് നാല് മണിക്കൂറോളം വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ നിര്‍ത്തിയിരുന്നതെന്നുമായിരുന്നു പിന്നീടെത്തിയ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് അടിയന്തിരമായി റിപോര്‍ട്ട് നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് റൂളിങ് നല്‍കി.ജില്ലാ ഹോമിയോ ആശുപത്രിയില്‍ കരള്‍രോഗ ചികില്‍സ, തൈറോയ്ഡ് ഗവേഷണം തുടങ്ങിയവയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ചില പ്രത്യേക കേന്ദ്രങ്ങളില്‍ ക്യാംപ് നടത്തുന്നതിനുള്ള തീരുമാനം, ബന്ധപ്പെട്ട സ്ഥിരംസമിതി ചെയര്‍പേഴ്‌സണിന്റെ സാന്നിധ്യത്തില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രസിഡന്റ് റൂളിങ് നല്‍കി. അംഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണിത്.ജില്ലാ ആശുപത്രിയിലെ ഓട്ടിസം സെന്ററില്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ അടിയന്തരമായി നിയമിക്കണമെന്ന് കോണ്‍ഗ്രസ് അംഗം രശ്മി ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിട്ട് മാസങ്ങളായെന്നും ഇത് കാഴ്ചവസ്തുവായി മാറിയിരിക്കുകയാണെന്നും ആര്‍എസ്പിയിലെ ശോഭ പരാതിപ്പെട്ടു.സ്ഥിരംസമിതി അധ്യക്ഷന്‍ വി ജയപ്രകാശ്, അംഗങ്ങളായ സി രാധാമണി, അനില്‍ എസ് കല്ലേലിഭാഗം, സെക്രട്ടറി കെ പ്രസാദ് ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss