|    Jan 21 Sat, 2017 11:10 pm
FLASH NEWS

ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്കെതിരേ ട്രേഡ് യൂനിയനുകള്‍

Published : 21st November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി തൊഴിലാളിസംഘടനകള്‍. ശമ്പള കമ്മീഷന്‍ ശുപാര്‍ശകളോട് പൂര്‍ണമായും വിയോജിക്കുന്നുവെന്ന് എഐടിയുസി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്നുദശാബ്ദങ്ങള്‍ക്കിടെ നിര്‍ദേശിക്കപ്പെട്ട ഏറ്റവും കുറഞ്ഞ ശമ്പളവര്‍ധനയാണിതെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിന്റെ കാര്യം കമ്മീഷന്‍ പൂര്‍ണമായും വിസ്മരിച്ചെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ ശുപാര്‍ശകള്‍ നീതിയുക്തമല്ലെന്നു സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും കുറ്റപ്പെടുത്തി. നിലവിലെ നാണ്യപ്പെരുപ്പവും വിലക്കയറ്റവുമായി യോജിച്ചുപോവുന്നതല്ല കമ്മീഷന്‍ നിര്‍ദേശിച്ച ഏറ്റവും കുറഞ്ഞ ശമ്പളമെന്ന് അദ്ദേഹം വ്യക്തമാക്കി. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നിരാശാജനകമാണെന്ന് ബിഎംഎസ് വ്യക്തമാക്കി. കമ്മീഷന്റെ ശുപാര്‍ശകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും അടിസ്ഥാന ശമ്പളവും പരമാവധി ശമ്പളവും തമ്മില്‍ വലിയ അന്തരമാണുള്ളതെന്നും ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി വിരേശ് ഉപാധ്യായ പറഞ്ഞു. ഗ്രാറ്റിവിറ്റി പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കിയതിന്റെ ആനുകൂല്യം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നത് സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. 2016 ജനുവരി ഒന്നു മുതല്‍ നടപ്പാക്കണമെന്നാണെങ്കിലും ജീവനക്കാര്‍ക്ക് വര്‍ധിച്ച വേതനം ലഭിക്കാന്‍ വീണ്ടും സമയമെടുക്കുമെന്നാണു സൂചന. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയാല്‍ തന്നെ അടുത്ത സാമ്പത്തിക വര്‍ഷത്തിലാണു വരുന്നത്. നിലവിലെ സാമ്പത്തിക വളര്‍ച്ച വച്ചു കണക്കാക്കുമ്പോള്‍ സാമ്പത്തികഭദ്രതയെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്ന് ഫിനാന്‍സ് സെക്രട്ടറി രത്തന്‍ പി വാതല്‍ പറയുന്നു. മുന്‍ സുപ്രിംകോടതി ജഡ്ജി എ കെ മഥുര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച 900 പേജുള്ള റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിച്ചു വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തും.
അതേസമയം, ഏഴാം ശമ്പള കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വിഭാര്യരായ പിതാക്കന്‍മാര്‍ക്ക് മക്കളുടെ സംരക്ഷണത്തിന് (ചൈല്‍ഡ് കെയര്‍ ലീവ്) അവധി ആനുകൂല്യം നല്‍കുന്നതിനു ശുപാര്‍ശയുണ്ട്. 18 വയസ്സില്‍ താഴെയുള്ള മക്കളുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവരെ വനിതാ ജീവനക്കാര്‍ക്കു മാത്രമാണ് ചൈല്‍ഡ് കെയര്‍ ലീവ് ലഭിച്ചിരുന്നത്. ആകെ സര്‍വീസില്‍ രണ്ടുവര്‍ഷം വരെയോ 730 ദിവസമോ ആണ് ചൈല്‍ഡ് കെയര്‍ ലീവ് ലഭിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഭര്‍തൃമതിയല്ലാത്ത വനിതകള്‍ക്ക് ആറുതവണ ചൈല്‍ഡ് കെയര്‍ ലീവ് എടുക്കാം. മറ്റു വനിതകള്‍ക്ക് ഇതു മൂന്നു തവണയേ പറ്റൂ. ചൈല്‍ഡ് കെയര്‍ ലീവ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ആദ്യ 365 ദിവസം മുഴുവന്‍ ശമ്പളവും രണ്ടാമത്തെ വര്‍ഷം 80 ശതമാനം ശമ്പളവുമായി നിജപ്പെടുത്തിയിട്ടുമുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ മറ്റേണിറ്റി ലീവും (മാതൃ അവധി) പറ്റേണിറ്റി ലീവും (പിതൃ അവധി) വര്‍ധിപ്പിക്കണമെന്ന ആവശ്യം കമ്മീഷന്‍ പരിഗണിച്ചില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 113 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക