|    Sep 24 Mon, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏലമലക്കാടുകള്‍ക്ക് റവന്യൂ പദവി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

Published : 10th May 2017 | Posted By: fsq

 

തിരുവനന്തപുരം: രണ്ടുലക്ഷത്തിലധികം വരുന്ന ഏലമലക്കാടുകള്‍ക്ക് റവന്യൂ ഭൂമിയുടെ പദവി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഇടുക്കിയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഏലക്കാടുകളാണ് റവന്യൂ ഭൂമിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍  മാര്‍ച്ച് 27ന്  ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. യോഗത്തിന്റെ മിനുട്‌സ് പുറത്തായതോടെ സംഭവം വിവാദമായി. ഭൂമിക്ക് റവന്യൂപദവി ലഭിച്ചാല്‍ സ്ഥലത്തെ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെ നിയമവിധേയമാവുമെന്നതാണ് ശ്രദ്ധേയം. ഏലമലക്കാടുകള്‍ വനംഭൂമിയാണെന്ന് വിവിധ സര്‍ക്കാരുകള്‍ സുപ്രിംകോടതിക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. എന്നാല്‍, കാര്‍ഡമം ഹില്‍സ് റിസര്‍വ് ( സിഎച്ച്ആര്‍) വനമേഖലയ്ക്ക് പുറത്തുള്ള റവന്യൂ ഭൂമിയാണെന്ന് 1995ല്‍ ചീഫ്‌സെക്രട്ടറി മുഖേന ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുടര്‍ന്നാണ് സിഎച്ച്ആര്‍ റവന്യൂ ഭൂമിയാണോയെന്ന് പരിഗണിക്കുന്ന കാര്യം പരിശോധിക്കണമെന്ന് യോഗത്തില്‍ തീരുമാനമായത്. ഇക്കാര്യത്തില്‍ തുടര്‍ നടപടിക്ക് റവന്യൂ, വനംവകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.  ചട്ടപ്രകാരമല്ലാതെ നിര്‍മാണം നടത്തിയ 300ഓളം റിസോര്‍ട്ടുകളാണ് ഈ ഭൂമിയിലുള്ളത്. റവന്യൂ പദവി നേടിയെടുത്ത് ഇവയ്‌ക്കൊക്കെ പട്ടയം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മതികെട്ടാന്‍ചോല കൈയേറ്റകാലത്ത് കെ എം മാണി ഉന്നയിച്ച വാദമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. അന്ന് റവന്യൂ ഭൂമിയാണെന്ന കെ എം മാണിയുടെ വാദം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. മതികെട്ടാന്‍ തിരിച്ചുപിടിച്ച് ദേശീയ ഉദ്യാനമാക്കി. പശ്ചിമഘട്ടത്തില്‍ പെരിയാറിന് കിഴക്കും കുമളി ചുരത്തിന് വടക്കും ദേവികുളത്തിന് തെക്കും തമിഴ്‌നാടിന് പടിഞ്ഞാറുമായിട്ടാണ് ഏലമലക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്. 1906 സര്‍വേയനുസരിച്ച് ഏതാണ്ട് 2.64 ലക്ഷം ഏക്കര്‍ ഭൂപ്രദേശമാണ് ഈ സംരക്ഷിത മേഖല. 1993ലെ ഭൂപതിവ് ചട്ടമനുസരിച്ച് സിഎച്ച്ആര്‍ വനഭൂമിയില്‍നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ 50,000 ഏക്കര്‍ പട്ടയം നല്‍കാന്‍ അനുവദിച്ചത്. 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവര്‍ക്കാണ് ഈ ഭൂമി പതിച്ചു നല്‍കേണ്ടത്. എന്നാല്‍, അതിനുശേഷം കുടിയേറിയവര്‍ക്കും ഭൂമി പതിച്ചു നല്‍കി. കേന്ദ്രസര്‍ക്കാരില്‍നിന്ന് വനഭൂമിക്ക് അനുമതി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭൂമിയുടെ വനപദവി എടുത്തുമാറ്റാന്‍ ആലോചിക്കുന്നത്. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് 2005 വരെയുള്ള കൈയേറ്റങ്ങള്‍ക്കു പട്ടയം നല്‍കാന്‍ ഉത്തരവിക്കിയതിന് സമാനമാണ് പുതിയ നീക്കം. ആ ഉത്തരവ് വിവാദമായില്ലായിരുന്നെങ്കില്‍, ഏലമലക്കാടുകളിലെ നൂറുകണക്കിനു കൈയേറ്റങ്ങള്‍ നിയമസാധുത നേടുമായിരുന്നു. മരം മുറി കേസില്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനും വിരുദ്ധമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട്. ഏലമലക്കാടുകള്‍ ഫോറസ്റ്റ് റിസര്‍വ് എന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ഇവിടുത്തെ മരംമുറി തടയണമെന്ന് ഹരിത ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിട്ടത്. മൂന്നാര്‍ സംരക്ഷണത്തിന് ഭൂമി വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണമെന്ന നിവേദിത പി ഹരന്‍ റിപോര്‍ട്ടും മറികടന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതിനെതിരേ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിപക്ഷവും പ്രഖ്യാപിച്ചുകഴിഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss