|    Oct 16 Tue, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഏറ്റെടുത്ത സ്ഥലത്തിനു പണം നല്‍കിയില്ല ; ഗവ. ഗസ്റ്റ്ഹൗസ് ജപ്തി ചെയ്തു

Published : 27th September 2017 | Posted By: fsq

 

എ പി  വിനോദ്

കാസര്‍കോട്: മഞ്ചേശ്വരം ചെക്‌പോസ്റ്റ് വിപുലീകരണത്തിനു വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ അതിഥിമന്ദിരം ജപ്തി ചെയ്തു. സബ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 22നാണ് ജപ്തി നടപ്പാക്കിയത്. 2014ല്‍ ചെക്‌പോസ്റ്റിനായി മഞ്ചേശ്വരത്ത് എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുത്തിരുന്നു. ഇതില്‍ ബങ്കര മഞ്ചേശ്വരം കാളികാംബ പരമേശ്വരി ക്ഷേത്രത്തിന്റെ 1.80 ഏക്കര്‍ സ്ഥലവും ഉള്‍പ്പെടും. ഏറ്റെടുത്ത സ്ഥലത്തിന്റെ 60 ശതമാനം പണം നല്‍കിയെങ്കിലും ബാക്കി തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രഭരണസമിതി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 3,12,85,554 രൂപ നല്‍കാന്‍ ആഗസ്ത് 29ന് കോടതി ഉത്തരവിട്ടിരുന്നു. ഇതു നല്‍കാത്തതിനെ തുടര്‍ന്നാണ്് ഗസ്റ്റ്ഹൗസ് ജപ്തി ചെയ്തത്. ചെക്‌പോസ്റ്റിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ സ്ഥലം തഹസില്‍ദാര്‍ സെന്റിന് 19,000 രൂപയാണ് വില കണക്കാക്കിയിരുന്നത്. എന്നാല്‍, നാലുലക്ഷം രൂപ സെന്റിന് ആവശ്യപ്പെട്ട് ക്ഷേത്രകമ്മിറ്റി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി സെന്റിന് രണ്ടരലക്ഷം രൂപ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. സ്ഥലത്തിന്റെ പണം നല്‍കാന്‍ കാലവിളംബം വരുത്തിയതിനാല്‍ 15 ശതമാനം പലിശ നല്‍കാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. കോടതി ഉത്തരവിനു ശേഷവും പണം നല്‍കാത്തതിനെ തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി കാസര്‍കോട് സബ് കോടതിയെ സമീപിക്കുകയായിരുന്നു. സ്‌പെഷ്യല്‍ തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍, വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയവരെ എതിര്‍കക്ഷിയാക്കി ഫയല്‍ ചെയ്ത കേസിലാണ് അതിഥിമന്ദിരം ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതിയില്‍ പണം കെട്ടിവയ്ക്കാതെ അപ്പീല്‍ അനുവദിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അടുത്ത മാസം 20ന് കോടതിയില്‍ അതിഥിമന്ദിരത്തിന്റെ എല്ലാ രേഖകളും ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ലേലനടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് ക്ഷേത്രകമ്മിറ്റിക്കു വേണ്ടി ഹാജരായ അഡ്വ. മുരളിബള്ളുക്കൂറായ തേജസിനോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss