|    Jun 22 Fri, 2018 10:48 pm
FLASH NEWS

ഏറ്റെടുത്ത സ്ഥലം വേണ്ടെന്ന് റെയില്‍വേ ; ചിങ്ങവനത്തെ 10 വീട്ടുകാര്‍ ദുരിതത്തില്‍

Published : 3rd August 2017 | Posted By: fsq

 

പി കെ അജീഷ്

ചിങ്ങവനം: ഏറ്റെടുത്ത സ്ഥലം റെയില്‍വേ വെണ്ടെന്നു വച്ചതോടെ ചിങ്ങവനത്തെ 10ഓളം വീട്ടുകാര്‍ ദുരിതത്തിലായി. എംസി റോഡില്‍ സെമിനാരിപ്പടി റെയില്‍വേ ഗേറ്റിനു സമീപം താമസിക്കുന്ന വീട്ടുകാരാണ് ഇനി എന്തെന്ന ആശങ്കയുമായി കഴിയുന്നത്. 2011ല്‍ റെയില്‍വേക്കു ഭൂമി വിട്ടു നല്‍കിയ ഇവരുടെ സ്ഥലം വേണ്ടെന്നാണ് റെയില്‍വേയുടെ ഇപ്പോഴത്തെ നിലപാട്. അതേ സമയം റെയില്‍വേ തങ്ങളുടെ വസ്തുവിന്റെ പണം നല്‍കുകയോ തങ്ങള്‍ക്കു പുനരധിവാസം ഒരുക്കുകയോ ചെയ്യണമെന്നാണു വീട്ടുകാരുടെ ആവശ്യം. റെയില്‍വേക്കു സ്ഥലം വിട്ടുകൊടുത്തതിനാല്‍ വീടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍ പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയാണിവര്‍. 2011 മുതല്‍ ഇവരുടെ ആധാരങ്ങള്‍ പോലും റെയില്‍വേയുടെ പക്കലായതിനാല്‍ ബാങ്കുകളില്‍ നിന്നു പണം വായ്പയെടുത്ത് ആവശ്യങ്ങള്‍ നിറവേറ്റാമെന്ന ആഗ്രഹവും പൊലിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ആനുകൂല്യവും ഇവര്‍ക്കു ലഭിച്ചില്ല അധികൃതര്‍ ഇപ്പോള്‍ മലക്കം മറിഞ്ഞതോടെ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നാണ് ഇവരുടെ നിലപാട്. 2011ല്‍ സെന്റിന് 1.33 ലക്ഷം രൂപ നിശ്ചയിച്ചാണ് റെയില്‍വേ ഗേറ്റിന് സമീപത്തുള്ളവരുടെ ഭൂമി ഏറ്റെടുത്തത്. ഈ തുക കൈപ്പറ്റാന്‍ വീട്ടുകാരെ വിളിക്കുന്നതാവട്ടെ 2014ലും. ഈ സമയം കൊണ്ട് ഭൂമി വില സെന്റിന് രണ്ടര ലക്ഷമായി ഉയര്‍ന്നു റെയില്‍വേ നല്‍കുന്ന തുക കൊണ്ട് ഒരു സെന്റ് പോലും കിട്ടാത്ത അവസ്ഥയാണ്. ഇതു മൂലം നിശ്ചയിച്ച തുക പോരെന്ന് പറഞ്ഞ് പലരും പണം വാങ്ങിയില്ല. പിന്നീടും പലവിധ ചര്‍ച്ചകള്‍ നടന്നെങ്കിലും തുക കൂട്ടുന്ന കാര്യത്തില്‍ തീരുമാനമായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുന്‍കൈ എടുത്ത് ചര്‍ച്ച നടത്തിയിരുന്നു റെയില്‍വേ അധികൃതര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ ഇവര്‍ക്ക് വേണ്ടി ആര്‍ ആര്‍ പാക്കേജ് നടപ്പിലാക്കാനും നിര്‍ദേശിച്ചിരുന്നു എന്നാല്‍ ഇതില്‍ പറഞ്ഞ തുക നല്‍കാന്‍ തയ്യാറാകാതെ റെയില്‍വേ പാത ഇരട്ടിപ്പിക്കലിനായി ഇവരുടെ ഭൂമി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. റെയില്‍വേയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനം വന്നതോടെ ഇനി എങ്ങനെ താമസസ്ഥലത്ത് താമസിക്കുമെന്ന ആശങ്കയിലാണിവര്‍ പാത ഇരട്ടിപ്പിക്കുന്നതോടെ പലര്‍ക്കും വീട്ടിലെത്താനുള്ള വഴി പോലും ഇല്ലാതാവും.റെയില്‍വേ ലൈനും ഇവരുടെ വീടുകളും തമ്മിലുള്ള ഉയര്‍ച്ചതാഴ്ച്ച മൂലം മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ടാവും. കൂടുതല്‍ ട്രെയിനുകള്‍ വേഗത്തിലെത്തുന്നതോടെ ട്രെയിനിലെ ടോയ്‌ലറ്റ് മാലിന്യം പോലും ഇവരുടെ പറമ്പുകളിലെത്തും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, വിധവകള്‍, വികലാംഗര്‍ എന്നിവരൊക്കെയാണ് ഈ 10 കുടുംബങ്ങളിലെയും താമസക്കാര്‍.ഭൂരിഭാഗം പേരും പിന്നാക്ക ദലിത് വിഭാഗങ്ങളില്‍ പെട്ടവരും. ഇടക്കിടെ ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഭീഷണി കൂടി കേള്‍ക്കേണ്ട ഗതികേടിലാണ് ഈ ഹതഭാഗ്യര്‍. തങ്ങളുടെ ഭൂമി വേണ്ടെങ്കില്‍ ആ ഭൂമിയില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താനാവില്ലെന്ന നിലപാടിലാണ് വീട്ടുകാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss