|    Feb 24 Fri, 2017 4:34 pm
FLASH NEWS

ഏറ്റുമുട്ടല്‍ ഭാഷ്യം പൊളിയുന്നു

Published : 27th November 2016 | Posted By: mi.ptk

padam-1-blur

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലിനിടയിലാണ് രണ്ട് മാവോവാദികളെ വെടിവച്ചു കൊന്നതെന്ന പോലിസ് ഭാഷ്യം തകരുന്നു. മരിച്ച കുപ്പുദേവരാജനും അജിതയും രോഗികളാണെന്നതിന് കൂടുതല്‍ തെളിവുകള്‍. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഈ വനത്തിലൂടെ ട്രക്കിങ്ങിനുപോയ നാട്ടുകാരായ യുവാക്കളുടെ സംഘം കാലിന് നീരുവന്ന ഒരു സ്ത്രീ കാട്ടില്‍ ഇരിക്കുന്നത് കണ്ടിരുന്നു. കാട്ടിലൂടെ നിരന്തരം നടന്നതിനാലാണ് നീര് വന്നതെന്നാണ് സൂചന. കൈയില്‍ ഊന്നുവടിയേന്തി പതുക്കെ നടന്നിരുന്ന കുപ്പു ദേവരാജന്‍ കുറേക്കാലമായി പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനായിരുന്നു. തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പോലിസ് ഷെഡില്‍നിന്നു ലഭിച്ച ശേഖരങ്ങളില്‍ ധാരാളം മരുന്നുകളും കാലിലെ നീരിനു കെട്ടുന്ന ഓയിന്റ്‌മെന്റും ശീലകളും കണ്ടെത്തിയിരുന്നു. കുപ്പുദേവരാജനും അജിതയും നേര്‍ക്കുനേര്‍ ഇരുന്ന് വിശ്രമിക്കുമ്പോഴാണ് പോലിസിന്റെ ഏകപക്ഷീയമായ വെടിവയ്പുണ്ടായതെന്നു സൂചനയുണ്ട്. ഇവര്‍ക്കാവട്ടെ ഓടിരക്ഷപ്പെടാന്‍ സാധിക്കുമായിരുന്നില്ല. പോലിസ് പുറത്തുവിട്ട ചിത്രങ്ങളില്‍നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്. അജിതയ്ക്ക് പിന്നില്‍നിന്നാണ് വെടിയേറ്റിരിക്കുന്നത്. സിപിഐഎംഎല്‍ കേന്ദ്ര കമ്മിറ്റിയിലെ ബുദ്ധി കേന്ദ്രമായ കുപ്പു ദേവരാജന്‍ സഞ്ചരിക്കുന്നതും ക്യാംപ് ചെയ്യുന്നതും സദാ നാലംഗ സായുധ സംഘത്തിന്റെ കാവലിലാണ.് അജിതയും അങ്ങിനെ തന്നെ. എട്ടുപേര്‍ കാവല്‍ ഉണ്ടായിരുന്നതാണ.് വിശ്രമിക്കുകയായതിനാല്‍ അവര്‍ അല്‍പം അകലെയായിരുന്നു. ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് തണ്ടര്‍ബോള്‍ട്ട് സംഘവും തീവ്രവാദ വിരുദ്ധ പ്രത്യേക സേനയും പതിവുപരിശോധനയ്ക്ക് കാട്ടിലെത്തുന്നത്. ഇരുവരേയും കണ്ടയുടനെ സംഘം വെടിയുതിര്‍ത്തു. വെടിശബ്ദം കേട്ട് തൊട്ടപ്പുറത്തുണ്ടായിരുന്ന സായുധ കാവല്‍ സംഘവും മറ്റ് സംഘാംഗങ്ങളും രക്ഷപ്പെട്ടുവെന്നാണ് സൂചന. ഒരു ഇ റീഡറില്‍ കുപ്പുദേവരാജന്‍ നോക്കിയിരിക്കുമ്പോഴാണ് വെടികൊണ്ടത്. ഈ ഉപകരണം ഓഫാവാത്ത നിലയിലാണ് കണ്ടെടുത്തിട്ടുള്ളത്. രോഗികളായ രണ്ടുപരെയും ജീവനോടെ പിടികൂടാനുള്ള അവസരമാണ് പോലിസ് ഇല്ലാതാക്കിയത്. ഏറ്റുമുട്ടലിന്റെ യാതൊരു ലക്ഷണവും കാണുന്നില്ലെന്നതാണ് മറ്റൊരു കാര്യം. കുറേ ദൂരം കാട്ടില്‍ രക്തപ്പാടുകള്‍ കാണുന്നുണ്ട്. അഞ്ച് ഷെഡുകള്‍ ഉണ്ടെന്ന് പറയുമ്പോഴും അവിടെനിന്ന് എന്തെങ്കിലും ആയുധങ്ങള്‍ ലഭിച്ചതായി പോലിസ് പറയുന്നില്ല. ദേവരാജന്റെ കൈയില്‍ പഴയ ഒരു ജര്‍മന്‍ പിസ്റ്റള്‍ ഉണ്ടായിരുന്നു. അതില്‍നിന്നും ആകെ ഒരു വെടി മാത്രമാണ് പൊട്ടിയിട്ടുള്ളത്. ഏറ്റുമുട്ടല്‍ നടന്നിരുന്നുവെങ്കില്‍ കൂടുതല്‍ വെടി പൊട്ടേണ്ടതും മൃതദേഹങ്ങള്‍ക്കു സമീപം ആയുധങ്ങള്‍ കണ്ടെത്തേണ്ടതുമായിരുന്നു. ഒരു പിസ്റ്റള്‍ മാത്രം ഉപയോഗിച്ച് ദേവരാജന്‍ പോലിസിനെ നേരിട്ടുവെന്നു പറയുന്നത് വിശ്വസിക്കാനാവില്ല. കേരളത്തില്‍ മാവോവാദികളെ കണ്ടാലുടന്‍ വെടിവച്ചുകൊല്ലാന്‍ നിയമമില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലും അതുണ്ടുതാനും. അതിനാല്‍ തന്നെ കേരളം ഇവര്‍ താവളമാക്കിയതില്‍ അസാധാരണമായൊന്നുമില്ല. എന്നുമാത്രമല്ല, ആന്ധ്രയിലും ഛത്തീസ്ഗഡിലും നടക്കുന്നതുപോലെ മാവോവാദികളെ ലക്ഷ്യംവച്ചുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുമില്ല. കാട്ടിലോ മറ്റു സ്ഥലങ്ങളിലോ മാവോവാദികളെ കണ്ടാല്‍ ജീവനോടെ പിടികൂടാനല്ലാതെ വെടിവച്ചുകൊല്ലാന്‍ നിയമമില്ലാത്തതിനാല്‍ അതു മറി കടക്കാനാവാം ഇപ്പോള്‍ പോലിസ് ഏറ്റുമുട്ടല്‍ നടന്നുവെന്ന വാദം ഉന്നയിക്കുന്നത്. കേരളത്തില്‍ സായുധ വിപ്ലവത്തിന് സാധുതയില്ലെന്ന് വളരെ നേരത്തേ തന്നെ മാവോവാദികള്‍ വിലയിരുത്തുകയും അതു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസികളേയോ സാധാരണക്കാരേയോ അവര്‍ പ്രസ്ഥാനത്തിലേക്ക് ക്ഷണിക്കുക പോലും ചെയ്യാറില്ല. അവര്‍ ചൂഷണം ചെയ്യപ്പെടുന്നതിനെപ്പറ്റി കോളനികളില്‍ ക്ലാസെടുക്കുകയും ഭക്ഷണ സാധനങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. വനപാലകരെ വെറുതെ വിട്ട മാവോവാദികള്‍ മുണ്ടക്കടവില്‍ പോലിസിനെ വെടിയുതിര്‍ത്ത് ഭയപ്പെടുത്തുകയായിരുന്നു. അന്ന് വേണമെങ്കില്‍ പോലിസുകാരെ അവര്‍ക്ക് വെടിവച്ചുകൊല്ലാമായിരുന്നു. അതവര്‍ ചെയ്തില്ല. പോലിസ് എന്തെല്ലാമോ ഒളിക്കാനുള്ള ശ്രമങ്ങളിലാണ്. ഏറ്റുമുട്ടലാണെന്ന് സ്ഥാപിക്കാനുള്ള ഒരു തെളിവും പോലിസിന് ഇപ്പോഴും പുറത്തുവിടാനായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 790 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക