|    Feb 28 Tue, 2017 1:13 pm
FLASH NEWS

ഏറ്റുമുട്ടല്‍ കൊല: വിശദീകരിക്കുംതോറും കുരുക്കിലാവുന്ന പോലിസ്

Published : 28th November 2016 | Posted By: SMR

മലപ്പുറം: നിലമ്പൂര്‍ വനത്തിലെ മാവോവാദികളെ  വെടിവച്ചുകൊലപ്പെടുത്തിയത് ഏറ്റുമുട്ടലാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുംതോറും പോലിസ് കുരുക്കിലാവുകയാണ്. ആദ്യദിവസം മുതല്‍ തന്നെ ഈ കുരുക്ക് മുറുകിവരികയായിരുന്നു. തലസ്ഥാനത്ത് ഡിജിപി പറഞ്ഞത് മൂന്നുപേര്‍ മരിച്ചുവെന്നായിരുന്നു. എന്നാല്‍ മലപ്പുറത്തെ പോലിസ് മേധാവികളാവട്ടെ രണ്ടുപേരുടെ മരണംപോലും സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കുപോലും നല്‍കാതെ കരുതലോടെ മൗനത്തിലായിരുന്നു പോലിസ്.
സംഭവം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു. എന്നാല്‍ വൈകുന്നേരം ആറുമണിക്കാണ് തൃശൂര്‍ റേ—ഞ്ച് ഐജി ആര്‍ അജിത്കുമാര്‍ ആദ്യമായി മാധ്യമങ്ങളുമായി വിവരം പങ്കുവച്ചത്. എടക്കര പോലിസ് സ്‌റ്റേഷനില്‍ ഉച്ചമുതല്‍ ക്യാംപ് ചെയ്തിരുന്ന അദ്ദേഹം ആകെ പറഞ്ഞത് രണ്ട് മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും കേരള പോലിസ് മാത്രമാണ് ഓപറേഷനില്‍ പങ്കെടുത്തതെന്നുമാണ്.
വെള്ളിയാഴ്ച രാവിലെ മാധ്യമപ്രവര്‍ത്തകരോട് വെടിവയ്പ്‌നടന്ന സ്ഥലത്തേക്കു പോവാമെന്നു പറഞ്ഞ് വിളിച്ചുവരുത്തിയിട്ടും ആരെയും വനത്തിലേക്കു പ്രവേശിപ്പിച്ചില്ല. വൈകുന്നേരം ഏഴുമണിവരെ ഈ കാത്തുനില്‍പ്പ് തുടര്‍ന്നു. പിന്നീട് മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ എത്തിക്കുന്ന സ്ഥലത്തേക്ക് രണ്ടുപേരെ  മാത്രം കൊണ്ടുപോയി.
ഒളിക്കാന്‍ ഏറെയുള്ളതുകൊണ്ടാണ് സംഭവസ്ഥലത്തേക്കു കൊണ്ടുപോവാതിരുന്നതെന്ന സംശയം ശക്തമാണ്. സംഭവങ്ങളുടെ വിശദാംശങ്ങള്‍ പറയാന്‍ അപ്പോഴും പോലിസ് ഒരുക്കമായിരുന്നില്ല. എല്ലാം മലപ്പുറത്ത് ഡിജിപി നാളെ പറയുമെന്നായിരുന്നു മറുപടി. എന്നാല്‍ ശനിയാഴ്ച നിലമ്പൂര്‍ സിഐ ഓഫിസില്‍ ഗത്യന്തരമില്ലാതെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രനുമാണ് പങ്കെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ വിശദീകരണം നല്‍കിയിട്ടും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പോലിസ് പ്രതിരോധത്തിലാവുകയായിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്നു വ്യക്തമാക്കുന്ന വിശദീകരണമാണ് പോലിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മരിച്ച രണ്ടുപേരും കൂടെയുള്ളവരും പോലിസിനു നേരെ പമ്പ് ആക്ഷന്‍ റൈഫിള്‍ ഉപയോഗിച്ച് വെടിവച്ചുവെന്നാണ് എസ്പി പറഞ്ഞത്. ഒരേസമയം 12 വെടിയുണ്ടകള്‍ ഉതിര്‍ക്കാന്‍ കഴിയുന്ന റൈഫിളാണിത്. എന്നിട്ടും പോലിസ് സേനയിലെ ആര്‍ക്കും പരിക്കേറ്റില്ലേയെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല.
ഏറ്റുമുട്ടല്‍ നടന്നെങ്കില്‍ സംഭവസ്ഥലത്തുനിന്നു കൂടുതല്‍ ആയുധങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. ഒരു ജര്‍മന്‍ റൈഫിളും കിന്റല്‍ ഇ റീഡറും മാത്രമാണു കിട്ടിയിട്ടുള്ളത്. പോലിസ് ബുദ്ധിപരമായി നീങ്ങിയിരുന്നെങ്കില്‍ ദേവരാജിനെയും അജിതയെയും ജീവനോടെ പിടികൂടാന്‍ കഴിയുമായിരുന്നില്ലേയെന്ന ചോദ്യമാണു പല ഭാഗത്തുനിന്നും ഉയരുന്നത്. ഈ രണ്ടുപേരും രോഗബാധിതരായിരുന്നുവെന്നതിനും സ്ഥിരീകരണമായിട്ടുണ്ട്. കൂടുതല്‍ കുഴികളില്‍ ചാടാതിരിക്കാനാണ് പോലിസ് മാധ്യമങ്ങള്‍ക്കു ചെവികൊടുക്കാതിരിക്കുന്നതെന്നാണ് ആക്ഷേപം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day