|    Feb 27 Mon, 2017 10:22 am
FLASH NEWS

ഏറ്റുമുട്ടല്‍ കൊല: ജുഡീഷ്യല്‍ അന്വേഷണം വേണം

Published : 28th November 2016 | Posted By: SMR

നിലമ്പൂര്‍ കരുളായി വനത്തിനുള്ളില്‍ മാവോവാദി നേതാക്കളായ കുപ്പു ദേവരാജും അജിത എന്ന കാവേരിയും വെടിയേറ്റു മരിച്ച സംഭവം കേരളത്തിലെ ജനങ്ങള്‍ വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പോലിസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടയിലാണ് രണ്ടു പേരും കൊല്ലപ്പെട്ടതെന്ന പോലിസ് ഭാഷ്യം ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതുസംബന്ധമായി പുറത്തുവരുന്ന ഓരോ വിവരവും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും പോലിസ് വാദങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു. ലഭ്യമായ വിവരങ്ങള്‍ വച്ച് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നത്, രോഗികളും അവശരുമായിരുന്ന ഇവരുടെ നേരെ നാലുപാടുനിന്നും ഏകപക്ഷീയമായി പോലിസ് വെടിയുണ്ടകള്‍ വര്‍ഷിക്കുകയായിരുന്നു എന്നാണ്. ന്യായീകരണമില്ലാത്ത ഈ അരുംകൊല ഉള്‍ക്കൊള്ളാന്‍ കേരളീയ മനസ്സ് ഇനിയും സന്നദ്ധമായിട്ടില്ല.
ആറു മാസം പിന്നിടുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തിനു ഒരു പൊന്‍തൂവലാണ് ഈ സംഭവമെന്ന് അവര്‍ കരുതില്ലെന്നു പ്രതീക്ഷിക്കാം. സിപിഐയെപ്പോലുള്ള ഘടകകക്ഷികളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമടക്കം ആവശ്യപ്പെട്ടിട്ടുണ്ടെണ്ട്. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന, ഇത്തരം സംഭവങ്ങളില്‍ കോണ്‍ഗ്രസ് ഇതഃപര്യന്തം സ്വീകരിച്ചുവന്ന നിലപാടുകളെ ഓര്‍മിപ്പിക്കുന്നതാണ്. ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന പോലിസ് ഭാഷ്യത്തോടൊപ്പമാണ് അദ്ദേഹം. കേരള ഡിജിപി മാവോവാദികള്‍ക്കെതിരായ നടപടിയില്‍ സംതൃപ്തി രേഖപ്പെടുത്തി രംഗത്തുവന്നതും കാണാതിരിക്കാനാവില്ല. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിന്റെ നിലപാടാണോ ഇതെന്നു വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്.
രാഷ്ട്രീയ എതിരാളികളെ വെടിവച്ചു കൊല്ലുന്നതും കരിനിയമങ്ങള്‍ ചാര്‍ത്തി തുറുങ്കിലടച്ചു നിശ്ശബ്ദമാക്കുന്നതും ഒരു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണ്. ഭരണഘടനാനുസൃതം രാജ്യത്തിന്റെ നിയമവ്യവസ്ഥയനുസരിച്ചു ഭരണനിര്‍വഹണം നടത്തുക എന്ന ഉത്തരവാദിത്തമാണ് ഒരു ജനാധിപത്യ ഭരണകൂടം ജനങ്ങള്‍ക്കു വേണ്ടി ഏറ്റെടുക്കുന്നത്. പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും അന്തസ്സും സംരക്ഷിക്കപ്പെടുകയെന്നതു ജനാധിപത്യത്തിന്റെ പരമപ്രധാനമായ അടിസ്ഥാനങ്ങളില്‍ പെടുന്നു.
നിര്‍ഭാഗ്യവശാല്‍ ജനാധിപത്യം പലര്‍ക്കും അധികാരത്തിലേക്കുള്ള കുറുക്കുവഴി മാത്രമാണ്. അത്തരം അധികാരകേന്ദ്രങ്ങള്‍ പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എക്കാലത്തും ഭീഷണിയായിരിക്കും. സമകാലിക ഇന്ത്യന്‍ സാഹചര്യം അത്തരം ഒട്ടേറെ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. ആ ആശങ്കകള്‍ക്ക് അടിവരയിടുന്ന സംഭവങ്ങള്‍ കേരളത്തിന്റെ മണ്ണിലും അരങ്ങേറുന്നത് അങ്ങേയറ്റം അസ്വാസ്ഥ്യജനകമാണ്. ഒരു ഇടതുപക്ഷ ഭരണകൂടത്തില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇതല്ല. നിലമ്പൂര്‍ സംഭവം വ്യാജമാണെന്നു ജനങ്ങള്‍ വിശ്വസിക്കുന്ന പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും കുറ്റം ചെയ്തവരെ ശിക്ഷിക്കാനും സര്‍ക്കാര്‍ സന്നദ്ധമായേ പറ്റൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day