|    May 26 Sat, 2018 4:20 am

ഏറ്റുമുട്ടല്‍ കൊലയുടെ രാഷ്ട്രീയം

Published : 30th December 2016 | Posted By: G.A.G

ettumuttal

ഫിറോസ് ഹസന്‍
കോഴിക്കോട് മെഡിക്കല്‍കോളേജ്  മോര്‍ച്ചറിയില്‍ രണ്ടു വിപ്ലവകാരികള്‍  ഈ  മഞ്ഞുകാലത്ത് വിറങ്ങലിച്ച് കിടക്കുകയാണ്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം സഖാവ് കുപ്പു ദേവരാജനും സഖാവ് കാവേരിയും.
സഖാവ് വര്‍ഗീസിന്റെ വ്യാജഏറ്റുമുട്ടല്‍ കൊലക്ക്‌ശേഷം നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളില്‍ വീണ്ടും വെടിയൊച്ച മുഴങ്ങുമ്പോള്‍ ചരിത്രം ഒരു കോമാളി ഫലിതംപോലെ ആവര്‍ത്തിക്കപ്പെടുകയായിരുന്നു. പക്ഷേ, ഔദ്യോഗികതയുടെ പുകമറയും ദുരൂഹതയും നിറഞ്ഞ പോലിസ് ഭാഷ്യങ്ങള്‍   അതേപടി  വകവച്ചുകൊടുക്കാന്‍ പൗരാവകാശ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും തയ്യാറായില്ല. സാമൂഹിക മാധ്യമങ്ങളില്‍ അതുണ്ടാക്കിയ പ്രതിഷേധത്തിന്റെ  അലയും ഒട്ടും ചെറുതായിരുന്നില്ല.
mao-8ആന്ധ്രയിലേയും മധ്യേന്ത്യയിലേയും വിദൂരഗ്രാമങ്ങളിലെ നക്‌സലൈറ്റ് സായുധ പോരാട്ടങ്ങള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികക്ക് ഇതുവരെയും കേട്ടുകേള്‍വി മാത്രമായിരുന്നു. വര്‍ഗീസിന്‌ശേഷം പുനഃസംഘടിപ്പിക്കപ്പെട്ട കേരളത്തിലെ പല നക്‌സലേറ്റ് ഗ്രൂപ്പുകളും പ്രായോഗികമായി സായുധസമരത്തെ ഉള്‍ക്കൊണ്ടിരുന്നവരായിരുന്നില്ല എന്നത്തന്നെയായിരുന്നു ഇതിന്റെ കാരണം. ഒരേസമയംതന്നെ പാര്‍ലമെന്ററി  ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുകയും അതോടൊപ്പംതന്നെ സായുധ ദളങ്ങള്‍ രൂപീകരിച്ച് സായുധ സമരത്തിന്റെ മാര്‍ഗത്തില്‍ മുന്നോട്ട് പോയിരുന്ന സിപിഐ (എംഎല്‍) ജനശക്തിയും സായുധസമരം മുഖ്യ അജണ്ടയായി കണക്കാക്കിയിരുന്ന സിപിഐ (എംഎല്‍) നക്‌സല്‍ബാരിയും കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും അവര്‍ക്കാര്‍ക്കും കേരളത്തില്‍ ഒരു സായുധസമരമുറ പ്രായോഗികമായി കെട്ടിപ്പടുക്കാന്‍ ആയില്ല. തൊണ്ണൂറുകളുടെ മധ്യത്തോടെ സിപിഐ (എംഎല്‍) പീപിള്‍സ്‌വാറും കേരളത്തില്‍ പ്രവര്‍ത്തനം  ആരംഭിച്ചിരുന്നെങ്കിലും അവര്‍ക്കും അങ്ങിനെയൊരു പദ്ധതി രൂപപ്പെടുത്താന്‍  കഴിഞ്ഞിരുന്നില്ല.
അതേസമയം ആന്ധ്ര, ചത്തീസ്ഗഢ്, ഒറീസ, മഹാരാഷ്ട്ര തുടങ്ങി ദണ്ഡകാരണ്യ വനപ്രദേശം കേന്ദ്രീകരിച്ചു വിപുലമായ പ്രവര്‍ത്തനമേഖലയുണ്ടായിരുന്ന സിപിഐ (എംഎല്‍) പീപിള്‍സ് വാറും ബീഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ചു ചേര്‍ന്ന്  രണ്ടായിരത്തി നാലില്‍ അഖിലേന്ത്യാതലത്തില്‍ സിപിഐ (മാവോയിസ്റ്റ്) എന്ന പാര്‍ട്ടി രൂപീകരിച്ചതോടെ ഇന്ത്യയിലെ പോരാടുന്ന കമ്മ്യൂണിസ്റ്റുകളുടെ ഒരു ഏകീകൃത കമാന്റ് കൂടിയാണ് രൂപം കൊണ്ടത്. ഇതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സായുധ സമര അജണ്ട വീണ്ടും സജീവമാകുന്നത്.
mao12002 മുതല്‍തന്നെ സിപിഐ (എംഎല്‍) പീപ്പിള്‍സ് വാര്‍ കര്‍ണ്ണാടക കേന്ദ്രീകരിച്ച് സാകേത് രാജന്റെ നേതൃത്വത്തില്‍ സായുധ ദളങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു എന്നതൊഴിച്ചാല്‍ ഈ മേഖലയില്‍ പറയത്തക്ക പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. മദ്ധ്യേന്ത്യയിലെ രൂക്ഷമായ സൈനിക അടിച്ചമര്‍ത്തലിനെ അതിജീവിക്കുന്നതിനായി പശ്ചിമഘട്ട മലനിരകള്‍ കേന്ദ്രീകരിച്ച് പുതിയൊരു യുദ്ധമുഖം തുറക്കുന്നതിന് മാവോയിസ്റ്റ് പാര്‍ട്ടി നിര്‍ബന്ധിതരായിരുന്നു എന്നും അനുമാനിക്കാം. അങ്ങിനെയാണ് 2013ല്‍  കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക അതിര്‍ത്തിയായ ട്രൈ ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പക്ഷേ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റുകളുടെ ഭാഗത്ത്‌നിന്നും പറയത്തക്ക പ്രകോപനമോ അക്രമങ്ങളോ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. പോലിസിന്റെ ഭാഗത്ത്‌നിന്നും വലിയ അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. രാഷ്ട്രീയ നേത്രുത്വം അതിന് അനുമതി കൊടുത്തിരുന്നില്ല എന്ന് പറയുന്നതാവും ശരി. അത്തരം ഒരു ആക്രമണത്തിന് തുടക്കമിട്ടാല്‍ ഉണ്ടായേക്കാവുന്ന വരുംവരായ്കകളെപ്പറ്റിയുള്ള ബോധ്യങ്ങള്‍തന്നെയാവണം കോണ്‍ഗ്രസ്സ് നേത്രുത്വം കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അങ്ങിനെയൊരു സാഹസികതക്ക് മുതിരാതിരുന്നത്. പരസ്പരം അക്രമിക്കാതിരിക്കാന്‍ ഇരുകൂട്ടരും ശ്രദ്ധിച്ചിരുന്നു എന്നു പറയുന്നതാവും കൂടുതല്‍  ശരി.

mao-2
പക്ഷേ ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം ഒരുമാസം മുന്‍പ് മാവോവാദികളെ കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവ് അഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ പോലിസിന് നല്‍കുകയായിരുന്നു. അങ്ങിനെ പശ്ചിമഘട്ട മലനിരകളില്‍ ആദ്യ രക്തം ചിന്തിക്കൊണ്ട് സര്‍ക്കാര്‍തന്നെ സായുധ സംഘര്‍ഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഭരണകൂടത്തെക്കൊണ്ട്തന്നെ ആദ്യവെടി പൊട്ടിക്കുക വഴി മാവോയിസ്റ്റുകളുടെ സൈനിക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കുന്നതിനായുള്ള ധാര്‍മ്മിക വിജയമാണ് അവര്‍  നേടിയിരിക്കുന്നത്.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയില്‍ തുടക്കം മുതലേ തന്നെ രണ്ടു ധാരകള്‍ സജീവമായിരുന്നു. സോഷ്യലിസ്റ്റ് വിപ്ലവത്തെ മുന്നോട്ട് വെക്കുന്ന റഷ്യന്‍ മാതൃക പിന്തുടരുന്നവരും പുത്തന്‍ ജനാധിപത്യ വിപ്ലവത്തെ മുന്നോട്ടു വെക്കുന്ന ചൈനീസ് പാത പിന്തുടരുന്നവരും. പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയില്‍ അടക്കം പങ്കെടുക്കുകയും നഗരങ്ങള്‍ കേന്ദ്രീകരിച്ച് തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടി കെട്ടിപടുക്കുകയും അനുകൂല സാഹചര്യത്തില്‍ ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെ ഭരണകൂടത്തെ അട്ടിമറിച്ച് വിപ്ലവം സാധ്യമാക്കുകയെന്നതായിരുന്നു റഷ്യന്‍ മാതൃകയെങ്കില്‍ പുത്തന്‍ ജനാധിപത്യത്തെ മുന്നോട്ടു വെക്കുന്ന കാര്‍ഷിക വിപ്ലവത്തിന്‍ന്റെ നീണ്ടു നില്‍ക്കുന്ന ജനകീയ യുദ്ധത്തിന്റെതാണ് മാവോയുടെ ചൈനീസ് വിപ്ലവ പാത.
ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഒട്ടുമിക്കവയും അതായത് വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സിപിഐയും സിപിഐഎമ്മും ഉള്‍പ്പെടെയുള്ളവ എല്ലാംതന്നെ ഈ ആശയപാത തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളവര്‍  ആണെന്നതാണ് സത്യം. സിപിഐ ദേശീയ ജനാധിപത്യ വിപ്ലവം എന്നും സിപിഐ (എം) ജനകീയ ജനാധിപത്യ വിപ്ലവം എന്നും വിളിക്കുമ്പോള്‍ വ്യത്യസ്ത  നക്‌സലൈറ്റ് പാര്‍ട്ടികള്‍ ഇതിനെ പുത്തന്‍ ജനാധിപത്യ വിപ്ലവം എന്നാണ് വിശേഷിപ്പിച്ചു പോരുന്നത്. ഇന്ത്യയിലെ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലെന്നും അടിസ്ഥാനപരമായി ഇന്നും ജന്മിത്ത നാടുവാഴിത്ത വ്യവസ്ഥിതി തന്നെയാണ് ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്നത് എന്നുമുള്ള  വിലയിരുത്തല്‍ തന്നെയാണ് ഇവരെല്ലാം പൊതുവായി പങ്കുവെക്കുന്നത് എന്നതാണ് ഇതിനു കാരണം. ഇവരാരുംതന്നെ ജനകീയ യുദ്ധത്തെ പ്രായോഗികമായി സമീപിച്ചിട്ടില്ല എന്ന് മാത്രം.

mao-3
വര്‍ഗ വൈരുധ്യം രൂക്ഷമായതും ഭരണകൂടത്തിന്റെ കേന്ദ്രീകരണം കുറഞ്ഞതുമായ വിദൂര ഗ്രാമപ്രദേശങ്ങളും പര്‍വ്വത പ്രദേശങ്ങളും വനപ്രദേശങ്ങളുമായാണ് ജനകീയയുദ്ധം കെട്ടിപ്പടുക്കുവാനുള്ള തന്ത്രപ്രധാനമായ മേഖലകളായി ഇന്ത്യയിലെ നക്‌സലൈറ്റ്/മാവോയിസ്റ്റ് പാര്‍ട്ടികള്‍ കണക്കാക്കിയിട്ടുള്ളത്. അവിടം കേന്ദ്രമാക്കി ജനകീയ സൈന്യത്തെ പടുത്തുയര്‍ത്തുകയും ഗ്രാമപ്രദേശങ്ങളെ വിമോചിത മേഖലയാക്കി അവിടെനിന്നുള്ള സൈനിക നീക്കങ്ങളിലൂടെ അന്തിമമായി നഗരപ്രദേശങ്ങളെ വലയം ചെയ്തു കീഴടക്കുക എന്നതാണ് ഇത്തരം പാര്‍ട്ടികളുടെ വിപ്ലവ പദ്ധതി. അങ്ങിനെയാണ് ആന്ധ്രയിലെ കാര്‍ഷിക മേഖലകളിലും ഗ്രാമങ്ങളിലും വേരുണ്ടായിരുന്ന വിപ്ലവ പ്രസ്ഥാനം പിന്നീട് ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ ആദിവാസി സംസ്ഥാനങ്ങളില്‍ ശക്തിയാര്‍ജിക്കുന്നത്. എഴുപതുകളുടെ അവസാനത്തോടെയാണ്  നക്‌സലൈറ്റുകള്‍ ഈ മേഖലയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്. പ്രാദേശിക ഭൂസ്വാമിമാരുടേയും കരാര്‍ മുതലാളിമാരുടേയും കൊടിയ ചൂഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരുന്ന ആദിവാസി ജനത നക്‌സലൈറ്റുകളെ തങ്ങളുടെ രക്ഷകരായി കണ്ടു എന്നത് വളരെ സ്വാഭാവികം മാത്രമായിരുന്നു. തൊണ്ണൂറുകളുടെ ആദ്യത്തോടെ ആരംഭിച്ച നവലിബറല്‍ സാമ്പത്തിക നയങ്ങളെ തുടര്‍ന്ന്  ഇവിടത്തെ വമ്പിച്ച ധാതു നിക്ഷേപങ്ങളില്‍ വന്‍കിട കോര്‍പ്പറേറ്റ് ഖനന മാഫിയകളുടെ താല്‍പര്യങ്ങള്‍ കൂടെ പതിഞ്ഞതോടെ ആദിവാസികളുടെ ദുരിതകാലം ആരംഭിക്കുകയായിരുന്നു. എസ്ആര്‍, വേദാന്ത, മിത്തല്‍, റ്റാറ്റ, അദാനി തുടങ്ങി നിരവധി കോര്‍പറേറ്റുകള്‍ ഇവിടത്തെ ധാതുസമ്പത്ത് ഖനനം ചെയ്‌തെടുക്കുവാനുള്ള ഏകദേശം നാലുലക്ഷം കോടിയിലേറെ വരുന്ന കരാറുകളാണ് സര്‍ക്കാറുമായി ഒപ്പുവെച്ചിട്ടുള്ളത്.

അതേസമയം പദ്ധതികള്‍ നടപ്പാക്കുന്നതിനായി ആദിവാസികളെകുടിയൊഴിപ്പിച്ചെടുക്കുന്നതിന് ഇന്ന് മാവോയിസ്റ്റുകള്‍തന്നെയാണ് സര്‍ക്കാരിനും കോര്‍പറേറ്റുകള്‍ക്കും ഏറ്റവും വലിയ തടസ്സം. വന്‍തോതിലുള്ള സൈനികവിന്യാസങ്ങളും അടിച്ചമര്‍ത്തലുകളുമാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന വിളിപ്പേരുള്ള ഈ സൈനിക നടപടി മദ്ധ്യേന്ത്യയെ ആകെത്തന്നെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുകയാണുണ്ടായത്. കൊച്ചുകുട്ടികളും സ്ത്രീകളും അടക്കമുള്ള നിരവധി ആദിവാസികള്‍ ഇതിന്റെ ഭാഗമായി കൊലചെയ്യപ്പെടുകയുണ്ടായി. മുപ്പതിനായിരത്തോളം ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിക്കപ്പെടുകയും അന്‍പതിനായിരത്തിലേറെ ആദിവാസികള്‍ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെടുകയുമുണ്ടായി. ഒരുലക്ഷത്തിലേറെ ആദിവാസികള്‍ വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് കാടുകളില്‍ അലയാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു.
2005 മുതല്‍ 2008 വരെ നീണ്ടുനിന്ന സാല്‍വാജൂഡം എന്ന മാവോയിസ്റ്റ് വിരുദ്ധ കാമ്പയിന്റെ ഭാഗമായിട്ടാണ് ഈ അക്രമങ്ങള്‍ അരങ്ങേറിയത്. 1,500 രൂപ മാസ വേതനം നല്‍കി റിക്രൂട്ട് ചെയ്ത ആദിവാസി യുവാക്കളെ വച്ച്  മഹേന്ദ്രകര്‍മ്മ എന്ന കോണ്‍ഗ്രസ് നേതാവായിരുന്നു ഇതിനു നേതൃത്വം കൊടുത്തത്. മഹേന്ദ്രകര്‍മ്മയെ മാവോയിസ്റ്റുകള്‍ പിന്നീട് കൊലപ്പെടുത്തി. സുപ്രീംകോടതി ഇടപെടലിലൂടെ സാല്‍വജൂഡം സര്‍ക്കാര്‍ പിരിച്ചുവിട്ടെങ്കിലും അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നു.
മുവ്വായിരത്തിലേറെ പേര്‍ കൊലചെയ്യപ്പെടുകയും പതിനായിരത്തിലധികം പേരെ കാണാതാവുകയും ചെയ്ത തെലങ്കാന കാര്‍ഷിക കലാപത്തിന് ശേഷം 1967ല്‍ നക്‌സല്‍ബാരി കലാപത്തോടെയാണ് വിപ്ലവകാരികള്‍ ആന്ധ്രയില്‍ വീണ്ടും  സജീവമാകുന്നതും ഒപ്പം പോലിസിന്റെ വ്യാജ ഏറ്റുമുട്ടല്‍ ചരിത്രം പുനരാരഭിക്കുന്നതും.

mao-4ഇന്ത്യ ആദ്യമായി ഇസ്രായേല്‍ ചാര സംഘടനയായ മൊസാദുമായി കൈ കോര്‍ക്കുന്നതും ഇതോടെയാണ്. ശ്രീകാകുളം കാര്‍ഷിക കലാപത്തെ തുടര്‍ന്ന് സിപിഐ (എംഎല്‍) നേതാവായിരുന്ന പ്രശാന്തി കൃഷ്ണമൂര്‍ത്തിയെ ആന്ധ്ര പോലിസ് സംബാഡ റെയില്‍വേസ്റ്റേഷനില്‍ വച്ചാണ് അറസ്റ്റു ചെയ്യുന്നത്. പോലിസ് ആ വിവരം അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന ജര്‍ഗാം വെംഗല റാവുവിനെ അറിയിച്ചു. ‘കൊന്നുകളഞ്ഞേക്കൂ’ എന്നാണ് അവിടെനിന്നും മറുപടി  ലഭിച്ചത്. ഒരു ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ തിരക്കഥ മെനഞ്ഞെടുക്കാന്‍ പിന്നീട് അധികം നേരം വേണ്ടിവന്നില്ല. പോലിസ് അന്ന് തയ്യാറാക്കിയ തിരക്കഥയുടെ അതേ പതിപ്പുകള്‍തന്നെയാണ് പിന്നീട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം നടന്ന എല്ലാ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെയും എഫ്‌ഐആര്‍  ആയത്.
അവിടന്നങ്ങോട്ട് നിരവധിയായ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കാണ് ആന്ധ്രപ്രദേശ് സാക്ഷ്യം വഹിച്ചത്. ഇക്കാലയളവില്‍ പോലിസിന്റെ കൊലകള്‍ക്ക് ഇരയാക്കപ്പെട്ടവരില്‍ സാധാരണ കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, കവികള്‍, കലാകാരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ‘ഉദയം’ തെലുങ്ക് ദിനപത്രത്തിന്റെ ലേഖകനായിരുന്ന ഗുലാം റസൂല്‍ പോലിസും ഭൂമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കഥ വെളിച്ചത്തു കൊണ്ടുവന്നതിനാണ് ഹൈദരാബാദില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടത്. ലേഖനവുമായി ബന്ധപ്പെട്ട് അവിടത്തെ ഡിവൈഎസ്പിയുമായി ഒരു വാക്കുതര്‍ക്കം ഉണ്ടാവുകയും രണ്ട് ദിവസത്തിനുള്ളില്‍ ഗുലാം റസൂല്‍ കൊലചെയ്യപ്പെടുകയുമാണുണ്ടായത്. റസൂലിനെ പോലീസ്‌കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോകുന്നതിന് ദൃക്‌സാക്ഷികൂടിയായിരുന്ന സഹപ്രവര്‍ത്തകനും വിജയപ്രസാദ് റാവുവും വൈകാതെതന്നെ കൊലചെയ്യപ്പെട്ടു. സിപിഐ (എംഎല്‍) പീപിള്‍സ് വാറിന്റെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ആയിരുന്ന ശ്യാം, മഹേഷ്, മുരളി എന്നിവരെ ബാംഗ്ലുരില്‍ നിന്ന് അറസ്റ്റ്‌ചെയ്ത ആന്ധ്ര പോലിസ് കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും കൊയ്യൂര്‍ വനത്തില്‍ കൊണ്ടുപോയി കൊലചെയ്യുകയുമായിരുന്നു. കൊയ്യൂര്‍ വനത്തില്‍വച്ചുതന്നെയാണ് കൊലചെയ്യപ്പെട്ടത് എന്ന് തെളിവുണ്ടാക്കാനായി തദ്ദേശീയനായ ഒരു ഗ്രാമീണനെകൂടി പോലിസ് കൊലപ്പെടുത്തി എന്നറിയുമ്പോഴാണ് ഭരണകൂടഭീകരത എത്രമാത്രം ഭയാനകമാണ് എന്ന് നമുക്ക് മനസ്സിലാവുക. ഈ കൊടുംപാതകത്തിന് നേതൃത്വം കൊടുത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥനെ ശൗര്യചക്ര നല്‍കിക്കൊണ്ടാണ് രാഷ്ട്രം ആദരിച്ചത് എന്നുകൂടി കൂട്ടി വായിക്കണം. മെഹബൂബ് നഗറില്‍ ടെലഫോണ്‍ ബൂത്ത് നടത്തിയിരുന്ന വികലാംഗനെ പോലിസ് വെടിവെച്ചു കൊന്നത് 2003ല്‍ ആണ്.
ഒരു കാരണവശാലും ഇന്ത്യന്‍ ഭരണഘടനയോ ഇന്ത്യന്‍ പീനല്‍ കോഡോ കുറ്റവാളിയെ ശിക്ഷിക്കുവാനോ കൊലപ്പെടുത്തുവാനോ പോലിസിന് അനുമതി നല്‍കുന്നില്ല. കസ്റ്റഡിയില്‍ എടുത്തു കോടതിയില്‍ ഹാജരാക്കുവാനേ അനുമതിയുള്ളൂ. അക്രമാസക്തരായ ജനക്കൂട്ടത്തിനെതിരെപോലും ഒരു ജില്ലാ മജിസ്‌ട്രേറ്റ്തലത്തിലുള്ള ഉദ്യോഗസ്ഥനേ വെടിയുതിര്‍ക്കാന്‍ ആജ്ഞ നല്‍കാന്‍ കഴിയൂ. അതും അരക്ക് താഴേ മാത്രം. അഥവാ കൊല നടത്തിയാല്‍ 1983ലെ സുപ്രീംകോടതി വിധിയനുസരിച്ച് ഭരണഘടനയുടെ 21ാം ആര്‍ട്ടിക്കിള്‍ പ്രകാരം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തേണ്ടാതാണ്. പക്ഷേ, ഇതെല്ലാം കടലാസില്‍ ആണെന്ന് മാത്രം. ഐപിസി 100, 300 പ്രകാരമുള്ള സ്വയം പ്രധിരോധിക്കാനുള്ള പൗരന്റെ അവകാശം എന്ന വകുപ്പ് ഉപയോഗപ്പെടുത്തിയാണ് പോലിസിന്റെ ഈ എക്‌സ്ട്രാ ജുഡീഷ്യല്‍ ആക്ടിവിസം നടപ്പിലാക്കുന്നത്. ഈ വകുപ്പ് പ്രകാരം ഏതൊരു  ഇന്ത്യന്‍ പൗരനും സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനായി സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉണ്ട്. ഈ വകുപ്പ്തന്നെയാണ് പോലിസ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കായി  ദുരുപയോഗം ചെയ്യുന്നത് എന്നതാണ് വിരോധാഭാസം.
കേരളത്തിലെ മാവോയിസ്റ്റ് പദ്ധതികളെ അടിച്ചമര്‍ത്താനുള്ള ചരിത്രപരമായ നിയോഗം ഏറ്റെടുത്തിരിക്കുന്നത് സിപിഐ (എം) നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ആണെന്നത് വിരോധാഭാസമായി തോന്നാവുന്നതാണ്. എട്ടു സ്ത്രീകളെയും രണ്ടു കുട്ടികളെയും വെടിവച്ചുകൊന്നുകൊണ്ട് നക്‌സല്‍ബാരി കാര്‍ഷിക കലാപത്തെ അടിച്ചമര്‍ത്തിയത് ജ്യോതിബസു ബംഗാള്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍തന്നെയായിരുന്നു. അക്കാലത്ത് ‘ഗോ ടു വില്ലേജ്’ കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ഥികളും ചെറുപ്പക്കാരുമാണ് പൊലിസിന്റെയും സിപിഎം കേഡര്‍മാരുടെയും കൈകള്‍ക്കൊണ്ട് കൊലചെയ്യപ്പെട്ടത്.
ലാല്‍ഘഡ്, സിംഗൂര്‍, നന്ദിഗ്രാം ഉള്‍പ്പെടെയുള്ള  ജനകീയ സമരങ്ങളെ സിപിഎം അടിച്ചമര്‍ത്തിയിരുന്നത് പോലിസിനെ മാത്രം ഉപയോഗിച്ചായിരുന്നില്ല ‘ഹര്മാദ് ബാഹിനി’ എന്ന സിപിഎമ്മിന്റെ സ്വകാര്യ സേനയെകൂടി രംഗത്തിറക്കികൊണ്ടായിരുന്നു. പക്ഷേ, ഇത്തവണ മാവോയിസ്റ്റുകളുടെ തിരിച്ചടിയില്‍ നിരവധി സിപിഎം കേഡര്‍മാര്‍ കൊല്ലപ്പെട്ടു. ആ പ്രക്രിയ ഭരണത്തില്‍നിന്നുമാത്രമല്ല പശ്ചിമ ബംഗാളില്‍നിന്നുതന്നെ സിപിഎമ്മിനെ തുടച്ചു നീക്കുന്നതിലാണ് കൊണ്ടുചെന്നെത്തിച്ചത്.
ഏതാണ്ട് സമാനമായ രാഷ്ട്രീയ സാഹചര്യംതന്നെയാണ് ഇപ്പോള്‍ കേരളത്തിലും നിലനില്‍ക്കുന്നതെന്ന് പറയാം. ഭരണകൂടത്തോട് കൂടുതല്‍ ഭയഭക്തിയും വിധേയത്വവും അനുസരണയുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനായി രൂപംകൊടുത്ത ‘സ്റ്റുഡന്‍സ് പോലിസ് കേഡറ്റ്’, അധികാര പ്രയോഗത്തെ താഴേത്തട്ടിലേക്ക്കൂടി വിപുലപ്പെടുത്താനായി രൂപംകൊടുത്ത ‘കമ്മ്യൂണിറ്റി പോലിസ്’ സംവിധാനങ്ങള്‍ നടപ്പിലാക്കിക്കൊണ്ട്  ഫാഷിസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലംമുതല്‍ക്കെതന്നെ തെളിയിച്ചിട്ടുള്ളതാണ്.

mao-7
കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഒരു നെടുംകൊട്ടപോലെ പ്രകൃതി കെട്ടിയുയര്‍ത്തിയിട്ടുള്ള ഹരിത നിബിഡമായ പശ്ചിമഘട്ടമലനിരകളെ സമീപഭാവിയില്‍തന്നെ  തകര്‍ത്തെറിയുന്ന രീതിയിലാണ് സര്‍ക്കാരും കോറിമാഫിയകളും ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വരുന്ന ഇരുപതു വര്‍ഷത്തിനകംതന്നെ കേരളത്തിലെ മഴ തന്നെ നിലച്ചു പോകുന്നതരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. പ്രാദേശികമായി ഇവിടങ്ങളിലൊക്കെതന്നെ ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ ആണ് പതിവ്. സ്വാഭാവികമായും ജനങ്ങളുടെ ഈ നിസ്സഹായാവസ്ഥയില്‍ അവര്‍ മാവോയിസ്റ്റുകളെ പിന്തുണക്കുന്നതില്‍ തെറ്റില്ല.
നിലമ്പൂര്‍ കരുളായിയിലെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രഥമ ദൃഷ്ടിയില്‍തന്നെ ഒരുപാട് ദുരൂഹതകള്‍ ഉള്ളതിനാല്‍ അതില്‍ ജ്യുഡിഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രീതിയില്‍ പ്രധിഷേധിച്ച ഗ്രോ വാസു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം മുപ്പതോളം പേരെ അറസ്റ്റ്‌ചെയ്തു കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതായത് ജനാധിപത്യ വാദികളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ന്യായമായ ആവശ്യങ്ങള്‍ ഭരണകൂടം അവഗണിച്ചിരിക്കുന്നു.

mao-5
മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്നത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നമാണ് എന്നും അതിന്നു മറുപടി ഒരിക്കലും സൈനിക നടപടിയല്ല എന്നുമാണ് കാലങ്ങളായി ഇന്ത്യയിലെ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഹിമാന്‍ശുകുമാര്‍ അടക്കമുള്ള നിരവധി ഗാന്ധിയന്മാരും മാവോയിസ്റ്റുകളോട് ജനാധിപത്യ രീതിയിലുള്ള ചര്‍ച്ചക്കാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം ഭരണകൂട ഭീകരത അഴിച്ചുവിട്ടുകൊണ്ട് മാവോയിസ്റ്റുകളെ തടയാം എന്ന് വ്യാമോഹിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍നയം കേരളത്തെ ഒരു സംഘര്‍ഷ ഭൂമികയാക്കി മാറ്റുവാനേ സഹായിക്കൂ. ഇനിയൊരു രാജനെ കേരള ജനത ആഗ്രഹിക്കുന്നില്ല. ഇനിയൊരു വര്‍ക്കല വിജയനേയും ഉരുട്ടിക്കൊല്ലാന്‍ പോലിസിനെ അനുവദിച്ചുകൂടാ. ഇനി ഒരു വര്‍ഗ്ഗീസിനെക്കൂടി വെടിവച്ചിടാന്‍ ഉത്തരവ് കൊടുക്കുന്ന മുഖ്യമന്ത്രിമാര്‍ക്കും ആഭ്യന്തരമന്ത്രിമാര്‍ക്കും ചരിത്രം മാപ്പുതരില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നീതി കാത്തുകിടക്കുന്ന ആ രണ്ട് മൃതശരീരങ്ങള്‍ അതാണ് നിശബ്ദമായി മലയാളികളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss