|    Feb 26 Sun, 2017 2:22 am
FLASH NEWS

ഏറ്റുമുട്ടല്‍ക്കൊലയുടെ പരീക്ഷണശാല

Published : 4th November 2016 | Posted By: SMR

slug-a-bഏതു കൊടുംകുറ്റവാളിക്കും നീതിന്യായ വിചാരണ അവകാശമായി അംഗീകരിച്ചിട്ടുള്ള നാടാണ് നമ്മുടേത്. വിദേശത്തുനിന്ന് കടന്നുകയറി ആക്രമണം നടത്തിയ അജ്മല്‍ കസബിനുപോലും ടി അവകാശം അനുവദിച്ചെന്ന് വമ്പുപറയുന്നവരാണ് നാം. എന്നിരിക്കെ കേവലം വിചാരണത്തടവുകാര്‍ മാത്രമായവരെ കൂളായി വകവരുത്തിയിട്ട് അതിന്‍മേല്‍ അന്വേഷണം പോലും വേണ്ടെന്നു ഭരണകൂടം ശഠിച്ചാല്‍ എന്താണു മനസ്സിലാക്കേണ്ടത്?
എന്‍കൗണ്ടര്‍ കൊല പരിപാടി തുടങ്ങിയത് കെ പി എസ് ഗില്‍ പഞ്ചാബ് പോലിസ് മൂപ്പനായിരിക്കെയാണ് (അതിനു മുമ്പ് ഒറ്റയ്ക്കും തെറ്റയ്ക്കുമൊക്കെ സംഗതി അരങ്ങേറിയിരുന്നു.) ഖലിസ്ഥാന്‍ വാദം മൂര്‍ധന്യത്തിലായിരിക്കെ പ്രതിരോധമന്ത്രി ശരത് പവാര്‍ ഇസ്രായേലുമായുണ്ടാക്കിയ ചില ധാരണകള്‍പ്രകാരം പഞ്ചാബ് പോലിസിലെ ഒരു സംഘത്തിന് മൊസാദ് പരിശീലനം നല്‍കുന്നു. തുടര്‍ന്ന്, പഞ്ചാബില്‍ ഏറ്റുമുട്ടല്‍ക്കൊലകള്‍ വ്യാപകമാവുന്നു. കീഴടങ്ങിയാലും ഇല്ലെങ്കിലും ഖലിസ്ഥാന്‍വാദക്കാരെ കോടതിയിലെത്തിക്കാതെ തല്‍ക്ഷണം തട്ടിക്കളയുന്ന പരിപാടി. ഈ വ്യാജ ഏറ്റുമുട്ടല്‍ കലാപരിപാടിയില്‍പ്പെട്ട് ജീവന്‍ പോയ നിരവധി സാധാരണ പൗരന്മാരുമുണ്ടായി എന്നതൊന്നും ഭരണകൂടത്തിനു പ്രശ്‌നമായില്ല. മറിച്ച്, ഖലിസ്ഥാന്‍വാദത്തിന് കര്‍ട്ടനിടുവിക്കാന്‍ ഈ അഭ്യാസംകൊണ്ടു സാധിച്ചു എന്ന ന്യായത്തില്‍ സംഗതിക്കൊരു പൊതുസമ്മതി തരപ്പെടുത്തുകയായിരുന്നു ഇംഗിതം. മാധ്യമങ്ങളും ഈ ഇംഗിതത്തിനു കുടപിടിച്ചതോടെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തരം പോലെ ‘എന്‍കൗണ്ടര്‍’ സാഹിത്യമിറക്കിത്തുടങ്ങി; സ്വന്തം അജണ്ടകള്‍ക്കുവേണ്ടി ആളുകളെ തട്ടുക, എന്നിട്ടതിന് രാജ്യരക്ഷയുടെ മറപിടിക്കുക. നരേന്ദ്ര മോദി വാഴുംകാലം ഗുജറാത്ത് പോലിസ് അതൊരു നാട്ടുനടപ്പാക്കി വികസിപ്പിച്ചു.
മധ്യപ്രദേശാണ് അടുത്ത ലാബ് എന്നു കുറേക്കാലമായി സൂചനകള്‍ വരുന്നുണ്ടായിരുന്നു. ഒന്നരപ്പതിറ്റാണ്ടായി ബിജെപി ഭരണകൂടം നടത്തിവരുന്ന പരീക്ഷണയജ്ഞം. അതിന്റെ ഏറ്റവും പുതിയ ഐറ്റം നമ്പറാണ് ഭോപാല്‍ ജയിലിലെ എട്ടു വിചാരണത്തടവുകാരുടെ കൂട്ടക്കൊല.
കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ‘സിമി’ കേസില്‍ വിചാരണ നേരിടുന്ന എട്ടു പ്രതികള്‍ ജയില്‍ ചാടിയതായി പോലിസ് അറിയിക്കുന്ന രീതിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. രാവിലെ 11 മണിക്ക് പത്രസമ്മേളനം വഴിയാണ് ജയില്‍ചാട്ടവും കൂട്ടക്കൊലയും പുറത്തറിയിക്കുന്നത്. ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനെ പ്രതികള്‍ സ്റ്റീല്‍ പാത്രവും വെള്ളം കുടിക്കാനുള്ള ഗ്ലാസും കൊണ്ട് കൊന്നെന്നും തുടര്‍ന്ന് രക്ഷപ്പെട്ടെന്നുമാണ് വിവരണം. രാജ്യത്ത് ഏറ്റവും കനത്ത ബന്തവസ്സുള്ള സെന്‍ട്രല്‍ ജയിലുകളിലൊന്നാണിതെന്ന് ഓര്‍ക്കണം. ജയില്‍ചാട്ടം നില്‍ക്കട്ടെ. പ്രതികളുടെ പക്കലുള്ള ‘ആയുധം’ സ്റ്റീല്‍ പിഞ്ഞാണവും ഗ്ലാസുമാണെന്ന് പോലിസ് തന്നെ പറയുന്നു. ഈ ‘സായുധ’സംഘത്തെ രാവിലെ എട്ടുമണിക്കകം പോലിസ് വെടിവച്ചുകൊല്ലുന്നു; അതും ജയിലിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വച്ച്. അതിന്റെ വിവരണമാണ് കെങ്കേമം.
പ്രതികളെല്ലാം തട്ടിപ്പോയത് ഏറ്റുമുട്ടലിനിടെയാണെന്നു പോലിസ് സമ്മതിക്കുന്നു. ചാടിപ്പോയവരെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വെടിയുതിര്‍ത്തെന്ന്. അപ്പോള്‍ പ്രതികളുടെ കൈയില്‍ തോക്കുണ്ടായിരുന്നോ? പത്രസമ്മേളനത്തില്‍നിന്ന് ആഭ്യന്തരമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങളിലേക്ക് എത്തുമ്പോഴേക്കും ഈ വെടിക്കഥ ആവിയാവുന്നു. ആകപ്പാടെ പറയാനുണ്ടായിരുന്നത് പ്രതികളിലൊരാളുടെ ജഡത്തില്‍ നിന്ന് ഒരു പോലിസുകാരന്‍ വലിച്ചെടുത്തതായി പറയപ്പെടുന്ന ഒരു സ്റ്റീല്‍ കത്തി. ഇനിയാണ് ക്യാച്ച്.
ജയിലില്‍നിന്ന് എട്ടുകിലോമീറ്റര്‍ ദൂരെ അച്ചര്‍പുര ഗ്രാമത്തിലെ വിജനമായ ഒരു തുറന്ന പറമ്പിലാണ് ‘എന്‍കൗണ്ടര്‍.’ ആയതിന്റെ വീഡിയോ ഒരാള്‍ പിടിച്ചിട്ടുണ്ട്- ഗ്രാമമുഖ്യന്‍. ടിയാനെങ്ങനെ കൃത്യസമയത്ത് കാമറാമാനായി എന്നൊന്നും ചോദിക്കരുത്. വീഡിയോ ദൃശ്യം കാണുക. ജീന്‍സും ടീഷര്‍ട്ടും സ്‌പോര്‍ട്‌സ് ഷൂസുമൊക്കെയിട്ട് കുട്ടപ്പന്മാരായാണ് എട്ടു ജഡങ്ങളുടെയും കിടപ്പ്. വെളുപ്പിന് ജയില്‍വേഷത്തില്‍ ജയില്‍ ചാടിയവര്‍ എട്ടുമണിക്കകം കൊല്ലപ്പെട്ടു. ജയില്‍ചാടിയ ഉടനെ അവര്‍ രക്ഷപ്പെടാനല്ല നോക്കിയത്, മുന്തിയ വേഷഭൂഷാദികള്‍ വാങ്ങാനാണെന്നു കരുതേണ്ടിവരും. അങ്ങനെയായാല്‍ പോലും എട്ടുമണിക്കു മുമ്പായി ഇപ്പറഞ്ഞ ഫാഷനബിള്‍ ഉരുപ്പടി വാങ്ങാന്‍ പറ്റിയ കടകളൊന്നും ഈ 10 കിലോമീറ്റര്‍ ചുറ്റുവട്ടത്തില്ല. ഉള്ള പീടികകളാവട്ടെ, അത്രയും കാലത്തേ തുറക്കാറുമില്ല. അതല്ല, ജയിലില്‍നിന്നു ജീന്‍സും ഷൂസുമിട്ട് വന്നതാണെന്ന് ഏമാന്‍മാര്‍ പറഞ്ഞിട്ടില്ല. ഇതിനുള്ള മറുപടി വരുന്നത് ബിജെപിയുടെ ദേശീയ വക്താക്കള്‍ തൊട്ട് കേരളത്തിലെ പാര്‍ട്ടി വക്താക്കള്‍ വരെയുള്ളവരില്‍നിന്നാണ്. പ്രതികളെ ജയില്‍ ചാടിച്ചവര്‍ ചില്ലറക്കാരല്ല; അവര്‍ തരപ്പെടുത്തിക്കൊടുത്തതാണെന്ന്! അന്വേഷണം തുടങ്ങിയിട്ടുപോലുമില്ലാത്ത ഒരു സംഭവത്തിന്റെ സൂക്ഷ്മവശങ്ങളെപ്പറ്റിയുള്ള ഈ ഏകീകൃത മൊഴിയില്‍ തന്നെയില്ലേ ഹിന്ദുത്വപരിവാരത്തിന്റെ കള്ളി?
കൂടുതല്‍ പൂച്ച് പുറത്താക്കുന്നതായി ജഡങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം. എട്ടുപേര്‍ക്കും വെടിയേറ്റിരിക്കുന്നത് ക്ലോസ് റേഞ്ചില്‍നിന്നാണ്. അരയ്ക്കു മുകളിലാണ് എല്ലാ വെടികളും. ചിലരുടേത് ദേഹം തുളച്ച് മറുപുറത്തു പോയിരിക്കുന്നു. എന്നുവച്ചാല്‍, ഏറ്റുമുട്ടലിനുള്ള അകലമോ ബലപ്രയോഗത്തിന്റെ ലാഞ്ഛനയോ ഇല്ലെന്നും വ്യക്തം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൃത്യമായി അരയ്ക്കു മുകളില്‍ ദേഹം തുളയ്ക്കുന്ന രീതിയില്‍ എല്ലാവര്‍ക്കും വെടി കൊള്ളില്ലല്ലോ. പ്രതികളെ പുറത്തുകൊണ്ടുവന്ന് ആളൊഴിഞ്ഞ ഇടംനോക്കി തട്ടിക്കളഞ്ഞതാണെന്നു വ്യക്തം.
അങ്ങനെയല്ലെങ്കില്‍പ്പിന്നെ സംഭവം അന്വേഷിക്കും എന്നല്ലേ സാമാന്യബുദ്ധിയുള്ള ഏതൊരാളും പറയുക?  മുഖ്യമന്ത്രി ചൗഹാന്‍ പ്രഖ്യാപിക്കുന്നത് അങ്ങനെയൊരു അന്വേഷണം നടത്തുകയേ ഇല്ലെന്നാണ്. അതേസമയം, ജയില്‍ചാട്ടത്തെപ്പറ്റി എന്‍ഐഎ അന്വേഷിക്കുമെന്നും. ഇവിടെയാണ് ഈ നാടകത്തിന്റെ മര്‍മം.
ജയില്‍ചാട്ടം അന്വേഷിച്ചാല്‍ കിട്ടുന്ന മൊഴിയും വിവരങ്ങളും ജയിലര്‍മാരുടെയും പോലിസിന്റെയും വക മാത്രമാണ്. ഈ സംഭവത്തിലെ ബാക്കി കക്ഷികളായ പരേതര്‍ക്ക് മൊഴി കൊടുക്കാന്‍ ഭൗതികസാധ്യമല്ലല്ലോ. അപ്പോള്‍ മധ്യപ്രദേശ് ഭരണകൂടം ഇതിനകം നല്‍കിയിട്ടുള്ള വിവരത്തില്‍ കവിഞ്ഞൊന്നും അന്വേഷണത്തില്‍ വെളിപ്പെടാന്‍ പോവുന്നില്ല; വിശേഷിച്ചും  എന്‍ഐഎയെ നിയന്ത്രിക്കുന്നതും ചൗഹാന്റെ സ്വന്തം മേലാളര്‍ നയിക്കുന്ന കേന്ദ്രസര്‍ക്കാരാണെന്നിരിക്കെ.
ആര് ആരെ വെടിവച്ചാലും എന്‍കൗണ്ടറായാലും അല്ലെങ്കിലും ക്രിമിനല്‍ കേസ് എടുക്കുകയെന്നത് സ്വാഭാവിക നിയമപ്രക്രിയയാണ്. അതിന്റെ ന്യായാന്യായങ്ങള്‍ വരുക വിചാരണവേളയില്‍ മാത്രമാണ്. ഇവിടെ കൊല്ലപ്പെട്ടത് വിചാരണത്തടവുകാരാണ്. എന്നുവച്ചാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ളവര്‍. അവരുടെ ജീവനും രക്ഷയ്ക്കും ഉത്തരവാദിത്തമുള്ളത് റിമാന്‍ഡ് ചെയ്ത കോടതിക്കാണ്. സ്വന്തം ഉടമസ്ഥതയിലിരിക്കുന്ന പ്രതികള്‍ക്കുമേല്‍ എന്തു പറയണമെന്നു തീരുമാനിക്കാനുള്ള അവകാശം ആ കോടതിക്കു മാത്രമാണ്. എന്നിരിക്കെ, മധ്യപ്രദേശ് മുഖ്യമന്ത്രി നടത്തുന്ന മുഖമടച്ച അന്വേഷണ നിരാകരണം കോടതിയോടുള്ള വെല്ലുവിളി കൂടിയല്ലേ?
ഇപ്പോള്‍ കൊല്ലപ്പെട്ടവരുടെ കേസ് മാത്രമെടുക്കാം. 2001ല്‍ സിമി നിരോധിക്കപ്പെട്ടശേഷം ടി നിരോധനം പരിശോധിക്കാനുള്ള ട്രൈബ്യൂണലിനു മുന്നില്‍ ഏറ്റവുമധികം കേസുകള്‍ ഹാജരാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. നിരോധനം തുടരണമെന്നു കോടതിക്കു തോന്നിക്കാന്‍ വേണ്ടി ടി സംഘടന ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ‘തെളിവുകള്‍.’ പോകപ്പോകെ കാര്യങ്ങള്‍ക്കു പുതിയ മാനമുണ്ടാക്കി, മധ്യപ്രദേശ് ഭരണകൂടം. 2008 മാര്‍ച്ച് 27ന് 13 പേരെ ധാര്‍ ജില്ലാ പോലിസ് അറസ്റ്റ് ചെയ്യുന്നു- നിരോധിത സംഘടനയുടെ പഴയ ലഘുലേഖകളും മറ്റും കൈവശം വച്ചെന്നു പറഞ്ഞ്. രണ്ടുദിവസം കഴിഞ്ഞതും എല്ലാ ജില്ലകളിലേക്കും ധാര്‍ പോലിസ് സൂപ്രണ്ടിന്റെ കത്ത് പോവുന്നു- ഇതേ രീതിയില്‍ എല്ലായിടത്തുനിന്നും അറസ്റ്റുണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്.
കോടതിയില്‍ പക്ഷേ, ഈ സൈസ് ലളിതമാനസത്തിന് സ്‌കോപ്പില്ല. അതുകൊണ്ട് പോലിസിന്റെ തിരക്കഥ പൊളിയുന്നു. പോംവഴിയായി രണ്ടു സൂത്രങ്ങളുണ്ട്: ഒന്ന്, ‘മുദ്രാവാക്യം’ വിളിക്കാരെ പിടിച്ചശേഷം അന്യസംസ്ഥാനങ്ങളിലെ സ്‌ഫോടനക്കേസുകളില്‍ പേരു കൊളുത്തിവിടുക. രണ്ട്, വിചാരണ പരമാവധി നീട്ടിക്കൊണ്ടുപോവുക. ഈ തന്ത്രങ്ങളും രാജ്യരക്ഷ എന്ന കരിമ്പടവും ചേര്‍ന്ന് സുദീര്‍ഘമായ ഇരുട്ടറ ഉറപ്പാക്കിയെടുക്കുന്നു. അതിനൊടുവില്‍ വിചാരണ പൂര്‍ത്തിയായി പുറത്തിറങ്ങാന്‍ സാധ്യത തെളിഞ്ഞാലോ? ദേ ഇതുപോലെ, ഒരു സുപ്രഭാതത്തിലെ ജയില്‍ചാട്ടവും മണിക്കൂറുകള്‍ക്കകമുള്ള ‘ഏറ്റുമുട്ടലും’ ജീന്‍സും ടീഷര്‍ട്ടുമിട്ട സുഖമരണവുമൊക്കെ പ്രതീക്ഷിക്കാം. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്ന ചോദ്യം അസ്ഥാനത്താണ്. ഗിനിപ്പന്നികളില്ലാതെ എങ്ങനെയാ ലാബ് ഗവേഷണം നടത്തുക?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 120 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക