|    Oct 18 Wed, 2017 4:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് ആറ് ഗ്രാമീണര്‍ മരിച്ചു

Published : 10th July 2016 | Posted By: SMR

ഫുല്‍ബാനി: ഒഡീഷയിലെ കണ്ടമാല്‍ ജില്ലയില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടയില്‍പ്പെട്ട ആറ് ഗ്രാമീണര്‍ മരിച്ചു. അഞ്ചുപേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ് ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് കൊല്ലപ്പെട്ടത്.
മാവോവാദി സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു സുരക്ഷാസേന വനമേഖലയിലെ ഗുമുത്മാഹ ഗ്രാമത്തിലെത്തിയത്. മാവോവാദികളുമായി സുരക്ഷാസേന ഏറ്റുമുട്ടിക്കൊണ്ടിരിക്കെ ഗ്രാമീണരുടെ ഓട്ടോറിക്ഷ നടുവില്‍പ്പെടുകയായിരുന്നുവെന്ന് കണ്ടമാല്‍ പോലിസ് സൂപ്രണ്ട് പിനാക് മിശ്ര അറിയിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ പിന്നീടുമാണു മരിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ ബെര്‍ഹാംപൂരിലെ എംകെസിബി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അഞ്ചുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. അതേസമയം നിരപരാധികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ റായഗൂഡ-ഫുല്‍ബാനി സംസ്ഥാന ദേശീയപാത ഉപരോധിച്ചു.
സംഭവം കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേകാന്വേഷണസംഘം അന്വേഷിക്കണമെന്ന് കള്ളക്കേസുകള്‍ക്കെതിരേ പ്രചാരണം നടത്തുന്ന സംഘടന ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക