|    Jun 22 Thu, 2017 7:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഏറ്റവും കൂടുതല്‍ ജവാന്‍മാരെ കൊല്ലുന്നത് ജീവിതശൈലീ രോഗം

Published : 18th March 2017 | Posted By: fsq

soldier

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ഗറില്ലാ ആക്രമണങ്ങളേക്കാള്‍ കൂടുതല്‍ ജവാന്‍മാര്‍ മരിക്കുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട ജീവിതശൈലീ രോഗങ്ങള്‍ കാരണമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിടി, എസ്ബിഎസ്, സിഐഎസ്എഫ്, എന്‍എസ്ജി, അസം റൈഫിള്‍സ് എന്നീ എഴ് അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നായി 1,067 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടപ്പോള്‍ ഇതേ കാലയളവില്‍ രോഗം വന്ന് മരിച്ചത് 3,611 പേരാണ്. ആക്രമണങ്ങളില്‍ കൊലപ്പെട്ടതിനേക്കാള്‍ മൂന്നിരട്ടിയിലധികം ജവാന്‍മാരാണ് ഇങ്ങനെ മരിച്ചിരിക്കുന്നത്. ഹൃദയാഘാതം മൂലമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത്. ആത്മഹത്യയാണ് രണ്ടാംസ്ഥാനത്ത്. 2014 മാര്‍ച്ച് മുതലുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ ജവാന്‍മാര്‍ മരിച്ചത് പശ്ചിമബംഗാളിലാണ്, 265 പേര്‍. 170 പേരുമായി ജമ്മുകശ്മീരാണ് രണ്ടാമത്, ഉത്തര്‍ഖണ്ഡ്-147, ഉത്തര്‍പ്രദേശ്-141, രാജസ്ഥാന്‍-134, പഞ്ചാബ്-122, ഛത്തീസ്ഗഡ് 63 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. എന്നാല്‍ കഴിഞ്ഞ 38 മാസത്തിനിടെ ജമ്മുകശ്മീരില്‍ 303 പേരും ഛത്തീസ്ഗഡില്‍ 163 പേരും പശ്ചിമബംഗാളില്‍ 70 പേരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം കൊളസ്‌ട്രോളും രക്തസമ്മര്‍ധവും വര്‍ധിപ്പിക്കുന്നതാണെന്ന് ഇതുസംബന്ധിച്ച പഠനം പറയുന്നു. ഹൃദയാഘാതത്തിന് പുറമെ കാന്‍സര്‍, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ജോണ്ടിസ്, മലേറിയ തുടങ്ങിയവയാണ് സൈനികരുടെ പ്രധാന മരണകാരണം. മലേറിയ, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ മൂലമുള്ള മരണം സമീപകാലത്ത് സൈനികര്‍ക്കിടയില്‍ കുറഞ്ഞിട്ടുണ്ട്. റോഡപകടങ്ങളിലും മറ്റുമായും സൈനികര്‍ മരിക്കുന്നുണ്ട്. ഈ സൈനിക വിഭാഗങ്ങളില്‍ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി കാക്കലിന്റെയും നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ സുരക്ഷയുടെയും ചുമതലയുള്ള ബിഎസ്എഫാണ് ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്നത്. ബിഎസ്എഫ് ജവാന്‍മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തങ്ങള്‍ നല്‍കിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ബിഎസ്എഫ് തലവന്‍ ദുര്‍ഗാ പ്രസാദ് കഴിഞ്ഞ വര്‍ഷം ഇതുസംബന്ധിച്ച് മെഡിക്കല്‍ ബോഡുമായി ചര്‍ച്ച നടത്തിയിരുന്നു.  പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആശുപത്രിയിലെത്തിക്കാന്‍ വേഗത്തില്‍ കഴിയുന്നതുകൊണ്ടാണ് ഇവിടെ ജവാന്‍മാരുടെ മരണസംഖ്യയില്‍ കുറവുണ്ടായതെന്നും സൈനിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക