|    Jan 20 Fri, 2017 7:35 pm
FLASH NEWS

ഏറ്റവും ഉയരം കൂടിയ പുരുഷന്‍മാര്‍ നെതര്‍ലന്‍ഡ്‌സിലും സ്ത്രീകള്‍ ലാറ്റ്‌വിയയിലും

Published : 27th July 2016 | Posted By: SMR

ലണ്ടന്‍: ലോകത്തിലെ മറ്റേതു രാജ്യത്തേക്കാളും ഏറ്റവും ഉയരം കൂടുതലുള്ളത് നെതര്‍ലന്‍ഡ്‌സിലെ പുരുഷന്‍മാര്‍ക്കും ലാറ്റ്‌വിയയിലെ സ്ത്രീകള്‍ക്കുമെന്നു പഠനം. ഡച്ച് പുരുഷന്‍മാരുടെ ശരാശരി ഉയരം 183 സെ.മീറ്ററാണ് (ആറ് അടി). ലാറ്റ്‌വിയയിലെ സ്ത്രീകളുടെ ശരാശരി ഉയരം 170 സെ.മീറ്ററാണ് (5.7 അടി). 1914 മുതല്‍ 174 രാജ്യങ്ങളിലെ ആളുകളുടെ ഉയരം സംബന്ധിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടനില്‍ തയ്യാറാക്കിയ  റിപോര്‍ട്ട് ഇ ലൈഫ് ജേണലാണ് പുറത്തുവിട്ടത്.
ഇറാനിയന്‍ പുരുഷന്‍മാര്‍ക്കും (16 സെ.മീറ്റര്‍) ദക്ഷിണകൊറിയന്‍ സ്ത്രീകള്‍ക്കുമാണ്(20 സെ.മീറ്റര്‍) ശരാശരി ഉയരത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായിട്ടുള്ളത്. ബ്രിട്ടനില്‍ പുരുഷന്‍മാരുടെ ശരാശരി ഉയരം 178 സെ.മീറ്ററാണ്. സ്ത്രീകളുടേത് 164 സെ.മീറ്ററും.
1914ല്‍ ഏറ്റവും ഉയരം കൂടിയ പുരുഷന്‍മാരുടെ കാര്യത്തില്‍ മൂന്നാംസ്ഥാനവും സ്ത്രീകളുടെ കാര്യത്തില്‍ നാലാം സ്ഥാനവുമായിരുന്നു യുഎസിന്. എന്നാല്‍, ഇപ്പോഴിത് യുഎസ് 37ഉം 42ഉം സ്ഥാനത്താണ്. ഉയരത്തിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പുരുഷന്‍മാരുള്ളത് കിഴക്കന്‍ തിമറിലും (160 സെ.മീറ്റര്‍) സ്ത്രീകള്‍ ഗ്വാട്ടിമാലയിലുമാണ്. ഒരു നൂറ്റാണ്ടു മുമ്പ് ഗ്വാട്ടിമാലയിലെ 18 വയസ്സായ സ്ത്രീകളുടെ ശരാശരി ഉയരം 140 സെ.മീറ്ററായിരുന്നു. ഇപ്പോഴത് 150 സെ.മീറ്ററായി ഉയര്‍ന്നിട്ടുണ്ട്.
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ആളുകളുടെ ഉയരമാണ് ഏറ്റവും കൂടുതല്‍ വര്‍ധിച്ചിരിക്കുന്നതെന്ന് ഗഷകനായ ജെയിംസ് ബെന്‍താം പറഞ്ഞു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സബ് സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആളുകളുടെ ശരാശരി ഉയരത്തില്‍ ഗണ്യമായ മാറ്റം വന്നിട്ടില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇവിടെ ഒന്നു മുതല്‍ ആറു സെ.മീറ്റര്‍ ഉയരം മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്.
സബ് സഹാറന്‍ ആഫ്രിക്കയിലെ ഉഗാണ്ട സിയെറ ലിയോണ എന്നീ രാജ്യങ്ങളില്‍ 1970 മുതല്‍ ശരാശരി ഉയരത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ഉയരവ്യത്യാസത്തിന് ജനിതക വ്യത്യാസങ്ങളും പാരിസ്ഥിതികമായ ഘടകങ്ങളും ഒരേപോലെ കാരണമാകുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക