|    Jul 22 Sun, 2018 4:49 am
FLASH NEWS

ഏറനാട് താലൂക്കില്‍ 43 ഓണച്ചന്തകള്‍ തുടങ്ങാന്‍ തീരുമാനം

Published : 6th August 2017 | Posted By: fsq

 

മഞ്ചേരി: ഏറനാട് താലൂക്ക് പരിധിയില്‍ 43 ഓണച്ചന്തകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സഹകരണ സംഘങ്ങള്‍ വഴി കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ചാണ് ചന്തകള്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് പച്ചക്കറികള്‍ക്കും മറ്റ് അവശ്യ വസ്തുക്കള്‍ക്കും വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഇവ ലഭ്യമാക്കുന്നതിനായാണ് ഓണച്ചന്തകള്‍ ആരംഭിക്കുന്നത്. ഇക്കാര്യം കോ-ഓപറേറ്റീവ് ഓഡിറ്റ് (ജനറല്‍) ഇന്നലെ നടന്ന ഏറനാട് താലൂക്ക് വികസന സമിതിയെ അറിയിക്കുകയായിരുന്നു. ഓണം, ബക്രീദ് ആഘോഷങ്ങള്‍ സമാഗതമായ വേളയില്‍ ഇത്തരം ചന്തകള്‍ സാധാരണക്കാരന് ഏറെ പ്രയോജനകരമാവുമെന്ന് സമിതി വിലയിരുത്തി. ഡെങ്കിപ്പനി, ഡിഫ്തീരിയ തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പടരുന്നത് നിയന്ത്രണ വിധേയമാക്കാനായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സമിതിയെ അറിയിച്ചു. പനി മൂലം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കുന്ന പ്രമേയം യോഗം പാസാക്കി.  കോഴിക്കോട് ജില്ലയില്‍ കോളറ കണ്ടെത്തിയ സാഹചര്യത്തില്‍ വാട്ടര്‍ ടാങ്കുകള്‍ കഴുകി വൃത്തിയാക്കുന്ന പ്രവൃത്തി നടന്നു വരുന്നതായി കേരള വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ അറിയിച്ചു. ആനക്കയം വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനം സാമൂഹികവിരുദ്ധര്‍ തടസ്സപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്നും ജലവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. കടകള്‍ക്കു മുന്നില്‍ ടൈല്‍സ് പതിച്ച് സ്ഥലം കൈയേറിയ സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അംഗപരിമിതര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി ഐസിഡിഎസ് മലപ്പുറം അറിയിച്ചു.  അങ്കണവാടി വര്‍ക്കര്‍മാര്‍ മുഖേന അര്‍ഹരെ തിരഞ്ഞെടുക്കും. മഞ്ചേരി ജസീല ജങ്ഷന്‍ മേല്‍പാലം നിര്‍മാണത്തിന്റെ മുന്നോടിയായി റവന്യൂ-പിഡബ്ല്യുഡി വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചതായി ലാന്റ് അക്വിസിഷന്‍ (ജി) പറഞ്ഞു. മഞ്ചേരി മുനിസിപ്പാലിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരൂമാനിച്ചതായി  ടൗണ്‍പ്ലാനര്‍ മലപ്പുറം അറിയിച്ചു. ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി ആഗസ്ത് 29ന് മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. താലൂക്ക് വികസന സമിതി യോഗത്തില്‍ ടി പി വിജയകുമാര്‍, തഹസീല്‍ദാര്‍ പി സുരേഷ് സംസാരിച്ചു.  വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം 36 അംഗങ്ങള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss