|    Oct 17 Tue, 2017 1:20 pm

ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് ഭക്ഷ്യഭദ്രത നിയമം നടപ്പാക്കും: മന്ത്രി

Published : 2nd December 2016 | Posted By: SMR

പത്തനംതിട്ട: ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ദേശീയ ഭക്ഷ്യഭദ്രത പദ്ധതി നടപ്പാക്കുമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ റേഷന്‍  വ്യാപാരികളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈലറ്റ് പ്രൊജക്റ്റ് എന്ന നിലയില്‍ മാര്‍ച്ച് ഒന്ന് മുതല്‍ കൊല്ലം ജില്ലയില്‍  പദ്ധതി നടപ്പാക്കും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ റേഷന്‍ കാര്‍ഡുകള്‍ പുതുക്കണമെന്നാണ്  നിയമം.  രാജ്യത്ത് കേരളവും തമിഴ്‌നാടുമാണ്  ഭക്ഷ്യഭദ്രത പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍  സ്വയംപര്യാപ്തയുള്ള തമിഴ്‌നാടിന് പ്രശ്‌നമില്ല. എന്നാല്‍ ഭക്ഷ്യകമ്മി നേരിടുന്ന കേരളത്തിന് അര്‍ഹമായ റേഷന്‍ വിഹിതം ലഭ്യമായില്ലെങ്കില്‍ സംസ്ഥാനത്തെ  പൊതുവിതരണ ശൃംഘല താറുമാറാകും. 14. 25 ലക്ഷം മെട്രിക് ഭക്ഷ്യധാന്യമാണ് കേരളത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കുള്ള ഭക്ഷ്യധാന്യം വെട്ടിക്കുറച്ചതോടെ 10.24  ലക്ഷം മെട്രിക് ഭക്ഷ്യധാന്യം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 8.90 രൂപയ്ക്ക് എട്ട് കിലോ അരിയാണ് എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്ക് വിതരണം ചെയ്തിരുന്നത്. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കത്തതിനാല്‍ ഇത് നിര്‍ത്തലാക്കി. വേണമെങ്കില്‍ 22 രൂപയ്ക്ക് അരി എടുത്തുകൊള്ളണമെന്നാണ് നിര്‍ദേശം. ഇത് 60 കോടിയുടെ അധിക ബാധ്യതയാണ് വരുത്തിയത്. ഭക്ഷ്യഭദ്രത പദ്ധതിപ്രകാരം ഇപ്പോഴത്തെ  കണക്കനുസരിച്ച് സംസ്ഥാനത്ത് 15480452 ആളുകള്‍ക്ക് സൗജന്യമായി റേഷന്‍ വിഹിതം ലഭിക്കും. നഗര പ്രദേശങ്ങളില്‍ 39.5 ശതമാനവും ഗ്രാമങ്ങളില്‍ 52.63 ശതമാനം ആളുകള്‍ക്കുമാണ് ഭക്ഷ്യധാന്യം ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി റേഷന്‍ കടകളുടെ വാതില്‍പ്പടി വരെ ഭക്ഷ്യധാന്യം എത്തിക്കും. റേഷന്‍ കടകള്‍ നവീകരിക്കുകയും വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യും. കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇത് കാരണം റേഷന്‍ കടകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരം ടിഎസ്ഓ, ഡിഎസ്ഓ എന്നിവര്‍ക്കും റേഷനിങ് കണ്‍ട്രോളര്‍ക്കും അപ്പപ്പോള്‍ അറിയാന്‍ കഴിയും. 15ല്‍പരം ആക്ഷേപങ്ങളാണ് മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായത്. അപാകങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാതലത്തില്‍ തര്‍ക്ക പരിഹാര കമ്മീഷനും താഴേതട്ടിലുള്ള ജനകീയ കമ്മിറ്റികളും പരിശോധിക്കും. അനര്‍ഹരെ പൂര്‍ണമായി ഒഴിവാക്കി അര്‍ഹരായവര്‍ മാത്രമുള്ള അന്തിമ പട്ടികയായിരിക്കും തയ്യാറാക്കുക. കേന്ദ്രം എപിഎല്ലുകാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും സംസ്ഥാന ഗവണ്‍മെന്റ് അവരെകൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനമാണെടുത്തിട്ടുള്ളത്. 40 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. അവരെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ പൊതുവിതരണമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.  അര്‍ഹമായ വേതനം നല്‍കി റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.  സംസ്ഥാന റേഷനിങ് കണ്‍ട്രോളര്‍ ശശികല യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസര്‍ ഇന്‍ചാര്‍ജ് പത്മകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, റേഷന്‍ വ്യാപാരി സംഘടന നേതാക്കളായ ജോണ്‍സന്‍ വിളവിനാല്‍, തോമസ് വര്‍ഗീസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക