|    Sep 22 Fri, 2017 8:55 pm
FLASH NEWS

ഏനാത്ത് മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവുന്നു

Published : 26th August 2016 | Posted By: SMR

പത്തനംതിട്ട: ഏനാത്ത്, വയല, വടക്കടത്തുകാവ്, മണ്ണടി, കുളക്കട, പുത്തൂര്‍, പട്ടാഴി എന്നീ പ്രദേശങ്ങളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ഏനാത്ത് 66 കെ വി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നാളെ നടക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് കളമല സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഏനാത്ത് ഇളംഗമംഗലത്ത് വാങ്ങിയ 44.39 ആര്‍ സ്ഥലം വിലയ്‌ക്കെടുത്താണ് സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. അടൂര്‍ 66 കെവി സബ്‌സ്റ്റേഷനില്‍ നിന്നും 11.04 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 66 കെവി ഓവര്‍ഹെഡ് ലൈന്‍ നിര്‍മിച്ചാണ് സബ് സ്‌റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.
പിജിസിഐല്‍ അധികാരപരിധിയിലുള്ള കായംകുളം- ഇടമണ്‍ 220 കെവി ലൈന്‍ മുറിച്ചുകടന്നാണ് ലൈന്‍ നിര്‍മിക്കേണ്ടത്. 220 കെവി ലൈനിനു താഴെക്കൂടി 66 കെവി മുറിച്ചുകടക്കേണ്ടതിനാല്‍ അടൂര്‍ കൈതപ്പറമ്പിലാണ് ഇതിനുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്. 10 എംവിഐ ശേഷിയുള്ള രണ്ട് 66/11 കെവി ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ഉപകരണങ്ങളും വൈദ്യുതി വിതരണത്തിനായി ഒമ്പത് 11 കെവി ഫീഡറുകളും അടങ്ങുന്നതാണ് ഏനാത്ത് സബ് സ്റ്റേഷന്‍ പദ്ധതി.
പുതിയ സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാവുന്നതോടെ 25,000ല്‍പരം ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള വൈദ്യുതി ലഭ്യമാവും. 1850 ലക്ഷം രൂപ ചെലവിലാണ് സബ്‌സ്റ്റേഷനും അനുബന്ധ ലൈനും നിര്‍മിക്കുന്നത്. യോഗത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും കെഎസ്ഇബി ഉദ്യോഗസ്ഥരും പങ്കെടുക്കും. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ സുരേഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ഷിബു മാത്തുക്കുട്ടി, ആര്‍ ഷാജി, പി വി സാജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
തിരുവല്ല: കടപ്ര 33 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക