|    Oct 18 Thu, 2018 4:29 pm
FLASH NEWS

ഏനാത്ത് പാലം: 4.75കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

Published : 26th January 2017 | Posted By: fsq

 

കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തുന്നതിന് നാല് കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. നിര്‍മാണം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും. മദ്രാസ് ഐഐടിയിലെ റിട്ട. പ്രഫസര്‍ ഡോ. അരവിന്ദ് നല്‍കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ടിപി എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ബലക്ഷയമുള്ള രണ്ട് തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനോടൊപ്പം തന്നെ മറ്റ് തൂണുകളുടെ കമ്പി തെളിഞ്ഞിരിക്കുന്ന ഭാഗവും ബീമുകളും ബലപ്പെടുത്തും. കൈവരികള്‍ നന്നാക്കി പെയിന്റടിക്കുകയും പൊളിഞ്ഞ് മാറിയ ഭാഗത്ത് പുതിയവ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ പഴയ പാലത്തിന്റെ മുകളില്‍ തെളിഞ്ഞിരിക്കുന്ന അടിത്തറകളും കല്‍ക്കെട്ടും പൂര്‍ണ്ണമായും ഇളക്കി മാറ്റും. തൂണുകള്‍ സ്ഥാപിക്കുന്ന ഭാഗത്തെ മണ്ണ് പരിശോധന നടത്തി ഓരോ മീറ്റര്‍ വീതം കുഴിച്ച് മണ്ണെടുത്ത് ഉറപ്പുപരിശോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പാറ കാണുന്നതുവരെ ഇങ്ങനെ തുരക്കും. അതിനുശേഷം ഉറപ്പുള്ള ഭാഗത്ത് പൈലിങ് നടത്തി പില്ലറുകള്‍ സ്ഥാപിക്കും.  ആറ് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴുയുമെന്ന് കെഎസ്ടിപി അധികൃതര്‍ പറയുന്നു. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുന്നത്. ജാക്കി ഉപയോഗിച്ച് പാലത്തിന്റെ മേല്‍ഭാഗം ഉയര്‍ത്തിയശേഷം തകരാര്‍ സംഭവിച്ച രണ്ട് മുന്ന് തൂണുകള്‍ പുനര്‍നിര്‍മിക്കും. ഈ കാലയളവില്‍ പാലത്തിന് താങ്ങായി താല്‍ക്കാലിക തൂണുകള്‍ സ്ഥാപിക്കും. നിലവിലുള്ള തൂണുകള്‍ പൊളിച്ചു നീക്കും. അതേ സ്ഥാനത്ത് പൈലിങ് നടത്തി പൂതിയ തൂണ്‍ നിര്‍മിക്കും. ആധൂനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും നിര്‍മാണം. പാലം അപകടത്തിലായതിനാല്‍ അത് വഴി ഗതാഗതം തടസപ്പെട്ടിരുക്കുകയാണ്.  തകരാറിലായ ഏനാത്ത് പാലം കഴിഞ്ഞ ദിവസം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം സന്ദര്‍ശിച്ചു. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, കൊല്ലം ജില്ലാ സെക്രട്ടറി ഷറാഫത്ത്, ഏനാത്ത് ബ്രാഞ്ച് പ്രസിഡന്റ് ഷൈജു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss