|    Jun 22 Fri, 2018 2:49 pm
FLASH NEWS

ഏനാത്ത് പാലം: ബലക്ഷയം ഗുരുതരമെന്ന് വിലയിരുത്തല്‍

Published : 15th January 2017 | Posted By: fsq

 

കൊട്ടാരക്കര :എംസി റോഡില്‍ കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന്റെ ബലക്ഷയം ഗുരുതരമാണെന്നും ബലപ്പെടുത്തല്‍ നടത്തുന്നത് വൈകുമെന്നും പാലങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് രംഗത്തെ വിദഗ്ധന്‍ ഐഐടിയിലെ റിട്ട. പ്രഫസര്‍ ഡോ. അരവിന്ദും സംഘവും പറഞ്ഞു. ഇരു ചക്ര വാഹനങ്ങള്‍ പോലും പാലത്തില്‍ കൂടി കടത്തി വിടാന്‍ പറ്റാത്ത നിലയാണ് ഇപ്പോള്‍. എപ്പോള്‍, എന്തു സംഭവിക്കുമെന്നു പറയാനാവില്ല. പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് പൂര്‍ണമായും ഇളകിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഈ തൂണിന്റെ ഫൗണ്ടേഷന്‍ ബലപ്പെടുത്തുകയാകും ആദ്യം ചെയ്യുക. തുടര്‍ന്നു  മറ്റു പ്രശ്‌നങ്ങള്‍ കണ്ടെത്തിയ ശേഷം പാലം ബലപ്പെടുത്തും. എട്ടു മുതല്‍ പന്ത്രണ്ടു മാസം വരെ ഇതിനു സമയം വേണ്ടിവരും. പുതിയ പാലം നിര്‍മിക്കേണ്ടതില്ല. അറ്റകുറ്റപ്പണി നടത്തി തൂണ്‍ ബലപ്പെടുത്തിയാല്‍ ഏതു ഭാരവാഹനത്തിനും പോകാവുന്ന വിധം ദീര്‍ഘകാലം ഉപയോഗിക്കാം. ഏതുതരം പണികളെന്ന് 19ന് തിരുവനന്തപുരത്ത് പൊതുമരാമത്തു മന്ത്രിയുമായി നടത്തുന്ന ഉദ്യോഗസ്ഥ  ചര്‍ച്ചയില്‍ തീരുമാനിക്കും.ഇന്നലെ രാവിലെ 10.30 നു പാലത്തില്‍ എത്തിയ സംഘം വള്ളത്തില്‍ സഞ്ചരിച്ചു തൂണുകള്‍ പരിശോധിച്ചു. തൂണുകളുടേയും മറ്റും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി. മുമ്പ് മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്താല്‍ എടുത്ത വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചു. പൊതുമരാമത്തു എന്‍ജിനീര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ,കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ തൂണുകള്‍ക്കു ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രി മുതല്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. .തൂണിന് ബലക്ഷയം സംഭവിച്ചതിനാല്‍ പാലത്തിന്റെ മുകള്‍ഭാഗത്തെ അറ്റകുറ്റപ്പണികള്‍കൊണ്ടുമാത്രം കാര്യമില്ലെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എം സി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടില്‍ ആണ്. പഴയ പാലത്തിനു ബലക്ഷയം നേരിട്ടപ്പോള്‍ രണ്ടു വര്‍ഷത്തിലധികം ജനങ്ങള്‍ ചുറ്റി സഞ്ചരിച്ചാണ് പോയിരുന്നത്. പുതിയ പാലത്തിന് 30 വര്‍ഷമെങ്കിലും ആയുസ്സ് നിര്‍ണയിച്ചെങ്കിലും കണക്കു തെറ്റി. 18 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ യാത്ര ദുരിതത്തിലാവുകയായിരുന്നു. 1904 ല്‍ നിര്‍മിച്ച പഴയ പാലത്തിന് ബ്രിട്ടിഷ് എന്‍ജിനീയര്‍മാര്‍ പറഞ്ഞ ആയുസ്സ് 50 വര്‍ഷമായിരുന്നെങ്കിലും 93 വര്‍ഷം കഴിഞ്ഞാണ് പാലം കുലുങ്ങിയത്. സമാന്തര പാതയായി ഉപയോഗിക്കുന്ന അന്തമണ്‍ പാലത്തിലും വലിയ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss