|    May 28 Sun, 2017 8:44 am

ഏനാത്ത് പാലം പണി രണ്ടാം ഘട്ടത്തിലേക്ക്; കാല്‍നടയാത്ര നിരോധിച്ചു

Published : 19th May 2017 | Posted By: fsq

 

കൊട്ടാരക്കര/കൊല്ലം: ഏനാത്ത് പാലത്തിന്റെ ബലക്ഷയം മാറ്റുന്ന ജോലികള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. പാലത്തിന്റെ സ്പാനുകളില്‍ ഒന്ന് ഉയര്‍ത്തി. ഇവിടെയാണ് നേരത്തേ ചരിവ് സംഭവിച്ചത്. ചരിവ് മാറ്റി ഒരേ നിരപ്പിലാണ് ഇപ്പോള്‍ നിര്‍ത്തിയിട്ടുള്ളത്. ഇത് താല്‍ക്കാലിക സംവിധാനമാണ്. ശേഷിക്കുന്ന ചെറിയ ജോലികള്‍ കൂടി തീര്‍ത്ത ശേഷം പാലത്തിന്റെ മേല്‍ത്തട്ട് ഒന്നിച്ച് ഉയര്‍ത്തി പുതുതായി നിര്‍മിച്ച താല്‍കാലിക തൂണുകളില്‍ ഉറപ്പിക്കും. ഈ തൂണുകളുടെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലായി നിര്‍മിച്ച താല്‍ക്കാലിക തൂണുകളില്‍ പാലം ഉറപ്പിച്ച് നിര്‍ത്തിയ ശേഷം നിര്‍മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. വേനല്‍ മാറി മഴ പെയ്തു തുടങ്ങിയാല്‍ കല്ലടയാറ്റില്‍ വെള്ളം ഉയരുമെന്നതിനാല്‍ പിന്നീട് നിര്‍മാണ ജോലികള്‍ തടസപ്പെടും. അതുകൊണ്ടു തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. പാലത്തിന് ബലക്ഷയം സംഭവിച്ചതിനാല്‍ എംസി റോഡിലൂടെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഏനാത്ത് കടക്കാന്‍ ഏറെ ദൂരം ചുറ്റേണ്ടി വരുന്നുണ്ട്. നാല് ചക്ര വാഹനങ്ങള്‍ക്കുള്‍പ്പടെ കടന്നുപോകാന്‍ കരസേനയുടെ നേതൃത്വത്തില്‍ ബെയ്‌ലി പാലം നിര്‍മിച്ചത് വലിയ അനുഗ്രഹമായി മാറിയിട്ടുണ്ടെങ്കിലും ഇവിടെ ഗതാഗത കുരുക്ക് അനുദിനം കൂടി വരികയാണ്. ആഗസ്ത് അവസാന വാരത്തോടെ നിര്‍മാണം പൂര്‍ണമാവുമെന്നാണ് വിലയിരുത്തുന്നത്.അതേസമയം, ഏനാത്ത് പാലത്തിന്റെ പുനരുദ്ധാരണത്തോടനുബന്ധിച്ച് അപകട സാധ്യത കൂടിയ ജോലികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള കാല്‍നട യാത്ര ഇനിയൊരു അറിയിപ്പ്  ഉണ്ടാകുന്നതുവരെ നിരോധിച്ചതായി കെഎസ്ടിപി കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാല്‍നട യാത്രക്കാര്‍ ബെയ്‌ലി പാലത്തിലെ നടപ്പാത ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day