|    Nov 19 Sun, 2017 6:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പര്യാപ്തം: അരുണ്‍ ജെയ്റ്റ്‌ലി

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഏത് ആക്രമണത്തേയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം പര്യാപ്തമാണെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 1962ലെ യുദ്ധത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.1948 മുതല്‍ പാക് അധീനത്തിലുള്ള ജമ്മു കശ്മീരിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കുക എന്നത് ഇന്ത്യന്‍ ജനതയുടെ ഏറെ നാളായുള്ള ആവശ്യമാണെന്നും രാജ്യസഭയില്‍ സംസാരിക്കവെ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദശകങ്ങളിലായി ഇന്ത്യ ഒട്ടേറെ വെല്ലുവിളികളിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാല്‍, ഓരോ വെല്ലുവിളികളും രാജ്യത്തിന് കൂടുതല്‍ ശക്തി പകരുകയാണ് ഉണ്ടായത് എന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതിനാല്‍, ഇന്ത്യന്‍ സൈന്യത്തെ ഏറെ ശക്തമാക്കിയിട്ടുണ്ട് എന്നും പ്രതിരോധമന്ത്രി പറഞ്ഞു. സായുധ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷ തീവ്രവാദവും ആണ് രാജ്യത്തിന്റെ ഭീഷണിയെന്ന് പറഞ്ഞ മന്ത്രി, രാജീവ് ഗാന്ധിയെയും ഇന്ദിരാഗാന്ധിയേയും പരാമര്‍ശിച്ച് ഇരുവരുടെയും ജീവന്‍ ഇത്തരത്തിലാണ് നഷ്ടമായതെന്നും പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഇന്ത്യന്‍ സൈന്യം എന്തും ത്യജിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക