ഒ അബ്ദുല്ല
അയാള്‍ പ്രതിയോഗികളെ നിലംപരിശാക്കാന്‍ തറ്റുടുത്ത് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. പക്ഷേ, പൂര്‍ണ നിരായുധനാണ് കക്ഷി. പ്രതിയോഗികളാകട്ടെ സര്‍വായുധ വിഭൂഷിതരും. ആരോ വിളിച്ചുപറഞ്ഞു: അവരോട് ഏറ്റുമുട്ടാന്‍ പോകുന്നത് അപകടമാണ്. തല കഴുത്തിലുണ്ടാവില്ല. ഞാന്‍ എല്ലാം ദൈവത്തില്‍ ഭരമേല്പിച്ചിരിക്കുന്നു എന്നായിരുന്നു കക്ഷിയുടെ മറുപടി. അവരും വിട്ടില്ല: ‘അത് നല്ലതുതന്നെ. പക്ഷേ, ദൈവത്തില്‍ ഭരമേല്പിച്ചതുകൊണ്ടു മാത്രമായില്ല, കൈയില്‍ ഒരു മടവാളെങ്കിലുമില്ലാതെ.’
അന്യമതസ്ഥരെ മതപരിവര്‍ത്തനം നടത്തി അവരെ ഐഎസ് ഭീകരര്‍ക്ക് കൈമാറുന്നു എന്ന ദുഷ്പ്രചാരണം അഴിച്ചുവിട്ട് ചുളുവില്‍ മഞ്ചേരിയിലെയും തിരുവനന്തപുരത്തെയും രണ്ടു മുസ്ലിം സാംസ്കാരിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാനായി ഹിന്ദു ഐക്യവേദി ആര്ത്തിരച്ചുവന്നെങ്കിലും അവര്‍ക്ക് ഒരു ചുവടും മുന്നോട്ടുവയ്ക്കാനായില്ല. പോലിസിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സമുദായത്തിന്റെ മാനം കാക്കാനായി രണ്ടും കല്പിച്ചു നെഞ്ചുവിരിച്ചു മുമ്പില്‍ നിന്നതുകൊണ്ട് അടിയറവു പറഞ്ഞ് ധൈര്യപൂര്‍വം പിന്‍വാങ്ങുകയല്ലാതെ നിക്കര്പാര്ട്ടികള്ക്ക് രക്ഷയില്ലാതായി.
കുഴിമന്തിക്കും മജ്ബൂസിനും അല്‍ഫാമിനും മുമ്പിലുണ്ടോ അല്ലെങ്കിലും അവര്‍ പിടിച്ചുനില്ക്കുന്നു! വാട്ട്സ്ആപ്പ് പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍, മലപ്പുറത്തുകാരന് ഹുസൈന് കാക്ക റിയോ ഒളിംപിക്സില്‍ ഓടിപ്പാഞ്ഞു മുമ്പിലെത്തി മെഡലുകള്‍ വാരിക്കൂട്ടിയത് നിത്യം ഒന്നു വീതം കാളക്കൂറ്റനെ അറുത്തു പൊരിച്ചുതിന്നിട്ടാണെന്ന വസ്തുത ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കേണ്ടിവന്ന സ്ഥിതിക്ക് ഇക്കാര്യം ഏറെ വിശദീകരിക്കേണ്ടതായിട്ടില്ല.
കേരളത്തിലെ സകല ക്രൈസ്തവ ഇടവകളിലും മതപരിവര്‍ത്തനവും മാമോദീസ മുക്കലും നിര്‍ബാധം നടക്കുന്നു. ക്രിസ്ത്യാനികളിലെ ഒരു പ്രത്യേക വിഭാഗം മതപരിവര്‍ത്തനം ലക്ഷ്യമാക്കി വീടുവീടാന്തരം കയറിയിറങ്ങി ക്രൈസ്തവ സുവിശേഷങ്ങള്‍ വായിച്ചുകേള്‍പ്പിച്ച ശേഷമാണ് നിത്യവും കിടന്നുറങ്ങാറ്. ഹിന്ദു സമുദായത്തിനുമുണ്ട് ഘര്‍വാപസി ഘറുകളും ശുദ്ധിപ്രസ്ഥാന കേന്ദ്രങ്ങളും ആര്യസമാജാലയങ്ങളും. മുസ്ലിംകള്ക്ക് ഇത്തരത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ ഒരു കൈയിലെ വിരലുകള്‍ കൊണ്ടെണ്ണിത്തീര്ക്കാവുന്നത്ര പോലുമില്ല. കോഴിക്കോട്ട് ഒരു തര്‍ബിയത്ത്, പൊന്നാനിയില്‍ ഒരു മഊനത്ത്.
ഇസ്ലാമിന്റെ മാനവികതയിലും സാഹോദര്യത്തിലും സര്‍വോപരി യുക്തിഭദ്രതയിലും അധിഷ്ഠിതമായ മതസിദ്ധാന്തങ്ങളിലും ആകൃഷ്ടരായി ഈ കേന്ദ്രങ്ങളെ സമീപിക്കുകയും അവിടെ നിന്നു ശഹാദത്ത് കലിമ ചൊല്ലി രേഖാമൂലം വിശ്വാസവിളംബരം നടത്തി പുറത്തുവരുന്നവരെ പുനരധിവസിപ്പിക്കുക മാത്രമാണ് മഞ്ചേരിയിലെയും തിരുവനന്തപുരത്തെയും സ്ഥാപനങ്ങള്‍ ചെയ്യുന്നത്.
നിര്‍ബന്ധത്തിനു വഴങ്ങിയല്ലാതെ സ്വമേധയാ വരുന്നവര്‍ക്ക് മതപരിവര്‍ത്തനത്തിനുള്ള സൗകര്യം ചെയ്യാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണ്. ഇതര മതസ്ഥര്‍ക്ക് അതാവാമെങ്കില്‍ മുസ്ലിംകള്‍ക്കു മാത്രം അതെന്തുകൊണ്ടായിക്കൂടാ? അതുകൊണ്ടുതന്നെ വല്ലവരും ഭരണഘടന അനുവദിച്ച ഉറപ്പിനു വിരുദ്ധമായി ഈ കേന്ദ്രങ്ങള്‍ കൈയേറാന്‍ ഒരുങ്ങിപ്പുറപ്പെട്ടാല്‍ അതിനെ പ്രതിരോധിക്കേണ്ട ബാധ്യത സര്‍ക്കാരിന്റേതും ബന്ധപ്പെട്ട സമുദായത്തിന്റേതുമാണ്.
ബന്ധപ്പെട്ടവര്‍ പ്രസ്തുത കര്‍ത്തവ്യം നിറവേറ്റാതെ സര്‍ക്കാരില്‍ ഭരമേല്പിച്ചുവെന്നു പറയുന്നവരോട് പറയാനുള്ള മറുപടി ബാബരി മസ്ജിദ് ഓര്‍ക്കണമെന്നാണ്. ബാബരി മസ്ജിദിന്റെ സംരക്ഷണം സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്കിയതായിരുന്നുവെന്നത് ഓര്‍ക്കുന്നത് ഒരു മാളത്തില്‍ നിന്നു പല തവണ കടിയേല്‍ക്കുന്നതില്‍ നിന്നു സമുദായത്തെ രക്ഷിക്കും. 15 കോടി വരുന്ന മുസ്ലിം ഇന്ത്യയില്‍ നിന്നു നൂറു പേര് ജീവത്യാഗത്തിനു സന്നദ്ധമായി മുന്നോട്ടുവന്നിരുന്നുവെങ്കില്‍ ബാബരിയുടെ കഥ മറ്റൊന്നാകുമായിരുന്നുവെന്ന് ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരാണ് പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടതെന്നത് താത്ത്വികമായി ശരിയാണ്. പക്ഷേ, പൗരനും ആ ബാധ്യതയുണ്ട്. അല്ലെങ്കില്‍ കഥയില്‍ പറഞ്ഞപോലെ കൈയില്‍ ഒരു മടവാള് കരുതിയില്ലെങ്കില്‍ ചിലപ്പോള്‍ ഉറക്കമുണരുമ്പോള്‍ ഉടലിനു മുകളില്‍ തല കാണില്ലെന്നു മാത്രം.
വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കാരണം കേരള നദ്വത്തുല് മുജാഹിദീന്റെ (കെഎന്‍എം) പ്രമേയമാണ്. പ്രസ്തുത പ്രമേയം മഞ്ചേരിയിലെയും തിരുവനന്തപുരത്തെയും മതസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനായി സംഘപരിവാര തീവ്രവാദികള്‍ മാര്‍ച്ചു നടത്തിയപ്പോള്‍ പോപുലര്‍ ഫ്രണ്ട് പ്രസ്തുത നീക്കത്തെ പ്രതിരോധിച്ചതിനെ കഠിനമായ ഭാഷയില്‍ അപലപിക്കുന്നു. ക്രമസമാധാനപാലനത്തിന് ഇവിടെ സര്‍ക്കാരുണ്ടെന്ന് ഉണര്‍ത്തുന്ന പ്രമേയം ആര്‍എസ്എസും പോപുലര്‍ ഫ്രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നാണ് ഒട്ടും സൂക്ഷ്മതയില്ലാതെ കുറ്റപ്പെടുത്തുന്നത്. പ്രമേയത്തില്‍ പറയുന്ന നാണയം അടിച്ചത് ആരാണെന്ന് അറിഞ്ഞുകൂടാ.
ഇന്ത്യയെ ഹിന്ദുമതാധിഷ്ഠിത രാഷ്ട്രമാക്കി പരിവര്ത്തിപ്പിക്കലാണ് സംഘപരിവാരത്തിന്റെ ലക്ഷ്യമെന്ന് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിച്ചതാണ്. ഫാഷിസ്റ്റ് ശൈലിയില്‍ അവര്‍ അക്കാര്യം മുറതെറ്റാതെ ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ബഹുദൈവവിശ്വാസത്തില് അധിഷ്ഠിതമായ ആചാരസമ്പ്രദായങ്ങളെ സര്‍ക്കാര്‍ ചടങ്ങുകളിലേക്കു മാത്രമല്ല, ഇതര മതസ്ഥരുടെ ഭക്ഷണരീതിയിലേക്കു വരെ കടത്തിവിടുന്നതും വിഘ്നം നില്ക്കുന്നവരുടെ കാല് തല്ലിയൊടിക്കുന്നതും തല്ലിക്കൊന്നു വഴിമരത്തില് കെട്ടിത്തൂക്കുന്നതും സാര്‍വത്രികമായിത്തീര്‍ന്നിരിക്കുന്നു.
കെഎന്‍എം എന്ന ഇസ്ലാമിക സംഘടനയുടെ ഭാഷയില്‍ ഒരേ നാണയത്തിന്റെ മറുപുറമായ പോപുലര്‍ ഫ്രണ്ട് ഈ വക വല്ലതും എഴുതുകയോ പറയുകയോ ചെയ്യുകയുണ്ടായിട്ടുണ്ടോ? പോപുലര്‍ ഫ്രണ്ടിനോടുള്ള താത്ത്വികമായ വിയോജിപ്പ് മറച്ചുവയ്ക്കാതെത്തന്നെ പറയട്ടെ, ആര്‍എസ്എസിനെപ്പോലെ ഒരു പ്രത്യേക മതത്തിന്റെ സംസ്ഥാപനമോ അത്തരം മതശാസനകളില്‍ അധിഷ്ഠിതമായ ഭരണകൂടത്തിനായി യത്നിക്കലോ ഒരു സവിശേഷ സംസ്കാരം ഇതരരുടെ മേല്‍ അടിച്ചേല്പിക്കലോ ഒന്നും പോപുലര്‍ ഫ്രണ്ടിന്റെ അജണ്ടയില്‍ പെട്ടതായി അറിവില്ല. അഥവാ മൂരിമാംസം തിന്നാത്തവരുടെ വായില്‍ അതു കുത്തിത്തിരുകുക, വഴിപോകുന്നവരെ പിടിച്ചു സുന്നത്തു കഴിപ്പിക്കുക, താടി വെക്കാത്തവരെക്കൊണ്ട് താടി വെപ്പിക്കുക, തലയില്‍ തൊപ്പിയില്ലാത്തവരുടെ തലയില്‍ തൊപ്പി കമഴ്ത്തുക, പെണ്ണുങ്ങളെ ജീവനോടെ പര്‍ദയില്‍ കുഴിച്ചുമൂടുക, റമദാന് കാലത്ത് മറ്റു മതക്കാരെക്കൊണ്ട് നിര്‍ബന്ധിച്ച് നോമ്പു നോല്പിക്കുക, സൗദി മുതവ്വകളുടെ മാതൃകയില്‍ നമസ്കാരസമയത്ത് പീടിക പൂട്ടിക്കുക മുതലായ ഒന്നും പോപുലര്‍ ഫ്രണ്ടുകാരുടെ ലക്ഷ്യമായി ആരെങ്കിലും എഴുതിയതായോ പറഞ്ഞതായോ എവിടെയും വായിച്ചിട്ടോ കേട്ടിട്ടോ ഇല്ല.
പിന്നെ എങ്ങനെയാണ് പോപുലര്‍ ഫ്രണ്ടും ആര്‍എസ്എസും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാവുക? തീര്‍ച്ചയായും അവ രണ്ടും രണ്ടു വ്യത്യസ്ത നാണയങ്ങളുടെ ഒട്ടും രൂപസാദൃശ്യമില്ലാത്ത രണ്ടു പുറങ്ങളാണ്. മറിച്ചുള്ള വിധിത്തീര്‍പ്പ് ആരുടെയോ കണ്ണില്‍ നല്ലപിള്ള ചമയാനുള്ള ശ്രമത്തിന്റെ ഭാഗമല്ലെങ്കില്‍ അജ്ഞതയുടെ ഫലമാവാനേ തരമുള്ളൂ.
ഈയടുത്ത കാലത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരാളികള്‍ക്ക് വരമ്പത്തു വച്ചുതന്നെ കൂലി കൊടുക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞത്. തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ടവരെ തൊട്ടാല്‍ അതേ സ്പോട്ടില്‍ തിരിച്ചുകിട്ടും എന്നാണല്ലോ അപ്പറഞ്ഞതിന്റെ അര്‍ഥം. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടര്‍ച്ചകള്‍ക്കു പറയാനുള്ളത് ഇത്തരം പകരംവീട്ടലുകളുടെ തുടര്‍ക്കഥകളാണ്. സിപിഎമ്മും ആര്‍എസ്എസും പതിവായി പകരംവീട്ടുന്നു. മുസ്ലിംലീഗും കോണ്‍ഗ്രസ്സും ഇടയ്ക്കിടെ പകരംവീട്ടുന്നു. മുസ്ലിം മതസംഘടനകളായ എപിയും ഇകെയും വുദു മുറിയാതെ പകരം വീട്ടുന്നു.
പക്ഷേ, പോപുലര്‍ ഫ്രണ്ടുകാര്‍ പ്രതിരോധത്തെക്കുറിച്ചു പറയുമ്പോള്‍ മാത്രം അത് പടക്കം പൊട്ടിയതുപോലെ ശബ്ദകോലാഹലങ്ങളുണ്ടാക്കുന്നു. ഒന്നു ചോദിക്കട്ടെ, പ്രമേയം പാസാക്കിയ കെഎന്‍എം സ്ഥാപനങ്ങള്‍ കൈയേറാന്‍ പുറത്തുനിന്നുള്ളവര്‍ വേണ്ട, നേരത്തേ കൂടെയുണ്ടായിരുന്ന ഇന്സും ജിന്നും രണ്ടും കൂടി കൂടിയതും വന്നാല്‍ കെഎന്‍എം പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ മേല്‍ മൗലൂദ് ഓതി കൈയും കെട്ടിനില്ക്കുകയാവുമോ ചെയ്യുക?
വര്‍ഷങ്ങളായി മാറാട് പള്ളി അടഞ്ഞുകിടക്കുന്നു. മുസ്ലിംകളില് ഒരു വിഭാഗവും പ്രസ്തുത പള്ളി ബലമായി തുറക്കാന്‍ ഇന്നേവരെ തുനിഞ്ഞിട്ടില്ല. അടഞ്ഞുകിടക്കുന്ന പള്ളിയാകട്ടെ ചിതലരിച്ചു നശിക്കുന്നു. പ്രദേശവാസികളായ വിശ്വാസികളാവട്ടെ ആരാധനാസൗകര്യമില്ലാതെ വിഷമിക്കുകയും. മാറാട് കലാപകാലത്ത് ആ പള്ളിയില്‍ ആയുധങ്ങള്‍ സൂക്ഷിച്ചു എന്നാണത്രേ കേസ്. ട്രെയിനുകളിലും ബസ്സുകളിലും ഇതര വാഹനങ്ങളിലും പലപ്പോഴും ബോംബ് കടത്തുന്നു. എങ്കില്‍ പിന്നീട് ആ ട്രെയിന്‍ ഒരു കാലത്തും ഓടാറില്ലേ? എല്ലാറ്റിനും സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുമെങ്കില്‍ മുന്നണി സര്‍ക്കാരുകള്‍ എന്തേ മാറാട് പള്ളി തുറക്കാന്‍ മുമ്പോട്ടുവരുന്നില്ല?