|    Dec 11 Mon, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഏജന്റുമാരുടെ ഭീഷണിക്ക് വഴങ്ങിയില്ല : കബീറിന്റെ കടയില്‍ കോഴിക്ക് 87 രൂപ

Published : 14th July 2017 | Posted By: fsq

 

കാസര്‍കോട്: കോഴിക്കച്ചവടത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെ ഭീഷണിക്കു വഴങ്ങാതെ മധൂര്‍ ചെട്ടുംകുഴിയിലെ അല്‍കബീര്‍ ചിക്കന്‍ സെന്റര്‍ ഉടമ അബ്ദുല്‍ കബീര്‍ ഇറച്ചിക്കോഴി വില്‍ക്കുന്നത് കിലോഗ്രാമിന് 87 രൂപയ്ക്ക്. കര്‍ണാടകയില്‍ നിന്ന് ഇറച്ചിക്കോഴികളെ വാങ്ങി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്റ്റാളുകളിലേക്ക് കബീര്‍ വിതരണം ചെയ്യുന്നുണ്ട്. കര്‍ണാടകയിലെ ലോക്കല്‍ ഫാമുകളില്‍ നിന്നാണ് കോഴികളെ കൊണ്ടുവരുന്നത്. ഇവിടെ 103 രൂപ വരെയായിരുന്നു ചൊവ്വാഴ്ചത്തെ വില. എന്നാല്‍, ബുധനാഴ്ച 93 രൂപയായി കുറഞ്ഞു. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വന്‍കിട ഏജന്റുമാര്‍ കര്‍ണാടകയിലെ ഫാമുകളില്‍ വില കുറയ്ക്കാന്‍ അനുവദിക്കുന്നില്ല. ജില്ലയിലെ ചെറുകിട ഏജന്റുമാരില്‍ നിന്നു കമ്മീഷന്‍ വാങ്ങുന്ന ഇടനിലക്കാരനായ ഒരാളാണ് വില കുറയ്ക്കുന്നതിനു തടസ്സം നില്‍ക്കുന്നതെന്നു കബീര്‍ തേജസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം 10 ക്വിന്റല്‍ കോഴിയാണ് കബീര്‍ വില്‍പന നടത്തിയത്. ഏജന്റുമാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കച്ചവടമുറപ്പിച്ച കര്‍ണാടകയിലെ ഫാമില്‍ നിന്നുപോലും തന്നോട് പത്തു രൂപയോളം അധികം വാങ്ങിയതായും കബീര്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച 87 രൂപയ്ക്ക് കോഴിയെ വില്‍ക്കുമ്പോള്‍ 10 രൂപ ക്ലീനിങ് ചാര്‍ജായി ഈടാക്കുന്നുണ്ട്. കോഴിക്കച്ചവടമേഖലയിലെ കുത്തകകള്‍ ന്യായവിലയ്ക്ക് കോഴിയെ വില്‍ക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയാണ്. കേരള സര്‍ക്കാരിന്റെ ഇടപെടല്‍ നിമിത്തം കര്‍ണാടകയിലെ ഫാമില്‍ ദിവസം തോറും വില കുറയുന്നുണ്ട്. ഇന്നലെ 83 രൂപയാണ് മൊത്തക്കച്ചവടവില. വിപണിയിലെ വില നിയന്ത്രിക്കാന്‍ തന്നെപ്പോലുള്ള ചെറുകിടക്കാര്‍ വില കുറച്ചുനല്‍കുമ്പോഴും വന്‍കിടക്കാര്‍ 120-130 വരെ രൂപയ്ക്കാണ് കോഴിയെ വില്‍ക്കുന്നത്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 120 മുതല്‍ 125 രൂപ വരെയാണ് കിലോഗ്രാമിനു വില ഈടാക്കുന്നത്. ധനമന്ത്രി 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്നു നിര്‍ദേശിച്ചിട്ടും ഇതൊന്നും ഇവിടെയും നടപ്പായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക