|    Apr 23 Mon, 2018 5:41 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഏക സിവില്‍ കോഡ്: പ്രതിഷേധം ശക്തമാവുന്നു

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. മുസ്‌ലിം ലീഗിനു പിന്നാലെ കോണ്‍ഗ്രസ്സും കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആ ന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരാണ് ശക്തമായ എതിര്‍പ്പുന്നയിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആന്റണി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയുടെ നീക്കം. തിരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ ധ്രുവീകരണമാണ് അവരുടെ ലക്ഷ്യം. 10 വോട്ടുകിട്ടുന്നതിനായി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. അനവസരത്തിലുള്ള ഈ ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍ത്തണമെന്നും ആന്റണി ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.
ഏകീകൃത വ്യക്തി നിയമം വീണ്ടും പൊടിതട്ടിയെടുക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം തകര്‍ക്കാനേ ഉപകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇതു ജനങ്ങളെ രണ്ടുതട്ടിലാക്കാനേ കാരണമാവൂ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത്ത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ലോ കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടം കൈവരിക്കാനുള്ള സംഘപരിവാര ശക്തികളുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഇത് രാജ്യത്ത് സൃഷ്ടിക്കാന്‍ പോവുന്ന കോളിളക്കം ചെറുതായിരിക്കില്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
വിവാഹം, മരണം, സ്വത്തവകാശം എന്നിവ സംബന്ധിച്ച് ഇസ്‌ലാംമത വിശ്വാസികള്‍ പിന്തുടരുന്ന പ്രത്യേക വ്യക്തി നിയമമുണ്ട്. അതില്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയുടെ നിലനില്‍പ്പുതന്നെ മതേതരത്വത്തിലാണ്. ഇതു തകര്‍ക്കാനുള്ള ഏതുനീക്കവും ഇന്ത്യയെ തകര്‍ക്കും. നിരന്തരം വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഏകീകൃത വ്യക്തി നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് വലിയ തോതിലുള്ള പ്രത്യഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഏക സിവില്‍കോഡിനെതിരേ പ്രതിഷേധമുയര്‍ത്തിയ മുസ്‌ലിം ലീഗിനെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു. വിഭജനകാലത്തെ അതേ മാനസികാവസ്ഥയാണ് ഇപ്പോഴും മുസ്‌ലിം ലീഗിനുള്ളതെന്ന് കുമ്മനം പറഞ്ഞു. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ രാജ്യ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരാണെന്നതാണ് കുമ്മനത്തിന്റെ വാദം. ഭരണഘടന അനുശാസിക്കുന്ന ഒരു കാര്യം നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കാനേ പാടില്ലെന്ന് പറയുന്നത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. ലീഗിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സും സ്വീകരിക്കുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും കുമ്മനം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
മതേതരത്വത്തിന് ഭീഷണിയാണ് ഏകീകൃത സിവില്‍ കോഡെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം സംഘടനകളുടെ യോഗം വിളിക്കുമെന്നും കഴിഞ്ഞദിവസം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികപരമായ മാറ്റത്തിന് വഴിവയ്ക്കുന്ന ഏക സിവില്‍ കോഡിനെതിരേ തുടക്കം മുതലെ മുസ്‌ലിം ലീഗ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവയൊക്കെയും തള്ളിക്കളഞ്ഞ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിനെതിരേ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാവാനാണ് സാധ്യത.

സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ
കൊച്ചി: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ. രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഉപകരിക്കുന്നതാണ് ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കും ബാധകമായിട്ടുള്ള ഏകീകൃത സിവില്‍ കോഡെന്നും സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്കിലും ഭാരതത്തിലുള്ള എല്ലാ മതവിഭാഗങ്ങളുടെയും ആദിവാസികളുള്‍പ്പെടുന്ന ജനവിഭാഗങ്ങളുടെയും പരമ്പരാഗത നിയമങ്ങളും ആചാരക്രമങ്ങളും അംഗീകരിക്കുന്ന ഒരു ഏകീകൃത സിവില്‍ കോഡാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് കരുതുന്നു. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ക്ഷണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ചകളിലൂടെ എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss