|    Apr 24 Tue, 2018 4:56 am
FLASH NEWS

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ല: കാന്തപുരം

Published : 14th November 2016 | Posted By: SMR

തലശ്ശേരി: ചിലയാളുകളുടെ ദുഷിച്ച ചിന്തയില്‍നിന്നു വന്ന നിക്ഷിപ്ത താല്‍പര്യമാണ് ഏക സിവില്‍ കോഡെന്നും ഇത് രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. കുഞ്ഞായിന്‍ മുസ്‌ല്യാരും മാങ്ങാട്ടച്ചനും ഒരു ദേശത്തിന്റെ ചങ്ങാത്തമെന്ന സന്ദേശവുമായി എസ്എസ്എഫ് ജില്ലാ കമ്മിറ്റി തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് മാനവിക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇസ്‌ലാമിക സംസ്‌കാരം ഉന്മൂലനം ചെയ്യാനുള്ള ഗൂഢശ്രമാണ് ചിലര്‍ മെനയുന്നത്. ഇസ്‌ലാമിക പാതയില്‍ സഞ്ചരിക്കുന്ന ആര്‍ക്കും തീവ്രവാദിയാകാനോ മറ്റു മതങ്ങളെ ഇകഴ്ത്തുന്ന രീതിയില്‍ കാണാനോ കഴിയില്ല. മാനവസമൂഹം സംസ്‌കാരങ്ങളെ സ്‌നേഹിക്കാനും സംരക്ഷിക്കാനുമാണ് പഠിപ്പിക്കുന്നത്. കേന്ദ്രം അടിച്ചേല്‍പ്പിച്ച വികലമായ പുതിയ നോട്ട് പരിഷ്‌കാരം പുനപ്പരിശോധിക്കണം. പുതിയ പരിഷ്‌കാരം മൂലം രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നിരവധി സ്ഥാപനങ്ങളും ഇതുമൂലം അടച്ചുപൂട്ടേണ്ടി വന്നതായും കാന്തപുരം കൂട്ടിച്ചേര്‍ത്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ, സ്വാമി പ്രേമാനന്ദ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പട്ടുവം, എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, കെ അബൂബക്കര്‍, എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസയ്ന്‍ ഇരിക്കൂര്‍, ഫൈളുറഹ്മാന്‍ ഇര്‍ഫാനി, മുനീര്‍ നഈമി കരിയാട്, ഫൈസല്‍ മൂഴിക്കര സംസാരിച്ചു. രാവിലെ നടന്ന മാനവസംഗമം എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് എം വി അബ്ദുര്‍റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അമാനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പ്രഫ. യു സി അബ്ദുല്‍ മജീദ്, നവാസ് കൂരാറ, അബ്ദുല്‍ ഹക്കീം സഖാഫി, വി വി അബൂബക്കര്‍ സഖാഫി, അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, അബ്ദുല്‍ഖാദര്‍ ചൊവ്വ, റഫീഖ് അണിയാരം, ഷാജഹാന്‍ മിസ്ബാഹി സംബന്ധിച്ചു. അക്കാദമിക് സെഷനില്‍ ഫൈസല്‍ അഹ്‌സനി ഉളിയില്‍ വിഷയാവതരണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss