|    Feb 28 Tue, 2017 4:37 am
FLASH NEWS

ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്: യെച്ചൂരി

Published : 20th October 2016 | Posted By: SMR

ആലപ്പുഴ: ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുത്വലാഖിന്റെ പേരില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും അതിലൂടെ വര്‍ഗീയത വളര്‍ത്താനുമാണ്. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ സമരത്തിന്റെ 70ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ കാര്‍ഡിറക്കി യുപിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വിജയവും ഇവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. മുത്വലാഖ് മൗലീകാവകാശ ലംഘനമാണെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍, അതിന്റെ പേരിലുള്ള പരിഷ്‌കാരം ഏകപക്ഷീയമാവാന്‍ പാടില്ല. മുസ്‌ലിം സമുദായത്തിനകത്തെ സാമൂഹിക പരിഷ്‌കരണത്തിലൂടെയാണ് ഈ മാറ്റം ഉണ്ടാവേണ്ടത്. ഹിന്ദു സമൂഹത്തിനിടയിലും ഇത്തരത്തില്‍ പ്രവണതകളുണ്ട്. ഇക്കാര്യത്തില്‍ എന്തു നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഹിന്ദു സ്ത്രീക്കും പുരുഷനും തുല്യാവകാശമില്ല. ക്ഷേത്രപ്രവേശനം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. ഭരണഘടനാ ശില്‍പി ഡോ. അംബേദ്കര്‍ കൊണ്ടുവന്ന ഹിന്ദു കോഡിനെ എതിര്‍ത്ത് ശ്യാമപ്രകാശ് മുഖര്‍ജി രംഗത്തുവന്നു. ഈ നിലപാട് തന്നെയാണ് ബിജെപിയും ആര്‍എസ്എസും ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ മോദിയുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ലമെന്ററി കണ്‍സള്‍ട്ടന്‍സി യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി തന്നെ പറയുകയുണ്ടായി. മിന്നലാക്രമണം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇപ്രകാരം രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത് ആദ്യമാണെന്നായിരുന്നു വിദേശകാര്യ സെക്രട്ടറിയുടെ അഭിപ്രായം. ഭോപാലില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ സ്മരണ പുതുക്കുന്ന ചടങ്ങില്‍ പരംവീര്‍ചക്രം ലഭിച്ച ബ്രിഗേഡിയര്‍ ഹവീല്‍ദാര്‍ അബ്ദുല്‍ഹമീദിനെയും ബ്രിഗേഡിയര്‍ ഉസ്മാനെയും ഉള്‍പ്പെടുത്തുകയുണ്ടായില്ല. ഇന്ത്യ-പാക് വിഭജനവേളയില്‍ പാക് സര്‍വസൈന്യാധിപ പദവിയിലേക്ക് ക്ഷണിച്ച ബ്രിഗേഡിയര്‍ ഉസ്മാന്‍ ഇന്ത്യയില്‍ ജീവിക്കണമെന്ന ആഗ്രഹത്തോടെ പദവി ഉപേക്ഷിക്കുകയായിരുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു സമുദായത്തെ മോദി അവഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day