|    Jan 20 Fri, 2017 7:29 pm
FLASH NEWS

ഏക സിവില്‍കോഡ്; ഹിതപരിശോധന നടത്തണം: വ്യക്തിനിയമ ബോര്‍ഡ്

Published : 12th October 2016 | Posted By: SMR

civil-code

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്.
ശരീഅത്ത് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഏതു നീക്കങ്ങളെയും എതിര്‍ക്കുമെന്നും 99 ശതമാനം മുസ്‌ലിം സ്ത്രീകളും നിലവിലെ ശരീഅത്ത് നിയമത്തെ പിന്തുണയ്ക്കുന്നവരാണെന്നും ബോര്‍ഡിലെ മുതിര്‍ന്ന അംഗവും ഉത്തര്‍പ്രദേശിലെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലുമായ സഫര്‍യാബ് ജിലാനി പറഞ്ഞു. മുസഫര്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളുടെ അഭിപായം മാനിക്കാതെ മുസ്‌ലിം വ്യക്തിനിയമങ്ങളില്‍ ഇടപെടാനുള്ള തീരുമാനത്തെ അംഗീകരിക്കില്ല. ശരീഅത്ത് ഭേദഗതി വരുത്തുകയും അതിലൂടെ പൊതു സിവില്‍കോഡ് കൊണ്ടുവരുകയും ചെയ്യുകയെന്നതാണ് മുത്വലാഖ് നിരോധിക്കാനുള്ള നീക്കത്തിനു പിന്നില്‍.
അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ഇസ്‌ലാം ഏറ്റവുമധികം വെറുക്കപ്പെട്ടതായി എണ്ണിയ ഒന്നാണ് വിവാഹമോചനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാകിസ്താനിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മുസ്‌ലിംകള്‍ക്കു നിരവധി ഗുണപാഠങ്ങളുണ്ടെന്നും അവിടത്തെ ആരാധനാലയങ്ങള്‍പോലും സുരക്ഷിതമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശരീഅത്തിനെതിരേ സുപ്രിംകോടതിയില്‍ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി, ഹൈദരാബാദിലെ ജാമിഅ നിസാമിയ ചാന്‍സിലര്‍ സയ്യിദ് അക്ബര്‍ നിസാമുദ്ദീന്‍ ഹുസൈനി തുടങ്ങിയ പണ്ഡിതര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ആലോചന കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും ദേശീയ നിയമ കമ്മീഷന്‍ ഇപ്പോള്‍ നടത്തുന്നത് അക്കാദമിക ചര്‍ച്ചകള്‍ മാത്രമാണെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഏക സിവില്‍കോഡ് നിയമം നടപ്പാക്കുന്നതു സംബന്ധിച്ച പൊതുജനാഭിപ്രായം തേടി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
എന്നാല്‍, ഏക സിവില്‍കോഡ് നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇങ്ങനെയൊരു നിര്‍ദേശംപോലും സര്‍ക്കാരിന്റെ പരിഗണനയിലില്ല. അക്കാദമിക ചര്‍ച്ചകള്‍ ഒരു പരിഷ്‌കൃത സമൂഹത്തിലുണ്ടാവുക സ്വാഭാവികമാണ്. ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക