|    Jan 20 Fri, 2017 3:07 am
FLASH NEWS

ഏക സിവില്‍കോഡ് മതേതരത്വത്തെ തകര്‍ക്കും

Published : 20th August 2015 | Posted By: admin

പ്രഫ. ഹുസൈന്‍ മടവൂര്‍

തേജസ് ദൈ്വവാരിക ഓഗസ്റ്റ് 16

മൂന്നു മണിക്കൂര്‍ നേരത്തേക്കു ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ വിശ്വാസം തകര്‍ന്നുപോവുകയൊന്നുമില്ല എന്ന സുപ്രിംകോടതിയുടെ പരാമര്‍ശം തെറ്റാണ്. കാരണം, മതപരമായി നിയമവിധേയമല്ലാത്ത ഒരു കാര്യം മൂന്നു മണിക്കൂറോ ഒരു മണിക്കൂറോ ഒരു മിനിറ്റു പോലും ചെയ്യാന്‍ പാടില്ലാത്തതാണ്. മദ്യപാനം, മോഷണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ചോദിക്കുന്നതിലെ അസ്വാഭാവികത ശിരോവസ്ത്രത്തെക്കുറിച്ച ചോദ്യത്തിലുമുണ്ട്. ഫ്രാന്‍സ് പോലുള്ള പല രാജ്യങ്ങളിലും അങ്ങനെ നിയമമുണ്ടല്ലോ എന്നൊക്കെയാണ് ചൂണ്ടിക്കാണിക്കുന്നത്. നമ്മുടേത് എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്ന ഒരു മതേതര ജനാധിപത്യ രാജ്യമാണ്. മറ്റു രാജ്യങ്ങള്‍ എങ്ങനെ എന്നത് നമുക്കു പ്രശ്‌നമല്ല. മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല വസ്ത്രധാരണം. കേരളത്തില്‍ തന്നെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംഭവിച്ച കാര്യം നമുക്കറിയാം. ഒരു കന്യാസ്ത്രീയുടെ ശിരോവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. സ്വന്തമായി ഒരു മുറിയില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കുമെങ്കില്‍ ശിരോവസ്ത്രം അഴിക്കാമെന്നവര്‍ സമ്മതിച്ചു. പക്ഷേ, അത് അനുവദിക്കപ്പെട്ടില്ല. അവരെ ഇറക്കിവിടുകയാണ് ചെയ്തത്. ക്രിസ്ത്യന്‍ സ്ത്രീകള്‍ തല മറയ്ക്കുന്നവരുണ്ട്. സിഖ് പുരുഷന്മാര്‍ തല മറയ്ക്കണമെന്നുണ്ട്. രാജസ്ഥാനിലും ഹരിയാനയിലുമൊക്കെ ചില ഹിന്ദു സ്ത്രീകള്‍ സാരിത്തലപ്പുകൊണ്ട് മുഖം മറച്ചാണ് പുറത്തിറങ്ങി നടക്കാറ്. ബിഹാര്‍, ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുസ്ത്രീകള്‍ തല മറയ്ക്കും. ഇന്ദിരാഗാന്ധിയും മദര്‍ തെരേസയും തല മറയ്ക്കാറുണ്ടായിരുന്നു. മുസ്‌ലിംകളെ മാത്രമല്ല, ഹിന്ദു-ക്രൈസ്തവ-സിഖ് വിഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു കോടതിയുടെ ഈ പരാമര്‍ശം. ഇവര്‍ക്കൊക്കെ തങ്ങളുടെ മതവിശ്വാസമനുസരിച്ച് ഇവിടെ ജീവിക്കാന്‍ കഴിയില്ലേ എന്നൊരു ചോദ്യമുണ്ട്. മതവിഭാഗങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകളയുന്ന നിലപാടുകള്‍ അനുവര്‍ത്തിച്ചുകൂടാ. മുസ്‌ലിം പെണ്‍കുട്ടികള്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നത് ഇഷ്ടപ്പെടാത്ത അവസ്ഥയുണ്ട്. മുസ്‌ലിം പെണ്‍കുട്ടികളോട് മാത്രമല്ല, കേരളത്തോടു പോലും പ്രത്യേകമായി ഈ അനിഷ്ടം നിലനില്‍ ക്കുന്നുണ്ട്. ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, അലിഗഡ് യൂനിവേഴ്‌സിറ്റി, എയിംസ് മെഡിക്കല്‍ കോളജ്, ഐ.ഐ.ടി. തുടങ്ങിയ സ്ഥാപനങ്ങളിലൊക്കെ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ നിരവധിയുണ്ട്. കേരളത്തിന്റെ ഈ മികവ് ഇഷ്ടപ്പെടാത്തവരാണ് കഴിഞ്ഞ പ്രാവശ്യം ഫാറൂഖ് കോളജില്‍ നടത്തിയ അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ പരീക്ഷയില്‍ കൃത്രിമമുണ്ടോ എന്നു സംശയിച്ചത്. കാരണം, ആ പരീക്ഷയില്‍ നിരവധി കുട്ടികള്‍ വിജയിക്കുകയുണ്ടായല്ലോ. മൊത്തത്തില്‍ കേരളത്തിനെതിരിലും മുസ്‌ലിംകള്‍ക്കെതിരിലും പ്രത്യേകിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരിലും ഗൂഢാലോചനയുണ്ടോ എന്നു സ്വാഭാവികമായും നമ്മള്‍ സംശയിക്കുന്നുണ്ട്. ഓരോ വ്യക്തിക്കും തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാവും കോടതിയുടെ ഇത്തരം പരാമര്‍ശങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും. ഇന്ത്യയില്‍ ഏതൊരാള്‍ക്കും അയാള്‍ വിശ്വസിക്കുന്ന മതമനുസരിച്ചു ജീവിക്കാനും ആചരിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നിബന്ധന ഒരാളുടെ മതവിശ്വാസം കൊണ്ട് മറ്റൊരാള്‍ക്ക് ഒരു ദോഷവും വരരുത് എന്നതു മാത്രമാണ്. ഒരാള്‍ തല മറച്ചുവെന്നതുകൊണ്ട് വേറെ ഒരാള്‍ക്കും ഒരു ദോഷവും വരുന്നില്ല. ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളൂ. കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാവുമെന്ന ആശങ്ക പരത്താനുള്ള വര്‍ഗീയ സംഘടനകളുടെ ശ്രമങ്ങള്‍ പണ്ടേ തുടങ്ങിയതാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ ഇങ്ങനെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി., ആര്‍.എസ്.എസ്. സംഘാടകര്‍ ഇങ്ങനെയുള്ള ആശങ്കകള്‍ പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടാണ് താഴേക്കിടയിലുള്ള ആളുകളെ തങ്ങളുടെ പാര്‍ട്ടിയിലേക്കു കൊണ്ടുവരുന്നത്. ശരീഅത്ത് നിയമപരിഷ്‌കരണമാവാം. പക്ഷേ, ഇസ്‌ലാമിക നിയമം ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവരുടെ ബോഡിയായിരിക്കണം പരിഷ്‌കരണം വരുത്തേണ്ടത്. ഇപ്പോള്‍ ത്വലാഖിനെക്കുറിച്ചായിരിക്കുന്നു ചര്‍ച്ച. വനിത-ശിശുക്ഷേമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയോട് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുള്ള നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് മുത്ത്വലാഖ് വീണ്ടും വിവാദവിഷയമായിരിക്കുന്നത്. പ്രസ്തുത സമിതിയുടെ നിര്‍ദേശങ്ങളില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കണം, 16 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടിക്ക് ലിവിങ് റ്റുഗതര്‍ (ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ വിവാഹം ചെയ്യാതെത്തന്നെ ജീവിക്കാനുള്ള അനുവാദം) അനുവദിക്കണം, ക്രിസ്ത്യന്‍ നിയമമനുസരിച്ച് വിവാഹമോചനത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് രണ്ടു വര്‍ഷം വേറിട്ടു ജീവിക്കണമെന്ന നിയമം ഒരു വര്‍ഷമായി ചുരുക്കണം, ഹിന്ദുക്രമമനുസരിച്ച് വിവാഹബന്ധം ഒഴിവാക്കിയാലും ഒരു കൊല്ലത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കണമെന്ന നിയമം എടുത്തുകളയണം തുടങ്ങിയ നിരവധി നിര്‍ദേശങ്ങളുണ്ട്. അവയില്‍ ഒരു വിഷയം മാത്രമാണ് ത്വലാഖ്. മുസ്‌ലിം പണ്ഡിതന്മാര്‍ മൂന്നു ത്വലാഖ് ഒരുമിച്ചു പറയുന്നതു തെറ്റാണെന്നാണ് പറയുന്നത്. കേരളത്തിലെ സുന്നി, തബ്‌ലീഗ്, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും പണ്ഡിതന്മാരും ത്വലാഖ് പറയേണ്ടതിനു വിവിധ സ്റ്റെപ്പുകളുണ്ടെന്നും മധ്യസ്ഥശ്രമങ്ങള്‍ ഫലപ്രദമാവുന്നില്ലെങ്കില്‍ മാത്രമാണ് ത്വലാഖ് പാടുള്ളൂവെന്നുള്ള അഭിപ്രായത്തില്‍ യോജിക്കുന്നവരാണ്. അഭിപ്രായവ്യത്യാസം വരുന്നത് മൂന്നു ത്വലാഖ് ഒരുമിച്ചുപറഞ്ഞാല്‍ എത്രയായി പരിഗണിക്കാം, ഒന്നോ മൂന്നോ എന്ന കാര്യത്തില്‍ മാത്രമാണ്. അത് കര്‍മശാസ്ത്രവിഷയമാണ്, പൊതുചര്‍ച്ചയുടെ ആവശ്യമില്ല.ഈ വിവാദം വന്നപ്പോള്‍ മറ്റു സംഘടനകളിലെ പണ്ഡിതന്മാരുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ എല്ലാവരും പറഞ്ഞത് മൂന്നു ത്വലാഖ് ഒരുമിച്ചു പറയുന്നത് ശരിയല്ല, അതു ശരീഅത്തിന് എതിരാണെന്നാണ്. അപ്പോള്‍ ഒരുമിച്ച് ത്വലാഖ് പറയുന്ന വിഷയത്തില്‍ ഒരു നിയന്ത്രണം കൊണ്ടുവരാം. അതിനെ നമ്മള്‍ എതിര്‍ക്കേണ്ടതില്ല. ശരീഅത്ത് എന്നു പറയുന്നത് ആരൊക്കെയോ എഴുതിവച്ച മുസ്‌ലിം ലോ ആണ്. ‘ജസ്റ്റീഷ്യ’ എന്ന കോഴിക്കോട്ടെ മുസ്‌ലിം വക്കീല്‍മാരുടെ ഒരു സംഘടന ഒരു ശരീഅത്ത് കോഡ് ഉണ്ടാക്കിവരുന്നുണ്ട്. അതു പൂര്‍ത്തിയായിട്ടില്ല. അങ്ങനെയുണ്ടാക്കുന്ന കോഡ് സമുദായത്തില്‍ ചര്‍ച്ച ചെയ്തു പാര്‍ലമെന്റിനും സര്‍ക്കാരിനും സമര്‍പ്പിക്കണം. വിവാഹം, സ്വത്തവകാശം, ഇഷ്ടദാനം, വഖ്ഫ് എന്നിങ്ങനെയുള്ള പല കാര്യങ്ങളും മതനിയമങ്ങളുമായി ബന്ധുള്ളതുകൊണ്ടാണ് അവ പേഴ്‌സനല്‍ ലോയില്‍ ഉള്‍പ്പെടുത്തുന്നത്. ക്രിമിനല്‍ നിയമങ്ങള്‍ മമധാധിഷ്ടിതമാവണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. വ്യക്തിനിയമം തന്നെ ഇസ്‌ലാമിക വ്യക്തിനിയമം മുസ്‌ലിംകള്‍ക്കിടയിലും ക്രിസ്ത്യന്‍ വ്യക്തിനിയമം ക്രിസ്ത്യാനികള്‍ക്കിടയിലും ഹിന്ദു വ്യക്തിനിയമം ഹിന്ദുക്കള്‍ക്കിടയിലുമാണ് നടപ്പിലാവുന്നത്. ഒരു വിഭാഗത്തിന്റെ വ്യക്തിനിയമം കൊണ്ട് മറ്റൊരു വിഭാഗത്തിനും ദോഷമോ ബുദ്ധിമുട്ടോ വരുന്നില്ല. ഇനി ഏതെങ്കിലും സമുദായക്കാര്‍ ഞങ്ങള്‍ക്ക് ഏക സിവില്‍കോഡ് മതി എന്ന് ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കാം. മുസ്‌ലിംകളില്‍ തന്നെ ചിലര്‍ വിവാഹത്തില്‍ ഇസ്‌ലാമികമല്ലാത്ത നിയമങ്ങളാണ് തങ്ങള്‍ക്കു വേണ്ടതെന്നു പറഞ്ഞാല്‍ അത് അനുവദിക്കുന്നുണ്ട്. ഏക സിവില്‍കോഡിനു വേണ്ടിയുള്ള മുറവിളി രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കും. ഏക സിവില്‍കോഡ് മതേതരത്വത്തെ അപകടപ്പെടുത്തും. നാം മതേതരത്വത്തിന് തെറ്റായ വ്യാഖ്യാനം നല്‍കുകയാണ്. സ്റ്റേറ്റിനു മതമില്ല. വ്യക്തികള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനോ ഒരു മതവും സ്വീകരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യമാണ്് മതേതരത്വം. എന്നാല്‍, ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്‌റ്റേറ്റ് ഒരു മതത്തെ പ്രതിനിധീകരിക്കുന്ന പ്രവണതയാണ്. നിലവിളക്കും സൂര്യനമസ്‌കാരവും യോഗയും ആയുധപൂജയുമൊക്കെ സ്റ്റേറ്റിന്റെ ആചാരങ്ങളായിത്തീരുകയാണ്. അത് മതേതരത്വത്തിന് എതിരാണ്. ിതയ്യാറാക്കിയത്:ഉബൈദ് തൃക്കളയൂര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 136 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക