|    Jul 24 Mon, 2017 12:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏക സിവില്‍കോഡ്: ന്യൂനപക്ഷങ്ങള്‍ ജാഗ്രത പുലര്‍ത്തണം- ഭാസുരേന്ദ്ര ബാബു

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവിധത്തില്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ഇതിനെതിരേ മതേതര വിശ്വാസികള്‍ രംഗത്തുവരണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു.
ഏക സിവില്‍കോഡിനും മുസ്‌ലിം വേട്ടയ്ക്കുമെതിരേ മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഇന്ത്യയില്‍ ന്യൂനപക്ഷ വേട്ട വ്യാപകമാവുമ്പോള്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഗൗരവമായി ഇടപെടാതിരിക്കുന്നതു ശരിയല്ലെന്നും ഏക സിവില്‍കോഡ് വിവിധ മതങ്ങളില്‍പ്പെട്ട ജനങ്ങളുടെ വിശ്വാസാചാരങ്ങളെ ഹനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിടാന്‍ നടത്തിയ ക്വിറ്റ്ഇന്ത്യ സമരം പോലെ ഏക സിവില്‍കോഡ് ഇന്ത്യയില്‍ വേണ്ടെന്ന് അധ്യക്ഷത വഹിച്ച കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു പറഞ്ഞു. ഡോ. നിസാറുദ്ദീന്‍, പാച്ചല്ലൂര്‍ അബ്ദുല്‍സലീം മൗലവി, ഇ സുല്‍ഫി, എ ഇബ്രാഹിംകുട്ടി, പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, നിസാര്‍ മൗലവി, വള്ളക്കടവ് നസീര്‍, പ്രഫ. അബ്ദുര്‍ റഷീദ്, എ എല്‍ നിസാര്‍, കാസിം പരുത്തിക്കുഴി തുടങ്ങിയ വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ ഏജീസ് ഓഫിസിനു മുന്നില്‍ നടന്ന ഒപ്പുശേഖരണ പരിപാടിയില്‍ പങ്കെടുത്തു.
മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി 20നു നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ മുസ്‌ലിം സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക