|    Jan 21 Sat, 2017 6:42 pm
FLASH NEWS

ഏക സിവില്‍കോഡ്: നിയമ കമ്മീഷന്റെ നടപടി നിയമവിരുദ്ധം; ചോദ്യാവലി മുസ്‌ലിം സംഘടനകള്‍ ബഹിഷ്‌കരിക്കും

Published : 14th October 2016 | Posted By: SMR

uniform-civil-code

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ്, മുത്വലാഖ് വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നതിനു നിയമ കമ്മീഷന്‍ തയ്യാറാക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകളുടെ തീരുമാനം. വിവിധ മുസ്‌ലിം സംഘടനകള്‍ സംയുക്തമായി എടുത്ത തീരുമാനം ഇന്നലെ ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി വലി റഹ്മാനിയാണ് അറിയിച്ചത്.
എല്ലാവരും ചോദ്യാവലി ബഹിഷ്‌കരിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ആഹ്വാനം ചെയ്തു. വിവിധ വിശ്വാസങ്ങളെയും ആചാരങ്ങളെയും പിന്തുടരുന്ന ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്ത് ഒരു വിഭാഗത്തിന്റെ വിശ്വാസസ്വാതന്ത്ര്യം ഹനിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമ കമ്മീഷന്റെ നടപടി നിയമവിരുദ്ധമാണ്. ഇന്ത്യയില്‍ മുഴുവന്‍ പൗരന്‍മാര്‍ക്കും ഒരൊറ്റ വ്യക്തിനിയമം എന്നത് പ്രാവര്‍ത്തികമല്ല. വിശ്വാസം അനുസരിച്ചു ജീവിക്കാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നിരിക്കെ ചിലര്‍ ഏക സിവില്‍കോഡ് ഉയര്‍ത്തി അതു ലംഘിക്കാന്‍ ശ്രമിക്കുകയാണ്.
സര്‍ക്കാര്‍ പല നിലയ്ക്കും നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ഏക സിവില്‍കോഡ് നീക്കം ശക്തമാക്കിയത്. മുസ്‌ലിം സമുദായം പിന്തുടരുന്ന ശരീഅത്ത് നിയമങ്ങളില്‍ മാത്രം ഭേദഗതി കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്തോടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചോദ്യാവലി പ്രസിദ്ധീകരിച്ച നിയമ കമ്മീഷന്റെ നടപടി യുക്തിക്കു നിരക്കാത്തതാണ്. മൗലാനാ സയ്യിദ് അര്‍ഷദ് മദനി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), മുഹമ്മദ് ജഅ്ഫര്‍ (ജമാഅത്തെ ഇസ്‌ലാമി), മൗലാനാ അസ്ഗര്‍ ഇമാം മഹ്ദി സലഫി (മര്‍കസി ജംഇയ്യത്ത് അഹ്‌ലെ ഹദീസ്), മൗലാനാ മഹ്മൂദ് മദനി (ജംഇയ്യത്ത് ഉലമായെ ഹിന്ദ്), ഡോ. മന്‍സൂര്‍ ആലം (ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍), നുവൈദ് ഹാമിദ് (ഓള്‍ ഇന്ത്യാ മജ്‌ലിസെ മുശാവറ), അബ്ദുല്‍ ഖാസിം നുഅ്മാനി (ദാറുല്‍ ഉലൂം ദയൂബന്ദ്), മൗലാനാ മുഹ്‌സിന്‍ തഖ്‌വി (ഇമാം, കശ്മീരി ഗേറ്റ് ശീഈ ജുമാമസ്ജിദ്) തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഏകീകൃത വ്യക്തിനിയമം കൊണ്ടുവരേണ്ടതുണ്ടോ, നിലവിലെ വ്യക്തിനിയമം തന്നെ തുടരണോ, മുത്വലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കണോ തുടങ്ങിയ 16 ചോദ്യങ്ങളടങ്ങിയ പട്ടിക കഴിഞ്ഞയാഴ്ചയാണ് നിയമ കമ്മീഷന്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതിനു പുറമേ മുത്വലാഖിനെയും ബഹുഭാര്യത്വത്തെയും എതിര്‍ത്തു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 172 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക