|    Dec 11 Mon, 2017 6:03 am
Home   >  Todays Paper  >  Page 1  >  

ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവാദമായ ഏക സിവില്‍കോഡ് വിഷയം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മുഴുവന്‍ പൗരന്‍മാര്‍ക്കും ഒരേതരം വ്യക്തിനിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയം നിയമ കമ്മീഷന് നിര്‍ദേശം നല്‍കി. ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായി ഇത്തരമൊരു നീക്കം നടത്തുന്നത്.
നിയമപരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കുന്ന സമിതിയാണ് നിയമ കമ്മീഷന്‍. സുപ്രിംകോടതി മുന്‍ ജസ്റ്റിസ് ബല്‍ബീര്‍ സിങ് ചൗഹാനാണ് അധ്യക്ഷന്‍. നിലവില്‍ രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേക വ്യക്തിനിയമങ്ങളാണ് ഉള്ളത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പൈതൃകാവകാശം തുടങ്ങിയവയാണ് ഇതിന്റെ പരിധിയില്‍വരിക. ഇവയെല്ലാം ഏകീകരിക്കണമെന്ന വാദമാണ് പതിറ്റാണ്ടുകളായി ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്നത്. ബിജെപിയും ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ലോക്‌സഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള പശ്ചാത്തലത്തിലാണു നരേന്ദ്രമോദി സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ നീക്കമാരംഭിച്ചത്.
വ്യത്യസ്ത മതവിഭാഗക്കാരായ പൗരന്‍മാര്‍ക്ക് അവരുടെ മതപരമായ അവകാശങ്ങള്‍ ഹനിക്കുന്നുവെന്ന വിഷയമെന്ന നിലയില്‍ ഏക സിവില്‍കോഡ് എന്ന ആശയം പരക്കെ വിമര്‍ശിക്കപ്പെട്ടതാണ്. ഏതാണ്ട് മുഴുവന്‍ മുസ്‌ലിം സംഘടനകളും ഇതിനെതിരാണ്. മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും എതിര്‍പ്പുണ്ട്.
1840ലായിരുന്നു ഏക സിവില്‍കോഡ് വാദം ആദ്യമുയരുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലും ഹിന്ദുത്വ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നടപ്പായില്ല. സ്വാതന്ത്രത്തിന് ശേഷവും വാദം ശക്തമായെങ്കിലും സമവായത്തിലെത്താനായില്ല. മുസ്‌ലിം വ്യക്തിനിയമത്തില്‍ പരിഷ്‌കരണമാവശ്യപ്പെട്ട് ഷാഹ്ബാനു എന്ന സ്ത്രീ 1985ല്‍ സമര്‍പ്പിച്ച കേസാണ് ഏക സിവില്‍കോഡ് ചര്‍ച്ചകള്‍ക്കു ചൂടുപകര്‍ന്നത്. ഇപ്പോള്‍ ഷയറാബാനുവെന്ന മറ്റൊരു സ്ത്രീ മുത്ത്വലാഖ്, നിക്കാഹ് എന്നിവയ്‌ക്കെതിരേ സുപ്രിംകോടതിയെ സമീപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക