|    Jan 18 Wed, 2017 5:26 pm
FLASH NEWS

ഏക സിവില്‍കോഡ്: ഒറ്റപ്പെട്ട് ബിജെപി; സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് കൊണ്ടുവരാനാവില്ലെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്. അതു പുരോഗമനപരമാണെന്ന് ബിജെപി. ഏക സിവില്‍കോഡ് കൊണ്ടുവരുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം ആരാഞ്ഞ് നിയമ കമ്മീഷന്‍ ചോദ്യാവലി മുന്നോട്ടുവച്ചതിനു പിന്നാലെ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിവിധ കക്ഷി എംപിമാര്‍ ഏക സിവില്‍കോഡ് ശ്രമത്തിനു പിന്നിലെ സര്‍ക്കാര്‍ ലക്ഷ്യത്തെ വ്യാഴാഴ്ച സഭയില്‍ വിമര്‍ശിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് ജെഡി(യു) പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. ഇന്ത്യയുടെ വൈവിധ്യത്തെയും നാനാത്വത്തെയും കൊല്ലാനുള്ള നീക്കമെന്നായിരുന്നു എംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്. നിയമ കമ്മീഷന്‍ മുന്നോട്ടുവച്ച ചോദ്യാവലികളെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും മറ്റുചില സംഘടനകളും നേരത്തെ തന്നെ എതിര്‍ക്കുകയും ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനംചെയ്യുകയും ചെയ്തിരുന്നു. മുത്വലാഖ് തടയുന്ന നീക്കത്തെ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു.
ബിജെപി സര്‍ക്കാരിന്റെ ശരിയായ അജണ്ട സമൂഹത്തില്‍ മുസ്‌ലിം വിഭാഗത്തെ ധ്രുവീകരിച്ചു മാറ്റിനിര്‍ത്തലാണെന്നും ഉവൈസി സഭയില്‍ പറഞ്ഞു. വിവിധ സമുദായങ്ങളും മതങ്ങളും വ്യക്തിഗത നിയമത്തിന് പ്രാധാന്യം നല്‍കി ജീവിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഏക സിവില്‍കോഡുപോലുള്ള നിയമം കൊണ്ടുവരിക ബുദ്ധിമുട്ടാണെന്ന് മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലി അഭിപ്രായപ്പെട്ടു. നീക്കം ഹിന്ദുവിനെയും മുസ്‌ലിമിനെയും പരസ്പരം എതിര്‍ചേരിയിലാക്കാനുള്ള വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.
നിയമ കമ്മീഷന്‍ ബന്ധപ്പെട്ടവരില്‍ നിന്ന് അഭിപ്രായം തേടുകയാണു ചെയ്തതെന്നും അതിനുശേഷം പരിഗണനയിലുള്ള അഭിപ്രായമായി സുപ്രിംകോടതിയില്‍ അത് സമര്‍പ്പിക്കുകയും ചെയ്യുമെന്നായിരുന്നു ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ഥ്‌നാഥ് സിങിന്റെ വിശദീകരണം. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിലെ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തനിക്ക് അക്കാര്യത്തില്‍ ഒന്നുംചെയ്യാനില്ലെന്നും സിദ്ധാര്‍ഥ്‌നാഥ് വിശദീകരിച്ചു. സമൂഹത്തെ ധ്രുവീകരിക്കല്‍ മാത്രമാണു ചിലരുടെ ലക്ഷ്യമെന്നും ജെഡി (യു) എംപി അലി അന്‍വര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 193 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക