|    Feb 28 Tue, 2017 6:41 pm
FLASH NEWS

ഏക സിവില്‍കോഡ്; ഒന്നിച്ചുള്ള പോരാട്ടം അനിവാര്യം: ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി

Published : 29th October 2016 | Posted By: SMR

കൊല്ലം: രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏക സിവില്‍കോഡിനെതിരേ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി. ഏക സിവില്‍കോഡ് അംഗീകരിക്കില്ല, ശരീഅത്ത് വികലമാക്കാന്‍ അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി വ്യക്തിനിയമ സംരക്ഷണസമിതി കൊല്ലം കര്‍ബല മൈതാനിയില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളെയും മുസ്‌ലിംകളെയും മറ്റുള്ളവരെയും തമ്മിലടിപ്പിക്കാന്‍ വേണ്ടിയാണ് ഏക സിവില്‍കോഡിന് വേണ്ടിയുള്ള ശ്രമം നടത്തുന്നത്. കലാപങ്ങളിലൂടെയും മറ്റും ആയിരക്കണക്കിന് മുസ്‌ലിം സ്ത്രീകളെ കൊലപ്പെടുത്തുകയും അവരെ വിധവകളാക്കുകയും ചെയ്തപ്പോള്‍ തോന്നാത്ത സ്‌നേഹം മുസ്‌ലിം സ്ത്രീകളോട് നരേന്ദ്ര മോദിക്ക് ഇപ്പോള്‍ തോന്നുന്നത് ദുരുദേശ്യപരമാണ്. മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിനെ വെട്ടിച്ചുരുക്കി ശരീഅത്തിനെ വികലമാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇസ്‌ലാം സംരക്ഷിക്കപ്പെടേണ്ട ബാധ്യത ഓരോരുത്തര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ഹിഡന്‍ അജണ്ടയുടെ ഭാഗമാണ് ഏക സിവില്‍കോഡെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റിയംഗം മുഫ്തി ഇഅ്ജാസ് അര്‍ഷദ് ഖാസിമി പറഞ്ഞു. ഭരണഘടനയുടെ 25 മുതല്‍ 44 വരെയുള്ള ആര്‍ട്ടിക്കിള്‍ പ്രകാരം ഒരു കാരണവശാലും ഏക സിവില്‍കോഡ് പാടില്ല. മുത്വലാഖിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോള്‍ ഏക സിവില്‍കോഡ് വാദം ഉയര്‍ത്തുന്നത്. ഇതിനെതിരേ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ശക്തമായ സമരം ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ മൂന്നുകോടിയിലധികം ആള്‍ക്കാരില്‍നിന്ന് ഒപ്പു ശേഖരിച്ച് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിനിയമ സംരക്ഷണസമിതി ചെയര്‍മാന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ ഹുസയ്ന്‍ മൗലാന, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. പി ഒ ജെ ലബ്ബ, മുന്‍ എംഎല്‍എ എ യൂനുസ്‌കുഞ്ഞ്, അഡ്വ. എ ഷാനവാസ് ഖാന്‍, വ്യക്തിനിയമ സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, അബ്ദുല്‍ അസീസ്, വലിയത്ത് ഇബ്രാഹീംകുട്ടി, മുഹമ്മദ് ബാദുഷ സഖാഫി, മുഹമ്മദ് സ്വാലിഹ് മൗലവി, കാരാളി സുലൈമാന്‍ ദാരിമി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മയ്യത്തുംകര, എ ജുനൈദ്, എ കെ സലാഹുദ്ദീന്‍, ആസാദ് റഹീം, എം എ സമദ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day