|    Jun 28 Wed, 2017 4:11 pm
FLASH NEWS

ഏക സിവില്‍കോഡ് എന്തുവില കൊടുത്തും പ്രതിരോധിക്കും: ആലിക്കുട്ടി മുസ്‌ല്യാര്‍

Published : 23rd November 2016 | Posted By: SMR

കല്‍പ്പറ്റ: ശരീഅത്ത് തകര്‍ക്കാന്‍ രാജ്യത്ത് നടപ്പാക്കുന്ന ഏക സിവില്‍കോഡിനെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്നു സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ പ്രഖ്യാപിച്ചു. പ്രതിരോധിക്കാനായി പിന്തുടരേണ്ടത് മഹാത്മാഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വിഭാവനം ചെയ്ത അഹിംസയുടെ പാതയാവണമെന്നും അദ്ദേഹം ഉണര്‍ത്തിച്ചു. ഏക സിവില്‍കോഡിനെതിരേ സമസ്ത ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിയും പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 300ലധികം മതങ്ങളും നൂറിലധികം ഭാഷകളുമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ ഇവിടെ ഏക സിവില്‍കോഡ് നടപ്പാക്കുക എന്നത് അസാധ്യമാണ്. എല്ലാവര്‍ക്കും ഒരുമതം, ഒരുനിയമം, ഒരു കോഡ് എന്നതു നടപ്പാക്കല്‍ അസാധ്യമാണെന്നതു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ഒരുകാലത്തും സാധിക്കില്ലെന്ന് രാജ്യത്തെ ഭൂരിഭാഗം മതങ്ങളും ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇതൊന്നും ഗൗനിക്കാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെ എന്തു വിലകൊടുത്തും പ്രതിരോധിക്കാന്‍ ഇവിടുത്തെ മുസ്‌ലിം സമുദായം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുപ്രിംകോടതി രാജ്യത്തെ മതവിശ്വാസികള്‍ക്ക് അവരവരുടെ മതവിശ്വാസങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നു കാണിച്ച് നല്‍കിയ അനുവാദത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് ഇപ്പോഴത്തെ ഭരണകൂടം ശ്രമിക്കുന്നത്. മുമ്പും ഇത്തരത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. അന്നൊക്കെ രാജ്യത്തെ മുഴുവന്‍ മതവിഭാഗങ്ങളും ഈ നീക്കത്തിനെതിരേ രംഗത്തുവന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതേ അവസ്ഥായാവും ഇപ്പോഴത്തെ സര്‍ക്കാരിനും ഈ വിഷയത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ ടി ഹംസ മുസ്‌ല്യാര്‍, വി മൂസക്കോയ മുസ്‌ല്യാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, കെ കെ അഹമ്മദ് ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, എസ് മുഹമ്മദ് ദാരിമി, പി കെ അസ്മത്ത്, പി കെ ഇബ്രാഹീം ഫൈസി, ഹസന്‍ മുസ്‌ല്യാര്‍ തലപ്പുഴ, അഷ്‌റഫ് ഫൈസി, ടി സി അലി മുസ്‌ല്യാര്‍, ഹാരിസ് ബാഖവി കമ്പളക്കാട് സംസാരിച്ചു. ശരീഅത്ത് സംരക്ഷണ റാലിയില്‍ ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക