|    Jan 25 Wed, 2017 12:53 am
FLASH NEWS

ഏക സിവില്‍കോഡ് അപ്രായോഗികമാവുന്നത്

Published : 13th February 2016 | Posted By: swapna en

അഡ്വ. കെ പി മുഹമ്മദ് ശരീഫ്

civil-code


 

ഏക സിവില്‍കോഡ് വളരെ അവ്യക്തമായ ഒരാശയമാണ്. നമ്മുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 ഏക സിവില്‍കോഡ് രാജ്യത്തുടനീളം നടപ്പില്‍ വരുത്താന്‍ സ്റ്റേറ്റ് ശ്രമിക്കണമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗമായി പറയുന്നുണ്ട്. ഭരണഘടനയില്‍ യൂണിഫോം സിവില്‍കോഡ് നിര്‍വ്വചിച്ചിട്ടില്ല. അതിനെ സംബന്ധിച്ചു തിട്ടപ്പെടുത്തിയ നിയമ സംഹിതയുമില്ല. ഏക സിവില്‍കോഡ് എന്നത് ആകര്‍ഷണീയമായ പ്രയോഗമാണെങ്കിലും പ്രായോഗികതലത്തില്‍ നടപ്പില്‍ വരുത്താന്‍ ബുദ്ധിമുട്ടുള്ള തത്വമാണ്. ഏക സിവില്‍ നിയമം വ്യക്തികള്‍ക്ക് ആഗ്രഹിക്കാവുന്ന ഒന്നാണെങ്കിലും നിയമനിര്‍മ്മാണം രാജ്യത്തിന്റെ ഏകത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതാവുമെന്ന് ‘പന്നാലാല്‍ ബന്‍സിലാല്‍ പാട്ടീല്‍ കേസി’ല്‍ സുപ്രീം കോടതി ശക്തമായ ഭാഷയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.


ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 2, 5, 6, 30 വകുപ്പുകള്‍ ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്നും 13, 14, 15 വകുപ്പുകള്‍ക്ക് വിരുദ്ധമാണെന്നും അവ അസാധുവായി പ്രഖ്യാപിക്കണമെന്നുമുള്ള വ്യവഹാരവും സുപ്രിംകോടതി പരിഗണിച്ചിരുന്നു. ഈ കേസുകളെല്ലാം ‘മെറിറ്റി’ലേക്ക് പ്രവേശിക്കാതെ, അവയെല്ലാം സ്റ്റേറ്റിന്റെ പോളിസിയില്‍ പെട്ടവയാണെന്ന് കണ്ടെത്തി സുപ്രീംകോടതി നിരാകരിക്കുകയാണുണ്ടായത്. മുന്‍കാലങ്ങളില്‍ ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ ഇടപെടാന്‍ വിമുഖത കാണിച്ചിരുന്നു.
മഹര്‍ഷി അവേദേഷ് യൂനിഫോം സിവില്‍കോഡ് നടപ്പാക്കാന്‍ സുപ്രീം കോടതി മുമ്പാകെ അവതരിപ്പിച്ച കേസില്‍ അത് തങ്ങളുടെ പരിധിയില്‍ പെട്ടതല്ലെന്നും ആവശ്യമാണെങ്കില്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കട്ടെയെന്നു നിരീക്ഷിക്കുകയും കേസ് തള്ളിക്കളയുകയുമാണ് ചെയ്തത്. ബഹുസ്വര സമൂഹത്തില്‍ വിവിധ മതവിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വൈവിധ്യമാര്‍ന്ന വിശ്വാസാചാരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാധകമാവുന്ന വിധത്തില്‍ ഒരു ചരടില്‍ കോര്‍ത്താവണം നിയമങ്ങള്‍ നിര്‍മ്മിക്കേണ്ടത് എന്നത് അചിന്ത്യമായ ഒരു വസ്തുതയാണ്. ഇതിന്റെ രത്‌നച്ചുരുക്കം ഏക സിവില്‍കോഡ് കേവലം ഒരു ഉട്ടോപ്യന്‍ ആശയമാണെന്നാണ്.

uniform-civil-code-
പ്രശസ്തമായ ഷാബാനു കേസിലെ സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട മുസ്‌ലിം വനിതാ നിയമം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബോധിപ്പിച്ച കേസും കോടതി തിരസ്‌ക്കരിക്കുകയാണുണ്ടായത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഡൈവോഴ്‌സ് ആക്ടിലെ 10 ാം വകുപ്പിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവേചനം ഉയര്‍ത്തിക്കാണിച്ചു റെയിനോള്‍ഡ് രാജാമണി 1982 ല്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോഴും ആ വാദം സ്വീകരിക്കാന്‍ കോടതി സന്നദ്ധമായില്ല. ഓരോ മതവിഭാഗത്തിന്റെയും വ്യക്തിനിയമത്തെ പരിരക്ഷിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നും ജാഗ്രവത്തായ സമീപനമാണുണ്ടായിരുന്നത്.
ബഹുസ്വര സമൂഹത്തിലെ നാനാത്വത്തില്‍ ഏകത്വം എന്ന പ്രായോഗിക സമീപനത്തെ ബോധപൂര്‍വ്വം നിഷ്‌ക്കാസനം ചെയ്യുകയും തദ്വാരാ അസഹിഷ്ണുതയും സംഘര്‍ഷവും അസമാധാനവും നിലനിര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുക എന്നതാണു ഏക സിവില്‍കോഡ് വാദികളുടെ താല്‍പര്യം. മോദിസര്‍ക്കാറിലെ മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണു ഏക സിവില്‍ നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
സത്യാഗ്രഹ പന്തലില്‍ ഒന്നിച്ചിരുന്നു സമരം നയിച്ചപ്പോഴും, ഗാന്ധിജി ആരാധന നിര്‍വ്വഹിച്ച ക്ഷേത്രത്തില്‍ മൗലാനാ അബുല്‍ കലാം ആസാദ് പോയില്ല. അദ്ദേഹം നമസ്‌ക്കരിച്ചതുപോലെ നമസ്‌ക്കരിക്കാന്‍ ഗാന്ധിജി മസ്ജ്ദില്‍ പോയില്ല. തന്റേത് മാത്രമാണ് ശരിയെന്ന് രുണ്ടുപേരും വിശ്വസിച്ചു. പരസ്പരം അപ്രകാരം വിശ്വസിക്കാനുള്ള അവകാശവും അംഗീകരിച്ചു. രാജ്യത്തിനുവേണ്ടി ഒരുമിച്ചു നിന്നു പോരാട്ടം നടത്തുന്നതിന് അവരുടെ വ്യക്തിനിയങ്ങള്‍ തടസ്സമായിരുന്നില്ല. ഇരുവരുടെയും മനസ്സിന്റെ ഇണക്കത്തിന് അത് തരിമ്പുപോലും ലോപം വരുത്തിയതുമില്ല.
ഏക സിവില്‍കോഡ് നിലവില്‍ വന്നാലുണ്ടാവുന്ന ഗുണപരമായ കാര്യങ്ങള്‍ എന്തെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. മതവിഭാഗങ്ങളിലെയും ഭാഷാ ന്യൂനപക്ഷങ്ങളിലെയും ഏതേതു വശങ്ങളാണ് ഏക സിവില്‍കോഡില്‍ ഉള്‍പ്പെടുക. മതവിഭാഗങ്ങളിലും ഭാഷാ ന്യൂനപക്ഷങ്ങളിലും അവരുടേതായ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും ധാരാളമുള്ളതാണ്. ഭൂമി സംബന്ധമായും, വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വേറിട്ട വ്യതിരിക്ത വ്യക്തിനിയമങ്ങളും നടപടിക്രമങ്ങളും വിവിധ ജാതി-മത സമൂഹങ്ങള്‍ തുടര്‍ന്നു പോരുന്നുണ്ട്. ഇവയെല്ലാം ഒരൊറ്റ സ്‌കീമില്‍ സംയോജിപ്പിക്കാന്‍ സാധിക്കുന്നതാണോ? വെറുപ്പും വിദ്വേഷവും സംഘര്‍ഷവും ഒന്നുമില്ലാതെ ജാതി-മത സമൂഹങ്ങളുടെ വ്യക്തിനിയമങ്ങളെ അകറ്റിനിര്‍ത്തിയും അടര്‍ത്തിമാറ്റിയും ഏക സിവില്‍ നിയമം നിര്‍മ്മിക്കാന്‍ സാധിക്കുമോ? പേര്‍സണല്‍ ലോയിലെ ഓരോ  ഐറ്റവും രൂപപ്പെടുവാനുണ്ടായ സാഹചര്യവും സാമൂഹിക അന്തരീക്ഷവും മനസ്സിലാക്കുകയെന്നത് വളരെയേറെ ശ്രമകരമായ ജോലിയായിരിക്കും. അതാതു വിഭാഗങ്ങള്‍ക്കു മാത്രമെ അതിന്റെ അന്തസ്സത്ത മനസ്സിലാവൂ. വ്യക്തിനിയമത്തെ ടച്ച് ചെയ്യുമ്പോള്‍ ഓരോ വിഭാഗങ്ങളിലും പ്രകോപനം സൃഷ്ടിക്കും എന്നുണ്ടെങ്കില്‍ ഏക സിവില്‍ നിയമത്തിലൂടെ എങ്ങിനെ സമൂലവും വിപ്ലവകരവുമായ മാറ്റം സാധിക്കും! നിലവിലുള്ള വ്യക്തി നിയമം മറ്റു വിഭാഗങ്ങളില്‍ പ്രശ്‌നങ്ങളെന്തെങ്കിലും സൃഷ്ടിച്ചതായി അനുഭവമില്ല.

civil-code.
ബഹുഭാര്യത്വവും വിവാഹ മോചനവും ദായക്രമവും പല ഘട്ടങ്ങളിലും ഏക സിവില്‍കോഡിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക നിയമം ബഹുഭാര്യത്വം അനുവദിക്കുന്നത് കൊണ്ട് ഹിന്ദുയുവാക്കള്‍ മതം മാറുന്നുണ്ടെന്നും അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 വിവക്ഷിക്കുന്ന മത സ്വാതന്ത്ര്യത്തില്‍പ്പെടില്ലെന്നും ഇത്തരം ദുഷ്പ്രവണതകളെ ചെറുക്കുന്നതിന് ‘കണ്‍വെര്‍ഷന്‍ ഓഫ് റിലീജിയന്‍സ് ആക്ട്’ ഉണ്ടാവണമെന്നും സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ കുല്‍ദീപ് സിംഗ്, ആര്‍ എം സഹായ് എന്നിവര്‍ സരള മുഗ്ദല്‍ കേസില്‍ വിധി പറഞ്ഞിരുന്നു.
ജോര്‍ദന്‍ ദിങ്ങ്‌ദെ കേസില്‍ ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി, ആര്‍ ബി മിശ്ര എന്നിവര്‍ ഇന്ത്യയിലെ വിവാഹ നിയമം അടിമുടി പുനഃക്രമീകരണം നടത്തണമെന്നും ഊന്നിപറഞ്ഞിരുന്നു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇനിയും വിവാഹ നിയമത്തില്‍ ഒരു മാറ്റത്തിന്റെ ആവശ്യമില്ല. അതാതു വിഭാഗങ്ങള്‍ അവരുടെ മത, സാമൂഹിക, സാംസ്‌കാരിക സാഹചര്യത്തിനും ആചാരങ്ങള്‍ക്കനുസൃതമായും വിവാഹം നടത്തുന്നതിനെ ദുഷ്ടമനസ്സോടെ കാണേണ്ടതില്ല.

ഇസ്‌ലാമിക നിയമത്തിലെ ഐഛികമായി അനുവദിക്കപ്പെട്ട ബഹുഭാര്യത്വവും നിര്‍ബന്ധ സാഹചര്യത്തിലെ വിവാഹ മോചനവുമാണ് കൂടുതലും ചര്‍ച്ചയ്ക്ക് വിധേയമാവാറ്. മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് 84ാം വയസ്സില്‍ നാലാം വിവാഹം നടത്തുന്നത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. ചാള്‍സ് രാജകുമാരന്‍ ഖജനാവ് ധൂര്‍ത്തടിച്ച് വിവാഹാഘോഷം നടത്തുമ്പോള്‍ അത് രാജകീയ പ്രൗഢിയോ സമൃദ്ധിയോ ആവുന്നതും, ദുബായ് ഷെയ്ക്കിന്റെ ആഘോഷം രാജകീയ കൊള്ളയും ധൂര്‍ത്തുമാവുന്നതും മുന്‍വിധിയുടെയും വികൃതമനസ്സിന്റെയും പ്രതിഫലനമാണ്. ഇത്തരം മനോവിചാരം തന്നെയാണ് ഏക സിവില്‍കോഡിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിന് പിന്നിലും.
മുന്‍കാലങ്ങളില്‍നിന്നു ഭിന്നമായി സുപ്രീംകോടതിയും ഹൈക്കോടതിയും മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളില്‍ സര്‍ക്കാറിനൊപ്പം കൈകടത്താന്‍ തുടങ്ങിയിട്ടുണ്ട്. സുപ്രീം കോടതി ജസ്റ്റിസ് എ ആര്‍ ദാവെ ഭഗവത്ഗീത സ്‌കൂള്‍ സിലബസില്‍ നിര്‍ബന്ധമാക്കണമെന്നും യൂനിഫോം സിവില്‍കോഡ് ആവശ്യമാണെന്നും ഈയിടെ സൂചിപ്പിക്കുകയുണ്ടായി. വിവാഹിതയല്ലാത്ത മുസ്‌ലിം സ്ത്രീയുടെ വിവാഹ ചിലവ് പിതാവ് വഹിക്കണമെന്ന് ഇസ്മായില്‍-ഫാത്തിമ (2011 (4) ഗഘഠ ജമഴല 40) കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടയില്‍ ഏക സിവില്‍കോഡിന്റെ ആവശ്യകത ജസ്റ്റിസ് ബസന്ത് ചൂണ്ടിക്കാണിച്ചിരുന്നു.

civil

ഖുര്‍ആനിലെ 4, 24 അദ്ധ്യായങ്ങളിലെ യഥാക്രമം 34, 32 വാക്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ഉപര്യുക്ത വിധിന്യായത്തില്‍ ഇസ്‌ലാമിലെ വിവാഹത്തിന്റെ ലാളിത്യവും, വധുവിനു ഭര്‍ത്താവാണ് വിവാഹ മൂല്യം നല്‍കേണ്ടതെന്നും വിവാഹ ചിലവിന്റെ ആവശ്യം വരുന്നില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ സിനാറിയോയില്‍ ചില ശീലങ്ങള്‍ക്ക് തടസ്സം നില്‍ക്കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും അത്തരം ദുരുപയോഗങ്ങള്‍ ചില സന്ദര്‍ങ്ങളില്‍ കോടതി ഏറ്റെടുക്കേണ്ടിവരുമെന്നും അതിനാല്‍ മകളുടെ വിവാഹച്ചെലവ് നിര്‍വ്വഹിക്കാന്‍ പിതാവ് ബാധ്യസ്ഥനാണെന്നും കണ്ടെത്തുകയുണ്ടായി. ഏക സിവില്‍കോഡ് നടപ്പിലാക്കുകയാണെങ്കില്‍ മുസ്‌ലിം നിയമത്തിലെ വിവാഹ മോചന സംവിധാനം ഏറ്റവും അനുയോജ്യമായിരിക്കുമെന്നാണ് അബ്ദുറഹിമാന്‍-ഖൈറുന്നിസ (2010 (1) കെഎല്‍ടി പേജ് 891) കേസില്‍ ജസ്റ്റിസ് ബസന്ത് മുന്നോട്ട് വെച്ച നിര്‍ദ്ദേശം.
ഭരണഘടനയിലെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൗരന്മാര്‍ക്ക് ഗുണകരമാവുന്ന നിരവധി ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും നിര്‍ദ്ദേശമുണ്ട്. അവ നിയമമാക്കാനോ പ്രാവര്‍ത്തികമാക്കാനോ പൊതുസമൂഹമോ സര്‍ക്കാരോ കോടതികളോ മതിയായ ശുഷ്‌കാന്തി കാണിക്കുന്നില്ല. മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമനിര്‍മ്മാണം പാടില്ലെന്നും അവ അസാധുവാണെന്നും ഭരണഘടന ആര്‍ട്ടിക്കിള്‍ 13 ല്‍ സംശയലേശമന്യേ പ്രതിപാദിക്കുന്നുണ്ടെങ്കിലും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ ഒന്നൊന്നായി ഗളഛേദം ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരായാണ് ജാതി-മത-വര്‍ഗ്ഗ-ഭാഷാ വ്യത്യാസമില്ലാതെ അണിചേരേണ്ടതും പൊരുതേണ്ടതും.         ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 849 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക