|    Jan 23 Mon, 2017 2:01 am
FLASH NEWS

ഏക സിവില്‍കോഡിന്റെ ജാതകം

Published : 8th July 2016 | Posted By: SMR

slug-a-bവ്യവഹാരവിഷയം ഏതായാലും അതിന്മേല്‍ ഒരു രാജ്യത്തിനു വേണ്ടത് ഒരൊറ്റ നിയമമല്ലേ? ഒരു കുറ്റത്തിന് ഒരാള്‍ക്ക് ഒരു ശിക്ഷ, മറ്റൊരാള്‍ക്ക് മറ്റൊരു ശിക്ഷ, ഇനിയൊരാള്‍ക്ക് ശിക്ഷയേയില്ല. ഇതെന്തുജാതി നീതിന്യായമാണ്? അങ്ങനെയാവുമ്പോള്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയും പൗരസമത്വവും വീണ്‍വാക്കാവില്ലേ? ആ പഴയ കീറാമുട്ടി- ഒറ്റ സിവില്‍കോഡ്- വീണ്ടും പുകിലാവുമ്പോള്‍ സാമാന്യബുദ്ധിയുടെ ഈ പഴയ ചോദ്യങ്ങള്‍ തന്നെയാണ് ഇതുസംബന്ധിച്ച സംവാദങ്ങളുടെയൊക്കെ അടിവര. ഒരുനിമിഷം…
പദാര്‍ഥം എന്നാലെന്ത്? ഭൗതികശാസ്ത്രം താഴ്ന്ന ക്ലാസുകളില്‍ നമ്മെ പഠിപ്പിക്കുന്നത്, ഇരിക്കാന്‍ സ്ഥലം ആവശ്യമുള്ളതും ഒരു ക്ലിപ്ത ഭാരമുള്ളതുമായ വസ്തുവാണ് പദാര്‍ഥം എന്നാണ്. മേലെ ക്ലാസുകളിലേക്കു ചെല്ലുമ്പോള്‍ ഇതേ ഭൗതികശാസ്ത്രം പറഞ്ഞുതരും, പദാര്‍ഥം ഒരേസമയം ഒരു വസ്തുവായോ തരംഗമായോ സ്ഥിതിചെയ്യാമെന്ന്. അപ്പോള്‍ ആദ്യം പഠിപ്പിച്ച സ്ഥലവും തൂക്കവുമൊക്കെ? ചോദ്യം അപ്രസക്തമാണ്. കാരണം, നോക്കുന്നയാളുടെ സ്ഥല-കാല-സ്ഥിതി അനുസരിച്ചാണ് പദാര്‍ഥത്തിന്റെ സ്ഥിതിഗതികള്‍. ഇതെന്താ മന്ത്രവാദമോ മായാജാലമോ മറ്റോ ആണോ? ഒട്ടുമേയല്ല, ശുദ്ധമായ ഫിസിക്‌സ്. അതു പറഞ്ഞ രണ്ടു പാഠങ്ങളും ശരിയാണ്. രണ്ടും അതതിന്റെ തലങ്ങളിലെ ശരി. നീതിന്യായ യുക്തിയുടെ കാര്യവും ഇങ്ങനെയാണ്. കേവല യുക്തിയില്‍നിന്ന് ന്യായവിചാരിപ്പിന്റെ സൂക്ഷ്മതലങ്ങളിലേക്ക് എത്തുമ്പോഴാണ് നീതിന്യായത്തിന് വിവേകപൂര്‍ണതയുണ്ടാവുക. മേല്‍പ്പറഞ്ഞ ഒറ്റ നിയമസിദ്ധാന്തത്തിന്റേത് കേവലയുക്തിയാണ്. അത് പ്രത്യക്ഷത്തില്‍ ശരിയുമാണ്. പക്ഷേ, അതുമാത്രമാണു ശരി എന്നു ശഠിക്കുമ്പോള്‍ നീതിന്യായം ബാലിശവും സങ്കുചിതവുമാവുന്നു.
മറ്റു പല രാഷ്ട്രങ്ങളെയുംപോലെ ഇന്ത്യ ഒരു ഏകോദര സഹോദര ദേശമല്ല. അനേകം സംസ്‌കാരങ്ങളുടെയും ദേശീയതയുടെയും രാവണന്‍കോട്ടയാണ്. ഇപ്പറഞ്ഞ നൂറായിരം അംശങ്ങള്‍ ഓരോന്നിനും അതതിന്റേതായ പൈതൃകവും ജീവിതരീതികളുമുണ്ട്. അവയ്ക്കുമേല്‍ ആവരണമിടുന്ന ചില സംഘഭാവനകളും യഥേഷ്ടമുണ്ട്- ഗോത്രപരവും ജാതീയവും മതപരവുമായ കൂട്ടായ്മകള്‍. ഉദാഹരണത്തിന്, ബംഗാളി മുസ്‌ലിമല്ല മലയാളി മുസ്‌ലിം. ഉത്തരാഖണ്ഡിലെ ദലിതനല്ല തെലങ്കാനയിലേത്. എന്തിനേറെ കശ്മീരി പണ്ഡിറ്റും തമിഴ് പട്ടരും തമ്മില്‍ വാസ്തവത്തിലെന്തുണ്ട്? ചുരുക്കിയാല്‍, ബഹുസ്വരതയ്ക്കും ജീവിതവൈജാത്യങ്ങള്‍ക്കും ഇന്ത്യ എന്നു പര്യായമിട്ടാല്‍ ഒട്ടുമേയില്ല അതിശയോക്തി. ഇത്തരമൊരു സങ്കീര്‍ണമായ ചുറ്റുപാടില്‍ സകലര്‍ക്കും ഒരേപോലെയുള്ള സിവില്‍ നിയമം വച്ചാല്‍ എന്താ പിശകെന്നാണ് മേല്‍പ്പറഞ്ഞ സാമാന്യയുക്തിയുടെ ചോദ്യം.
പിശകൊന്നുമില്ലെങ്കില്‍, ഏകീകൃത ക്രിമിനല്‍നിയമം ഏര്‍പ്പാടാക്കിയ ഭരണഘടന എന്തേ ആ വഴിക്ക് നീങ്ങാന്‍ മടിച്ചു? 44ാം ആര്‍ട്ടിക്കിളില്‍ ഏക സിവില്‍കോഡുണ്ടാക്കാം എന്നൊരു ആഗ്രഹചിന്ത ശേഷിപ്പിച്ച് ഗ്രന്ഥം മടക്കുകയാണ് ഭരണഘടനാശില്‍പികള്‍ ചെയ്തത്. പിന്നീട് രാഷ്ട്രശില്‍പികളാവട്ടെ അതിനെ ഡിറക്റ്റീവ് പ്രിന്‍സിപ്പില്‍സിന്റെ ഏട്ടിലേക്ക് മാറ്റിക്കെട്ടുകയും ചെയ്തു. എന്നുവച്ചാല്‍, സ്റ്റേറ്റിന് എപ്പോഴെങ്കിലും വേണമെന്നു തോന്നിയാല്‍ മാത്രം ഏര്‍പ്പാടാക്കാവുന്ന ഉരുപ്പടി. അങ്ങനെ ഉരുട്ടിപ്പിരട്ടാന്‍ ഒരു ചരിത്രപരമായ കാരണമുണ്ട്.
ബ്രിട്ടിഷുകാര്‍ കവരുമ്പോള്‍ നൂറുകണക്കിന് വ്യക്തിനിയമങ്ങളുടെ സങ്കരഭൂവായിരുന്നു ഇന്ത്യ. ഏതു ഭരണകൂടത്തിന്റെയും കോയ്മയ്ക്കും ഭരണത്തിനും സൗകര്യപ്രദമായ വകുപ്പാണ് ഏകശിലാ നിയമവ്യവസ്ഥ. ക്രിമിനല്‍ നിയമങ്ങളുടെ കാര്യത്തില്‍ അതുണ്ടാക്കിയ സായ്പ് പക്ഷേ, സിവില്‍ നിയമകാര്യത്തില്‍ ആ വഴിക്കു തുനിഞ്ഞില്ല- കോളനിപ്രഭു എന്ന നിലയ്ക്ക് അതിനത്ര പ്രയാസമില്ലാതിരുന്നിട്ടുപോലും. ഇവാന്‍ജലിക്കല്‍ സാമ്രാജ്യങ്ങള്‍ തുരത്തപ്പെട്ട ചരിത്രപശ്ചാത്തലത്തില്‍ വ്യത്യസ്ത മതവിശ്വാസങ്ങളോടുള്ള ഉദാരമായ രാഷ്ട്രീയസമീപനംകൊണ്ടേ ഇനിയുള്ള കാലം പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കാന്‍ പറ്റൂ എന്ന തിരിച്ചറിവിന്റെ ഫലമായിരുന്നു അത്- എന്തുവന്നാലും തദ്ദേശീയരുടെ പാരമ്പര്യവിശ്വാസങ്ങളില്‍ തൊട്ടുകളിക്കേണ്ട എന്ന നിശ്ചയം. അങ്ങനെ ഹിന്ദുവിനും മുസല്‍മാനും ക്രൈസ്തവനും പാഴ്‌സിക്കും ജൈനനുമൊക്കെ അവരവരുടെ വ്യക്തിനിയമങ്ങള്‍ പാലിക്കാന്‍ കോളനിസായ്പ് അനുമതി നല്‍കി. അതേസമയം, തങ്ങളുടെ ഭരണസൗകര്യാര്‍ഥം ടി നിയമങ്ങള്‍ പലതും ക്രോഡീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ആംഗ്ലോ-ഹിന്ദു കോഡും മൊഹമ്മദന്‍കോഡുമൊക്കെ സെറ്റപ്പാക്കിയത്. അക്കാലത്ത് ലോകത്തെവിടെയുമുള്ള സിവില്‍ നിയമങ്ങള്‍ക്ക് പൊതുവിലുണ്ടായിരുന്ന ഒരു പ്രകൃതം ഈ നിര്‍മിതികള്‍ക്കും പതിച്ചുകിട്ടി- പ്രകടമായ പുരുഷപക്ഷപാതിത്വം. ഇവ്വിധം കോളനിഭരണക്കാരുടെ സൗകര്യത്തിനും വകതിരിവിനും അനുസൃതമായി തട്ടിക്കൂട്ടിയ സിവില്‍കോഡുകളാണ് ഭരണഘടനാശില്‍പികള്‍ക്കു മുമ്പിലുണ്ടായിരുന്ന വിഭവശേഖരം. അതു നിറയെ മതനിയമങ്ങള്‍ക്ക് 19ാം നൂറ്റാണ്ടില്‍ കിട്ടിയ വ്യാഖ്യാനങ്ങളായിരുന്നു- ശരിതെറ്റുകള്‍ തൊട്ട് ദുര്‍വ്യാഖ്യാനങ്ങള്‍ വരെ അടങ്ങിയത്.
ഈ വിത്തുപാടത്തുനിന്നാണ് 1956ല്‍ ഹിന്ദുകോഡിന്റെ ആധുനികവല്‍ക്കരണം നടക്കുന്നത്. വിവാഹമോചനം, ദത്ത്, ജീവനാംശം, ആണ്‍-പെണ്‍ പിന്തുടര്‍ച്ച എന്നിവയ്ക്കുമേലുള്ള നാലു നിയമനിര്‍മാണങ്ങള്‍ വഴി. മറ്റു മതങ്ങളുടെ കാര്യത്തില്‍ നിലവിലെ കോഡുകള്‍ തുടരാനും നിശ്ചയിച്ചു. കാരണം, ഒറ്റയടിക്ക് എല്ലാ സമുദായങ്ങളെയും പിടിച്ചുലയ്ക്കുന്നത് രാഷ്ട്രനിര്‍മിതിക്ക് പന്തിയല്ലെന്ന് ജവഹര്‍ലാലിനും കൂട്ടര്‍ക്കും തോന്നി. ഓര്‍ക്കണം, ഇപ്പറഞ്ഞ ഹിന്ദുകോഡ് തന്നെ ഹിന്ദുവിരുദ്ധമാണെന്നു പറഞ്ഞ് അന്ന് പുകിലുണ്ടാക്കിയതാണ് ഹിന്ദുത്വവാദികള്‍ തൊട്ട് രാജേന്ദ്രപ്രസാദും സര്‍ദാര്‍ പട്ടേലുമടങ്ങിയ കോണ്‍ഗ്രസ് നേതൃത്വം വരെ. അപ്പോള്‍പ്പിന്നെ ഒരു വിഭജനത്തിന്റെ ചോരയും ചൂരുമറിഞ്ഞ രാഷ്ട്രത്തിന് കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ വിവേകം അനുവദിക്കുമോ? ഈ വൈക്ലബ്യത്തിനിടയിലും മതപരമായ വ്യക്തിനിയമങ്ങള്‍ക്കതീതമായി പൗരന്മാര്‍ക്ക് കല്യാണം കഴിക്കാനുള്ള അവകാശത്തിന് സ്‌പെഷ്യല്‍ മാര്യേജ് ചട്ടം കൊണ്ടുവന്നു. ക്രിമിനല്‍ ചട്ടത്തിലെ 125ാം വകുപ്പുപ്രകാരം സ്ത്രീകള്‍ക്ക് ജീവനാംശം കിട്ടാന്‍ ഈ ചട്ടം ഉതകുമെന്നായപ്പോള്‍ പല കോണില്‍നിന്നും അതിനെതിരേ ശബ്ദമുയര്‍ന്നിരുന്നു. 1979ലും 80ലും രണ്ടു മുസ്‌ലിം സ്ത്രീകള്‍ ഈ വകുപ്പിന്റെ ആനുകൂല്യം നേടിയിരുന്നെങ്കിലും കാര്യമായ അലമ്പൊന്നുമുണ്ടായില്ല.
1985ല്‍ സമാനവഴിയിലൂടെ വന്ന ഷാബാനു കേസ് പക്ഷേ, ചിത്രമാകെ മാറ്റിക്കളഞ്ഞു. കാരണം, ടി കേസിന്റെ അന്തരീക്ഷം. തൊട്ടുതലേക്കൊല്ലം ഡല്‍ഹിയിലുണ്ടായ സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലം രാജ്യത്താകെ ന്യൂനപക്ഷങ്ങള്‍ക്ക് വല്ലാതെകണ്ട് ആശങ്കയുണ്ടാക്കിയിരുന്നു. തങ്ങളുടെ മതപരമായ ഐഡന്റിറ്റി തകര്‍ക്കപ്പെടുമോ എന്ന ഭീതി. 1985 ഡിസംബറിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസ്സിനുള്ള തിരിച്ചടിയായി ഭവിച്ചു. പോംവഴിയായി ‘മുസ്‌ലിം വിമന്‍സ് പ്രൊട്ടക്ഷന്‍ റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ്’ രാജീവ് സര്‍ക്കാര്‍ പാസാക്കിയെടുത്തു. അങ്ങനെ 125ാം വകുപ്പ് വഴിയുള്ള ഗുണം മുസ്‌ലിം സ്ത്രീകള്‍ക്ക് ബാധകമല്ലാതായി. ഈ പോക്കിനെ സാമുദായിക സാംസ്‌കാരികതയും ദേശീയതയും തമ്മിലുള്ള അങ്കമായി ഹിന്ദുത്വശക്തികള്‍ മുദ്രയടിച്ചു. അപ്പോഴും സുപ്രിംകോടതി ഒറ്റ സിവില്‍കോഡ് എന്ന കേവലയുക്തിയില്‍ ബബ്ബബ്ബാ അടിച്ചു.
പ്രശ്‌നം, അങ്ങനെയൊരു ഒറ്റകോഡിനുള്ള അന്തരീക്ഷം രാജ്യത്തുണ്ടോ എന്നതാണ്. ഇല്ല എന്നാണ് നാളിതുവരെയുള്ള ചരിത്രം നല്‍കുന്ന ഉത്തരം. ഇനി, ടി അന്തരീക്ഷമുണ്ടാക്കാന്‍ പറ്റുമോ എന്നതാണ് സ്വാഭാവിക ചോദ്യം. അവിടെത്തന്നെയാണ് പ്രശ്‌നവും. ഈ സംവാദത്തില്‍ ഏര്‍പ്പെടുന്ന ഓരോരുത്തരും കരുതുന്നത്, താനൊഴികെ മറ്റെല്ലാവരും അടഞ്ഞ മനസ്ഥിതിക്കാരെന്നാണ്. കോടതിമുറിയിലും മാധ്യമങ്ങളിലുമെല്ലാം നടക്കുന്ന ഒച്ചമല്‍സരങ്ങള്‍ ശ്രദ്ധിക്കൂ. മറ്റുള്ളവര്‍ പറയുന്നതു മനസ്സിലാക്കി മറുപടി നല്‍കുന്നു എന്നാണ് ബന്ധപ്പെട്ട കക്ഷികളുടെയെല്ലാം നടിപ്പ്. എന്നാല്‍, മറ്റുള്ളവര്‍ പറയുന്നതൊന്നും മനസ്സിലേക്കെടുക്കാന്‍ ആര്‍ക്കും മനസ്സില്ലെന്നതാണു വസ്തുത. ഈ സൂക്കേട് മാറ്റിവച്ച് ചിന്തിച്ചാല്‍ എത്രമേല്‍ അലമ്പിലാണ് സിവില്‍കോഡുകളുടെ നാട്ടുനടപ്പെന്നു ബോധ്യപ്പെടും. വ്യക്തിനിയമങ്ങളിലെ വ്യത്യസ്തതകള്‍ മതങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഓരോ പ്രദേശത്തും ഓരോരോ തലങ്ങളിലുമാണ്. ഒരിടത്ത് പൊതുവ്യവസ്ഥയ്ക്ക് അപവാദം ഹിന്ദുവാണെങ്കില്‍, മറ്റൊരിടത്ത് മുസ്‌ലിം. ഇനിയൊരിടത്ത് ക്രിസ്ത്യാനി അല്ലെങ്കില്‍ സിഖ്. അല്ലെങ്കില്‍ ഇതിന്റെയൊക്കെ ഓരോ സംയുക്തങ്ങള്‍. ഉദാഹരണമായി, നിങ്ങള്‍ രണ്ടു മക്കളുള്ള പുരുഷനാണെന്നിരിക്കട്ടെ- ഒരു മകനും ഒരു മകളും. രണ്ടാള്‍ക്കും ഓരോ ആണ്‍മക്കളും. നിങ്ങളും മക്കളും വില്‍പത്രമെഴുതാതെ തട്ടിപ്പോയെന്നു വയ്ക്കുക. സ്വാഭാവികമായും പിന്തുടര്‍ച്ചാവകാശികള്‍ നിങ്ങളുടെ പേരക്കുട്ടികളാണ്. അവര്‍ക്കിടയില്‍ സ്വത്ത് തുല്യമായി വീതിക്കപ്പെടുമോ?
നിങ്ങളെ സംബന്ധിച്ച് പേരക്കുട്ടികള്‍ രണ്ടും ഒരേവിധം സ്‌നേഹിക്കപ്പെടുന്ന കുട്ടികളാണ്. എന്നാല്‍, നിയമത്തിന് അവരോട് ഈ തുല്യദൃഷ്ടിയും വികാരവായ്പുമില്ല. നിങ്ങള്‍ക്ക് മകന്റെ മകനോടുള്ള ബന്ധത്തെ ആഗ്‌നേറ്റ് (ആണ്‍താവഴി) എന്നും മകളുടെ മകനോടുള്ളതിനെ കോഗ്‌നേറ്റ് (പെണ്‍താവഴി) എന്നും വിവേചനത്തോടെ മാത്രമേ നിയമം കാണൂ. പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതേയുള്ളൂ. നിങ്ങള്‍ ഹിന്ദുവോ മുസ്‌ലിമോ ആണെങ്കില്‍ സ്വത്തില്‍ മകന് മകളേക്കാള്‍ മുന്‍തൂക്കം കിട്ടുന്നു. കാരണം, ഈ രണ്ടുമതങ്ങളും ആണ്‍മക്കളുടെ പിന്തുടര്‍ച്ചാവകാശത്തിന് മേല്‍ക്കൈ നല്‍കുന്നു. എന്നാല്‍, ക്രിസ്ത്യാനിയും പാഴ്‌സിയും പേരക്കുട്ടികളുടെ കാര്യത്തില്‍ ഈ വിവേചനം കാണിക്കുന്നില്ല.
ഇനി നിങ്ങള്‍ ഒരു മകനും മകളുമുള്ള സ്ത്രീയാണെന്നിരിക്കട്ടെ. നിങ്ങളുടെ മാതാപിതാക്കളും ഭര്‍ത്താവും ഇപ്പറഞ്ഞ മക്കളും ജീവിച്ചിരിക്കെ വില്‍പത്രമെഴുതാതെ നിങ്ങള്‍ മരിച്ചെന്നുവയ്ക്കുക. മുസ്‌ലിം-പാഴ്‌സി വ്യക്തിനിയമങ്ങള്‍ അംഗീകരിക്കുന്ന ബന്ധങ്ങള്‍ അഞ്ചാണ്- മാതാവ്, പിതാവ്, മകള്‍, മകന്‍, ഭാര്യ/ഭര്‍ത്താവ്. അപ്പോള്‍ ഇത്രയും പേര്‍ക്ക് തുല്യാവകാശം കിട്ടണ്ടേ? അവിടെ വീതത്തോതില്‍ വിവേചനക്കളി നടക്കും- മറ്റു ചില ഉപമാനദണ്ഡങ്ങള്‍ വഴി. ഇനി നിങ്ങള്‍ ക്രിസ്ത്യാനിയാണെങ്കിലോ? നിങ്ങള്‍ക്കു മക്കളുള്ള സ്ഥിതിക്ക് മാതാപിതാക്കള്‍ അവകാശത്തില്‍നിന്ന് ഒഴിവാക്കപ്പെടുന്നു. മക്കളില്ലെങ്കിലോ? നിങ്ങളുടെ അപ്പന്‍ നിങ്ങളുടെ പിന്തുടര്‍ച്ചക്കാരനാക്കപ്പെടുന്നു! അപ്പോഴും പെറ്റതള്ള ഔട്ട്! നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ കഥ നേരെ മറിച്ചും- അച്ഛന്‍ ഔട്ട്, അമ്മ ഇന്‍.
ഇമ്മാതിരി നൂലാമാലയുടെ രാവണന്‍കോട്ടയാണ് ഇന്ത്യന്‍ സിവില്‍ ജീവിതം. നമ്മളതില്‍പ്പെട്ടത് പരമലളിതമായാണ്. റിപബ്ലിക്കായ വേളയില്‍ മുമ്പു സൂചിപ്പിച്ച പശ്ചാത്തലംമൂലം രാജ്യത്തിന്റെ ഓരോ കോണിലും മുക്കിലുമുണ്ടായിരുന്ന പാരമ്പര്യങ്ങളെ സ്റ്റേറ്റ് അംഗീകരിച്ചു. ടി അംഗീകാരം രാഷ്ട്രത്തിന്റെ നിയമങ്ങളില്‍ പ്രതിഫലിച്ചു. കാരണം, നിയമം എന്നത് രാഷ്ട്രീയത്തിന്റെ ആറ്റിക്കുറുക്കിയ കേവലരൂപമാണ്. അങ്ങനെ വ്യക്തിനിയമങ്ങളുടെ രാഷ്ട്രീയത്തില്‍ രാഷ്ട്രമങ്ങ് മുങ്ങി.
ഇനി, ഈ വൈജാത്യകോലാഹലത്തില്‍നിന്ന് മികച്ച ഘടകങ്ങള്‍ നുള്ളിയെടുത്ത് നൂലില്‍ കോര്‍ത്ത് ഒരു ഒറ്റകോഡുണ്ടാക്കാമോ? എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും. ഒന്നാമത്, ഒരു മതവിശ്വാസിയും സമ്മതിക്കില്ല, തങ്ങളുടെ മതനിയമങ്ങള്‍ ഏതെങ്കിലും പിശകുള്ള ഒന്നാണെന്ന്. മാത്രമല്ല, തന്റെ മതമാണ് ഏറ്റവും മികച്ചതെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഏതു മതവിശ്വാസിയും. ഓരോ സിവില്‍ പ്രമേയത്തിലും മികച്ച നിയമം ഏതെന്നു ചോദിച്ചാല്‍ ഏതു മതവിശ്വാസിയും തല്‍ക്ഷണം പറയും തങ്ങളുടെ ഗ്രന്ഥത്തിലുള്ളതു തന്നെ. എന്നിട്ട് അതിന്റെ തത്ത്വജ്ഞാനവും വിളമ്പും. ഉദാഹരണത്തിന് ലിംഗസമത്വം. ഹിന്ദുക്കളോടു ചോദിച്ചാല്‍ തങ്ങളുടെ മതത്തോളം ആണ്‍-പെണ്‍ തുല്യത പ്രപഞ്ചത്തിലില്ലെന്നു കാച്ചും. എന്നിട്ട് മുസ്‌ലിം പെണ്ണുങ്ങള്‍ അവരുടെ മതത്തില്‍ രണ്ടാംകിടക്കാരാണെന്ന് തെളിവുനിരത്തി ഉറക്കെപ്പറയും. ഹിന്ദുമതത്തിലോ? സ്ത്രീ അമ്മയാണ്, ദേവിയാണ്, പരാശക്തിയാണ്… ഓകെ. അപ്പോള്‍ ശബരിമല കേസുകെട്ട് എന്തായി? ചോദ്യം വന്നാലുടന്‍ വിരാട് ഹിന്ദു തത്ത്വജ്ഞാനിയാവും. മാസമുറയുടെ അശുദ്ധിയാണത്രെ സന്നിധാനത്തില്‍ പെണ്‍സാന്നിധ്യം തടയുന്ന പ്രപഞ്ചനിയമം. മാസമുറ എങ്ങനെയാണ് അശുദ്ധിയാവുക എന്ന ചോദ്യം തത്ത്വജ്ഞാനിയെ ഉടനടി പാരമ്പര്യനിഷ്ഠനാക്കും- ”പരമ്പരാഗതമായി ആചരിക്കുന്ന നിയമങ്ങള്‍ മാറ്റുന്നത് ആത്മഹത്യാപരമാണ്”
ഈ ആനമയിലൊട്ടക സെറ്റപ്പില്‍ ഭരണഘടനാശില്‍പികളുടെ ആഗ്രഹചിന്ത നടപ്പാക്കാന്‍ അവര്‍ തന്നെ ശ്രമിച്ചെന്നിരിക്കട്ടെ. സ്വാഭാവികമായും ഭരണഘടന മുന്നോട്ടുവച്ച മൂന്ന് അടിസ്ഥാന ഘടകങ്ങളുടെ തന്നെ വെളിച്ചത്തിലേ കാര്യം നടത്താനാവൂ- പൗരസമത്വം, തുല്യനീതി, ജീവിക്കാനുള്ള അവകാശം. ഓരോ വ്യക്തിനിയമത്തിലും ഇവയുണ്ടെന്ന് ഉറപ്പുവരുത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ആഗ്‌നേറ്റ്-കോഗ്‌നേറ്റ് അഥവാ അച്ഛന്‍-അമ്മ ദ്വന്ദ്വം റദ്ദാക്കേണ്ടിവരും. അതു ചെയ്യാത്ത ഏതു സിവില്‍കോഡും അടിസ്ഥാനപരമായി പക്ഷപാതപരമാവും, ഭരണഘടനാവിരുദ്ധവും. ഇവിടെത്തന്നെയാണ് സാക്ഷാല്‍ ഭരണഘടന വെട്ടിലാവുന്നതും. ഏതു മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം പൗരന് ഭരണഘടന നല്‍കുന്നുണ്ട്. ടി അവകാശത്തിന്റെ ഭാഗമാണ് മതനിയമപാലനവും. കാരണം, മതപരമായ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുമ്പോഴാണ് മതവിശ്വാസത്തിന്റെ ആചരണം നടക്കുന്നത്. ഈ നിലപാടിന്റെ ബഹുസ്വരതയിലാണ് ഇന്ത്യ ഇന്നു നിലനില്‍ക്കുന്നത്. ടി ബഹുസ്വരതയെ അംഗീകരിക്കുന്ന ഭരണഘടന എങ്ങനെ മറുത്തു പ്രവര്‍ത്തിക്കും? വെറുതെയല്ല ഭരണഘടനാശില്‍പികള്‍ ഒറ്റ സിവില്‍കോഡിനെ ആഗ്രഹചിന്തയാക്കി പരണത്തുവച്ചത്.
ഇക്കാര്യത്തില്‍ ഇന്ത്യപോലെ വൈരുധ്യങ്ങളുടെയും നാനാത്വത്തിന്റെയും പറുദീസയായ ഒരിടത്ത് ചെയ്യാവുന്നത് ലിംഗസമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഏകീകൃത തത്ത്വങ്ങളില്‍ ഉറപ്പിച്ച വ്യത്യസ്ത സിവില്‍ നിയമങ്ങളുടെ സംഘാതമുണ്ടാക്കുകയാണ്. അതിനൊരു സമവായം പറ്റുമോ എന്നാണ് നോക്കേണ്ടത്. കേവലയുക്തികൊണ്ടുള്ള അങ്കംവെട്ടും രാഷ്ട്രീയതാല്‍പര്യങ്ങള്‍ വച്ചുള്ള ക്ഷുദ്രപ്പണികളും രാഷ്ട്രദേഹത്തെ വെട്ടിമുറിക്കുകയേയുള്ളൂ. ഭരണഘടനാശില്‍പികള്‍ നേരിട്ട ആ പഴയ ചോദ്യം തന്നെയാണ് ഇന്നും നമ്മള്‍ നേരിടുന്നത്- ഒറ്റ കോഡാണോ മുഖ്യം, ഒറ്റ രാഷ്ട്രമാണോ? ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക