|    Mar 22 Thu, 2018 6:16 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഏക വ്യക്തിനിയമ വിവാദം ആര്‍ക്കാണ് ഗുണം ചെയ്യുക?

Published : 15th October 2016 | Posted By: SMR

ഏക സിവില്‍കോഡ്, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നതിനു കേന്ദ്ര നിയമ കമ്മീഷന്‍ തയ്യാറാക്കിയ ചോദ്യാവലിക്ക് ഉത്തരങ്ങള്‍ നല്‍കേണ്ടതില്ലെന്ന മുസ്‌ലിം സംഘടനകളുടെ തീരുമാനം ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ നിലനിര്‍ത്തുന്ന പൊതുവികാരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഏറക്കുറേ എല്ലാ പ്രധാന മുസ്‌ലിം സംഘടനകളെയും അണിനിരത്തിക്കൊണ്ടാണ് ഈ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നപ്പോള്‍ ബിജെപി ഒഴിച്ചുള്ള മിക്ക രാഷ്ട്രീയകക്ഷികളും ഏക സിവില്‍കോഡ് എന്ന ആശയത്തിന് എതിരായ സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഏക വ്യക്തിനിയമം പ്രായോഗികമല്ലെന്നു മാത്രമല്ല, അത് അനാവശ്യം കൂടിയാണെന്ന പക്വമായ സമീപനമാണ് രാഷ്ട്രീയകക്ഷികളുടേത്. എന്നിട്ടും ഏക സിവില്‍കോഡ് നടപ്പാക്കാത്തതാണ് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മര്‍മപ്രധാനമായ പ്രശ്‌നമെന്ന മട്ടിലാണ് സര്‍ക്കാരും ഭരണകക്ഷിയായ ബിജെപിയും മുന്നോട്ടുനീങ്ങുന്നത് എന്നതാണ് കഷ്ടം. ഏക വ്യക്തിനിയമം നടപ്പാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ-ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതബോധമുളവാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അന്തിമമായി അത് സാമുദായിക ധ്രുവീകരണമാണ് സൃഷ്ടിക്കുക. ഈ സാമുദായിക ധ്രുവീകരണത്തില്‍ നിന്നു ബിജെപിക്കു രാഷ്ട്രീയനേട്ടം ഉണ്ടാവുകയും ചെയ്യും. യുപി, പഞ്ചാബ് എന്നിവയടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തുവന്നിട്ടുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരക്കിട്ട് ഏക വ്യക്തിനിയമം ചര്‍ച്ചാവിഷയമാക്കി പുറത്തെടുത്തതിന്റെ ന്യായമതാണ്. നേരുപറഞ്ഞാല്‍ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഏക സിവില്‍കോഡ്. ഇന്ത്യയില്‍ വിവിധ സമുദായങ്ങള്‍ക്ക് വിവിധ നിയമങ്ങളാണുള്ളത്. ഗോത്രവര്‍ഗക്കാര്‍, ദലിതുകള്‍, സിഖുകാര്‍, ആദിവാസികള്‍ എന്നിവരെല്ലാവരും പ്രതിജനഭിന്നമായ ആചാരാനുഷ്ഠാനങ്ങളും നിയമക്രമങ്ങളും കൊണ്ടുനടക്കുന്നു. ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ വ്യത്യസ്തമായ നാട്ടാചാരങ്ങളാണുള്ളത്. ഇവയെല്ലാം ഒറ്റയടിക്ക് ഒരേ നിയമപരിധിയില്‍ കൊണ്ടുവരുകയെന്നത് പ്രായോഗികമല്ല; അതിന്റെ ആവശ്യവുമില്ല. ഏക സിവില്‍കോഡ് പ്രശ്‌നം ഒരു മുസ്‌ലിം വിഷയമായല്ല കാണേണ്ടത്. ഇന്ത്യയുടെ ബഹുസ്വരതയുമായി ബന്ധപ്പെട്ട ഒരു അടിസ്ഥാന കാര്യമായാണ്. സംഘപരിവാര യുക്തികളുടെ പിന്നിലുള്ള ദുഷ്ടലാക്കിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് മുന്‍കൈയെടുത്തത്, അതിനാല്‍ സമുചിതമായ നടപടി തന്നെ. അതേസമയം, ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ വ്യവസ്ഥകളുണ്ടെങ്കില്‍ പ്രസ്തുത നിയമം പരിഷ്‌കരിക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഇസ്‌ലാമിന്റെ മൗലിക നിയമങ്ങള്‍ അതിനു തടസ്സവുമല്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss