|    Sep 21 Fri, 2018 1:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏകോപനമില്ല; പ്രളയക്കെടുതിയില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: നൂറ്റാണ്ടിലെ വലിയ പ്രളയം കേരളം നേരിട്ടപ്പോള്‍ സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങളുടെ അപര്യാപ്തതകള്‍ മറനീക്കി പുറത്തുവന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം തിരിച്ചറിയുന്നതിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയരുന്നു. ഓഖി ദുരന്തത്തില്‍ നിന്നു പാഠം പഠിക്കാതെ അതോറിറ്റി പുനസ്സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാരും മറന്നു.
ദുരന്തസാധ്യത മുന്‍കൂട്ടി അറിയുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സകല സന്നാഹങ്ങളും അണിനിരത്തുക- ഇവയാണ് മുഖ്യമന്ത്രി അധ്യക്ഷനായ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതല. ഓഖിയില്‍ ഇതില്‍ പലതും പാളിയതോടെ കേരള തീരങ്ങളില്‍ ദുരന്തം വീശിയടിച്ചിരുന്നു. വീഴ്ച ഉള്‍ക്കൊണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്തി അതോറിറ്റി പുനസ്സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇതുവരെ നടപ്പായില്ല.
അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയില്‍ ഇപ്പോഴുമുള്ളത് റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇവിടെ നിന്നു വേണം സേനാവിന്യാസം അടക്കം സകല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍. ദുരന്തബാധിത ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫിസര്‍മാരെ നിയോഗിക്കുക, ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം പരിമിതപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് മല്‍സ്യത്തൊഴിലാളികളും ഭക്ഷണ വിതരണത്തിന് സന്നദ്ധ സംഘടനകളും മുന്‍കൈയെടുത്തതാണ് ദുരിതത്തിന്റെ തോത് കുറച്ചത്.
ഡാമുകള്‍ ഒരുമിച്ച് തുറക്കുമ്പോള്‍ എത്ര വീടുകള്‍ വെള്ളത്തിലാവും, അപകടസാധ്യത എവിടെയെല്ലാം, ആരുടെയെല്ലാം സഹായം തേടാം തുടങ്ങിയ കാര്യങ്ങളിലൊന്നും ധാരണയുണ്ടായിരുന്നില്ല. എത്രപേര്‍ ഒറ്റപ്പെട്ടെന്നോ അപകടാവസ്ഥയില്‍ എത്ര പേരെന്നോ വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്ന ഉദ്യോഗസ്ഥരെ എവിടെ വിന്യസിക്കണമെന്ന കാര്യത്തില്‍ പോലും അവ്യക്തതയായിരുന്നു.
ദുരന്തനിവാരണ അതോറിറ്റിയെ അടിയന്തരമായി ആധുനികവല്‍ക്കരിക്കാനും കാര്യക്ഷമമാക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍തലത്തില്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss