|    Nov 19 Sun, 2017 12:34 pm
FLASH NEWS

ഏകോപനമില്ലാതെ തീര്‍ത്ഥാടന ഒരുക്കങ്ങള്‍; മാലിന്യ പ്രശ്‌നം പരിഹരിച്ചില്ല

Published : 21st October 2016 | Posted By: SMR

എരുമേലി: ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ക്കായി ഇന്ന് എരുമേലിയില്‍ ആദ്യ മന്ത്രിതല യോഗം ചേരാനിരിക്കെ ക്രമീകരണങ്ങളില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന പരാതിയും പഞ്ചായത്തിന്റെ പദ്ധതികള്‍ക്കു ഫണ്ട് വെട്ടിക്കുറച്ചതും മാലിന്യ സംസ്‌കരണത്തിന് മാര്‍ഗമില്ലാതെ പഞ്ചായത്ത് കുഴയുന്നതും തിരിച്ചടിയാവുന്നു. ഇന്ന് മന്ത്രിതല യോഗം ചേരുമെന്ന് അറിയിപ്പ് ലഭിച്ചിട്ടും ഇന്ന് ഇതേ സമയത്ത് പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേര്‍ത്തത് ഏകോപനമില്ലായ്മയുടെ തെളിവായി മാറുന്നു. തീര്‍ത്ഥാടകര്‍ കുളിക്കുന്ന വലിയതോട് കരിംങ്കല്ലുംമൂഴി മുതല്‍ കൊരട്ടി വരെ ശുചീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചത് അറിയാതെ പഞ്ചായത്തും ടെന്‍ഡര്‍ ക്ഷണിച്ചത് ഏകോപനമില്ലായ്മയുടെ മറ്റൊരു തെളിവാണ്. മാലിന്യ സംസ്‌കരണത്തിന് ആകെയുള്ള കൊടിത്തോട്ടത്തെ ഇന്‍സിനറേറ്റര്‍ തകര്‍ന്ന് വീണത് കഴിഞ്ഞയിടെയാണ്. ഭാഗിക പ്രവര്‍ത്തന ശേഷി പോലുമില്ലാത്ത പ്ലാന്റ് അറ്റകുറ്റപ്പണി നടത്തി ഇത്തവണത്തെ സീസണില്‍ പ്രവര്‍ത്തിപ്പിച്ചാലും മാലിന്യ സംസ്‌കരണം വിജയകരമാവുമെന്ന് പഞ്ചായത്ത് കമ്മിറ്റിക്കും ഉറപ്പില്ല. കമുകിന്‍ കുഴിയിലെ സംസ്‌കരണ യൂനിറ്റിലാവട്ടെ വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതെ ടണ്‍ കണക്കിനു മാലിന്യങ്ങള്‍ കെട്ടികിടക്കുകയാണ്. രണ്ടിടത്തെയും മാലിന്യങ്ങള്‍ നീക്കാന്‍ പലതവണ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ആരും കരാര്‍ എടുത്തിട്ടില്ല. മരാമത്ത് വകുപ്പ് കണമല ഇറക്കത്തിനു പകരം നിര്‍മിക്കുന്ന ബദല്‍ റോഡ് കൂടുതല്‍ അപകടകരമാവുന്ന നിലയിലാണെന്ന് പരാതിയുമായി നാട്ടുകാര്‍ രംഗത്തുണ്ട്. കണമല-മൂക്കന്‍പെട്ടി-കോരുത്തോട് ശബരിമല പാതയുടെ നിര്‍മാണത്തിലും പരാതികള്‍ ധാരാളമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക