|    Jul 23 Sun, 2017 2:34 pm
FLASH NEWS

ഏകീകൃത ബസ് നമ്പറിങ് ഏപ്രിലില്‍ പൂര്‍ത്തിയാവും

Published : 20th March 2017 | Posted By: fsq

 

കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ യാത്രാസൗഹൃദ ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഏകീകൃത ബസ് നമ്പറിങ് പദ്ധതി ഏപ്രില്‍ ആദ്യവാരത്തോടെ പൂര്‍ണമായി നടപ്പില്‍വരും. ഏപ്രില്‍ ഏഴിനകം എല്ലാ കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകളുടെയും മുന്നിലും പിന്നിലും നിശ്ചിത മാതൃകയില്‍ ഏകീകൃത റൂട്ട് നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത  ബസ്സുകള്‍ക്കെതിരേ നടപടിയെടുക്കും.
ബസ് എവിടേക്ക് പോവുന്നതാണെന്ന് അതിലെ റൂട്ട് ബോര്‍ഡ് വായിച്ച് കണ്ടെത്തുന്നതിനു പകരം നമ്പര്‍ നോക്കി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത ബസ് നമ്പറിങ് സമ്പ്രദായം നടപ്പാക്കുന്നത്. വിദേശികള്‍, ഇതര സംസ്ഥാനക്കാര്‍, പ്രായമുള്ളവര്‍, കാഴ്ചശക്തി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് ഓരോ ബസ്സും എങ്ങോട്ട് പോവുന്നതെന്ന് മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. പലപ്പോഴും ബസ് അടുത്തെത്തുമ്പോള്‍ മാത്രമാണ് ബോര്‍ഡ് വായിച്ച് മനസ്സിലാക്കാന്‍ സാധിക്കുക.
ബോര്‍ഡിന്റെ ഇടതുഭാഗത്തായി 25 സെന്റീമീറ്റര്‍ വൃത്തത്തിലാണ് റൂട്ട് നമ്പര്‍ രേഖപ്പെടുത്തുക. ജില്ലാ ആശുപത്രി സ്റ്റാ ന്റില്‍നിന്ന് പുറപ്പെടുന്ന ബസ്സുകള്‍ ചുവന്ന പശ്ചാത്തലത്തിലും, താവക്കര സ്റ്റാന്റില്‍നിന്ന് പുറപ്പെട്ട് ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്ന ബസ്സുക ള്‍ മഞ്ഞ പശ്ചാത്തലത്തിലും, ജില്ലയ്ക്ക് പുറത്തേക്ക് സര്‍വീസ് നടത്തുന്നവ പച്ച പശ്ചാത്തലത്തിലുമുള്ള വൃത്തത്തിലാണ് നമ്പര്‍ പ്രദര്‍ശിപ്പിക്കുക.
ബസ് പുറപ്പെടുന്ന സ്ഥലവും പോവേണ്ട സ്ഥലവും ഒന്നിച്ച് ബോര്‍ഡില്‍ എഴുതിവയ്ക്കരുതെന്ന നിര്‍ദേശം ബസ്സുടമകള്‍ക്ക് നല്‍കി. നമ്പര്‍ ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുക ള്‍ സ്ഥാപിക്കുന്നതോടെ പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും ആര്‍ടിഒ അറിയിച്ചു. ഓരോ നമ്പര്‍ ബസ്സും എങ്ങോട്ടു പോവുന്നുവെന്ന് കാണിക്കുന്ന വിശദമായ ബോര്‍ഡുകള്‍ പ്രധാനപ്പെട്ട എല്ലാ ബസ് സ്റ്റോപ്പുകളിലും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂര്‍ ബസ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും ജില്ലാ ഭരണകൂടം  രൂപകല്‍പ്പന ചെയ്തു.
ജില്ലയിലോടുന്ന 30 ബസ്സുകളില്‍ ഇതിനകം ജിപിഎസ് സംവിധാനം സജ്ജീകരിച്ചു. ബസ് എവിടെയെത്തിയെന്ന് മനസ്സിലാക്കാനും ഇറങ്ങേണ്ട സ്റ്റോപ്പ് സ്വമേധയാ അനൗണ്‍സ് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അതോടൊപ്പം ബസ്സിന്റെ വേഗത മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. ജിപിഎസ് സംവിധാനം കൂടുതല്‍ ബസ്സുകളില്‍ ഉടന്‍ നടപ്പാക്കാനാണു പദ്ധതി. കണ്ണൂര്‍ സ ര്‍വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസുമായി സഹകരിച്ചാണ് ഏകീകൃത ബസ് നമ്പറിങ് സമ്പ്രദായം നടപ്പാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക