|    Jan 24 Tue, 2017 6:51 pm
FLASH NEWS

ഏകീകൃത പരീക്ഷയ്ക്ക് വീണ്ടും സുപ്രിംകോടതി അംഗീകാരം

Published : 13th April 2016 | Posted By: SMR

രാജ്യത്തെ എല്ലാ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലും ബിരുദ-ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശനത്തിന് അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സിലും ഡെന്റല്‍ കൗണ്‍സിലും നിര്‍ദേശിച്ച നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എന്ന പൊതുപ്രവേശനപ്പരീക്ഷയ്ക്ക് സുപ്രിംകോടതി അനുമതി നല്‍കിയിരിക്കുന്നു. പൊതുപരീക്ഷ റദ്ദാക്കി 2013ല്‍ നല്‍കിയ വിധി ചീഫ് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പിന്‍വലിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് അനില്‍ ദവെയുടെ നേതൃത്വത്തില്‍ എ കെ സിക്രി, ആര്‍ കെ അഗര്‍വാള്‍, ആദര്‍ശ്കുമാര്‍ ഗോയല്‍, ആര്‍ ഭാനുമതി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പുനപ്പരിശോധനാഹരജി പരിഗണിച്ച് പുതിയ വിധി പ്രഖ്യാപിച്ചത്. 2013ലെ വിധിക്കെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാരും മറ്റും നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് പുതിയ ഉത്തരവ്. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഏകീകൃത പരീക്ഷ ആവശ്യമാണോ അല്ലയോയെന്ന് പുനപ്പരിശോധന നടത്തേണ്ടതുണ്ടെന്നും അതുവരെ നീറ്റ് പരീക്ഷ തുടരാമെന്നുമാണ് സുപ്രിംകോടതി ഉത്തരവ്.
കൗണ്‍സില്‍ നടത്തുന്ന പൊതുപ്രവേശനപ്പരീക്ഷ സംസ്ഥാനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണെന്നും 2013ല്‍ ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റിസ് വിക്രംജിത് സെന്‍ എന്നിവരുടെ വിധിയില്‍ വ്യക്തമാക്കിയിരുന്നു. മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസപ്രവര്‍ത്തനത്തിനുള്ള അവകാശവും അവര്‍ ഊന്നിപ്പറഞ്ഞു. ഏകീകൃത പൊതുപ്രവേശനപ്പരീക്ഷയ്ക്ക് പകരം സംസ്ഥാനങ്ങള്‍ക്കും മനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കും പ്രവേശനപ്പരീക്ഷ നടത്താമെന്നും പരീക്ഷയുടെ മാനദണ്ഡമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിന് തീരുമാനിക്കാമെന്നും മൂന്നംഗബെഞ്ച് തീരുമാനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിധി പുനപ്പരിശോധിക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയത്.
ഏകീകൃത പരീക്ഷ സംബന്ധിച്ച് ജസ്റ്റിസ് കബീറും ജസ്റ്റിസ് സെന്നും ചൂണ്ടിക്കാണിച്ച ഭരണഘടനാപരമായ ന്യായം നിലനില്‍ക്കുന്നു. അതോടൊപ്പം, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള അവസരം നഷ്ടമാവുമോ എന്ന ആശങ്കയുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കുന്നതും ന്യൂനപക്ഷസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവുന്നതിനുള്ള നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതുമാണ് കൗണ്‍സില്‍ തീരുമാനമെന്ന പരാതിയുമായാണ് സുപ്രിംകോടതിയെ സമീപിച്ചത്.
എല്ലാം ദേശീയതലത്തില്‍ കേന്ദ്രീകരിക്കുന്നതിനുള്ള നീക്കം രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തിന് ദോഷകരമാണെന്നു ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അഴിമതി ഇല്ലാതാക്കുന്നതിന് ഏകീകൃത പരീക്ഷ സഹായിക്കുമെന്ന് വാദിക്കപ്പെടുന്നു. ഈ വാദത്തിനും അനുഭവത്തിന്റെ വെളിച്ചത്തില്‍ വലിയ അടിസ്ഥാനമില്ല. വിവിധ തലങ്ങളില്‍ ഏകീകരിച്ച പരീക്ഷകള്‍ സംബന്ധമായി ഉയരുന്ന അഴിമതിയാരോപണങ്ങള്‍ ഇതിനു വ്യക്തമായ തെളിവാണ്. തലവരിപ്പണവും അഴിമതിയും നടത്താനുള്ള ശ്രമങ്ങള്‍ക്ക് മറയായി ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ ഒരിക്കലും ന്യൂനപക്ഷ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തുകൂടാത്തതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 69 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക