|    Mar 21 Wed, 2018 5:02 am
FLASH NEWS

ഏകാന്തപഥികയുടെ വ്യാകുലതകള്‍

Published : 22nd October 2015 | Posted By: TK

ismath

 

വിആര്‍ജി

കഴിഞ്ഞ നൂറ്റാണ്ടിലെ ഉര്‍ദുസാഹിത്യത്തില്‍ ഒരു നവീന കഥാപ്രസ്ഥാനത്തിനു പ്രാരംഭം കുറിച്ച എഴുത്തുകാരിയായിട്ടാണ് ഇസ്മത് ചുഗ്തായ്(1915-1991) വിലയിരുത്തപ്പെട്ടിട്ടുള്ളത്. ‘സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടു മുന്‍പും അതിനു തൊട്ടു പിന്‍പും ഉര്‍ദു സാഹിത്യരംഗത്ത് ആധിപത്യം പുലര്‍ത്തിയ പ്രമുഖ പുരോഗമന സാഹിത്യപ്രവര്‍ത്തകര്‍ ഇസ്മത് ചുഗ്തായിയും അസീസ് അഹമ്മദുമാണ്. ഫ്യൂഡല്‍ മൂല്യങ്ങളോട് പടവെട്ടിയവരാണ് ഇരുവരും.

ജീവിതത്തോട് ഇവരുടെ സമീപനവും അതിന്റെ ചിത്രീകരണവും യുക്ത്യധിഷ്ഠിതവും പുരോഗമനോന്മുഖവുമായ രീതിയിലാണ് എന്ന് ‘ഭാരതീയ സാഹിത്യ ചരിത്ര’ത്തില്‍ പ്രമുഖ നിരൂപകനായ കമല്‍ റെയ്‌സ് കുറിച്ചിട്ടിരിക്കുന്നു.

 


അടിച്ചമര്‍ത്തപ്പെട്ടവരുടെവേദനകളും വ്യാകുലതകളും ആവിഷ്‌കരിച്ച എഴുത്തുകാരിയാണ് ഇസ്മത് ചുഗ്തായി. പാരമ്പര്യത്തില്‍ നിന്ന് മാറി നടന്നു ശീലിച്ച അവര്‍ മറച്ചുവയ്ക്കാനല്ല തുറന്നുപറയാനാണ് ശീലിച്ചത്. അത് അവര്‍ക്ക് ഏറെ വിമര്‍ശകരെയും നേടിക്കൊടുത്തു. 2015 ആ കഥാകാരിയുടെ ജന്മവാര്‍ഷികമാണ്


 

പാരമ്പര്യഗതിയില്‍നിന്നു മാറി നടന്ന നസര്‍ സജ്ജദ് ഹൈദര്‍, ഡോ. റഷീദ് ജഹാന്‍ എന്നിവരുടെ സ്വാധീനത്തിനു വശംവദയായി എഴുതിത്തുടങ്ങിയ അവര്‍ താമസംവിനാ സദത്ത് ഹസന്‍ മണ്‍ടു, രജീന്ദര്‍ സിങ് ബേദി, കൃഷന്‍ചന്ദര്‍, അഖ്തര്‍ തുടങ്ങിയവരുടെ നിരയിലേക്ക് ഉയര്‍ന്നു. അവഗണിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വേദനകളെപ്പറ്റിയും വ്യാകുലതകളെപ്പറ്റിയും വിഷമതകളെപ്പറ്റിയുമാണ് അവരെഴുതിയത്.

നോവലും (‘ചക്രരേഖ’) നാടകവും(‘തേര്‍ഹി ലകീര്‍’) സാഹിത്യലേഖനങ്ങളും(‘മൈ ഫ്രണ്ട്’, ‘എനിമി’) ചുഗ്തായ് രചിച്ചിട്ടില്ലെന്നല്ല. എങ്കിലും ചെറുകഥകളാണ്, അവര്‍ക്ക് സാഹിത്യലോകത്ത് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്, പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങള്‍ക്ക് മുഖ്യസ്ഥാനം നല്‍കിക്കൊണ്ടുള്ള ‘പുണ്യ കര്‍മ’, ‘ലിഹാഫ്’, ‘ഘര്‍വാലി’, ‘സോനേ കി ചിഡിയ’, ‘ടില്‍’, ‘ഗൈണ്ഡ’, ‘ഭൂല്‍ ഭൂലയ്യ’, ‘സിദ്ദി’, ‘ഗരംഹവ’, ‘സോനേ കി ചിഡിയ’, ‘അംഗാരേ’ തുടങ്ങിയ കഥകള്‍.

ദുഃഖാധീനരായ സ്ത്രീകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളും അവരുടെ പരിമിതികള്‍, പ്രശ്‌നങ്ങള്‍, പരാധീനതകള്‍ എന്നിവയും ചുഗ്തായ്ക്ക് എന്നും പ്രിയപ്പെട്ട വിഷയ ങ്ങളായിരുന്നു.
ഉത്തര്‍പ്രദേശിലെ ബദായൂനില്‍ പാരമ്പര്യനിഷ്ഠയുള്ള വലിയൊരു കുടുംബത്തില്‍ പത്തു മക്കളില്‍ ഒമ്പതാമത്തെ സന്തതിയായിരുന്ന അവര്‍ക്ക് ഓര്‍മവയ്ക്കുമ്പോള്‍ തന്നെ നാലാമത്തെ സഹോദരിയുടെ വിവാഹവും നടന്നിരുന്നു. അതിനാല്‍ വളര്‍ന്നുവന്നത് സഹോദരന്മാരുടെ കൂടെ. തന്റെ എഴുത്തിന്റെ സ്വഭാവം നിര്‍ണയിച്ചതും അതിലെ ഭയരാഹിത്യം വെളിവാക്കുന്നതും ഇതിന്റെ പ്രതിഫലനമാണെന്ന് ചുഗ്തായ് പില്‍ക്കാലത്തു പ്രഖ്യാപിച്ചിട്ടുണ്ട്.

അലിഗഡില്‍ പഠിച്ച് അവര്‍ ബി.എയും ബി.എഡും കരസ്ഥമാക്കി. ഇത് രണ്ടും നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതയുമായിരുന്നു ഇസ്മത് ചുഗ്തായ്. ബന്ധുജനങ്ങളുടെ എതിര്‍പ്പിനെ വകവയ്ക്കാതെ പഠിക്കുന്ന കാലത്തേ കഥകളെഴുതാന്‍ തുടങ്ങി. കോളജ് വിദ്യാഭ്യാസകാലത്തു തന്നെയാണ് 1936ല്‍ ലഖ്‌നോവില്‍ നടന്ന പുരോഗമന സാഹിത്യസമ്മേളനത്തില്‍ പങ്കെടുത്തതും. ജോധ്പൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവും സാഹിത്യകാരന്‍കൂടിയായ സഹോദരന്‍ മിര്‍സാ അസിമും ആയിരുന്നു പ്രധാന പിന്തുണ.

സ്ത്രീകളുടെ ലൈംഗികതയടക്കമുള്ള ശാരീരികവും ഭര്‍തൃപീഡനമുള്‍പ്പെടെയുള്ള മാനസികവും ആയ പീഡനാനുഭവങ്ങളും യാതനകളും ആണ് ചുഗ്തായിയുടെ പ്രിയപ്പെട്ട വിഷയങ്ങള്‍. ബാലപീഡനമടക്കം ആ കഥകളില്‍ കടന്നുവരുന്നു. സാമൂഹിക സംവിധാനത്തിലെ വൈരുധ്യങ്ങളും ക്രൂരതകളും അവര്‍ നിര്‍ദാക്ഷിണ്യം വരച്ചുകാട്ടി. മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ച ഓരോ കഥകളിലും കാണാം. സത്യസന്ധമായ ആവിഷ്‌കാരം വായനക്കാരെ ഞെട്ടിപ്പിക്കുന്നതാണ്.

ismath-chukthathi
‘ലിഹാഫി’ല്‍ സ്ത്രീകള്‍ക്കിടയിലെ സ്വവര്‍ഗരതിയാണ് വിഷയം. സമൂഹമധ്യത്തില്‍ അത് കോളിളക്കം സൃഷ്ടിക്കുക മാത്രമല്ല ചുഗ്തായ് കോടതി കയറേണ്ടിയും വന്നു. മാപ്പു പറയാന്‍ കൂട്ടാക്കാതെ അവര്‍ വക്കീലിനെ വച്ച് കേസ് വാദിച്ചു; ജയിക്കുകയും ചെയ്തു. അനന്യസാധാരണമായ നര്‍മമാണ് ചുഗ്തായ് കഥകളുടെ മറ്റൊരു സവിശേഷത. മുഖംമൂടിയണിയാതെ, തുറന്നുപറയുന്ന ശൈലി അവയ്ക്ക് ആധികാരികത നല്‍കുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ചെറുകഥാരംഗത്തെ അതികായനായ മണ്‍ടു ഒരിക്കലവരെ ‘വെറുമൊരു പെണ്ണെഴുത്തുകാരി’യെന്ന് ആക്ഷേപിക്കുകയുണ്ടായി. പില്‍ക്കാലത്ത് മണ്‍ടുവിനു തന്നെ ആ വാക്കുകള്‍ തിരുത്തേണ്ടതായും വന്നു.

വിഭജനത്തിനു ശേഷം പാകിസ്താനിലേക്കു പോകാന്‍ ചുഗ്തായ് വിസമ്മതിച്ചു. ‘ഞാന്‍ ജനിച്ചു വീണ മണ്ണ്  ഇവിടെയാണ്; ഇവിടെ കിടന്നുതന്നെ എനിക്കു മരിക്കണം. എന്നോട് ഇവിടെനിന്നു പോകാന്‍ പറയാന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല’- ഇതായിരുന്നു ചുഗ്തായിയുടെ നിലപാട്. തികഞ്ഞ മതേതരവാദി കൂടിയായിരുന്നു അവര്‍. ഒരു ഹിന്ദുവിനെ വിവാഹം ചെയ്യാനാഗ്രഹിച്ച മകളെ അതിനനുവദിച്ച ചുഗ്തായ് തന്റെ മൃതശരീരം ദഹിപ്പിച്ചു കളയണമെന്ന് നേരത്തേ വില്‍പത്രം എഴുതിവച്ചിരുന്നു. അങ്ങനെതന്നെയാണ് മുംബൈയില്‍ നടന്നതും.

മറ്റു പ്രമുഖ ഉര്‍ദു എഴുത്തുകാരെപ്പോലെ ചുഗ്തായ്ക്കും ഹിന്ദിസിനിമാ ലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ഷഹീദ് ലത്തീഫിനെ അവര്‍ 1941ല്‍ വിവാഹം ചെയ്തു. ലത്തീഫ് അവരുടെ രണ്ടു കഥകള്‍ സിനിമയാക്കിയിട്ടുണ്ട്. 1948ലെ ‘സിദ്ദി’യും 1950ലെ ‘ആര്‍സൂ’വും. എം.എസ്. സത്യുവിന്റെ സംവിധാനത്തില്‍ ബല്‍രാജ് സാഹ്‌നി പ്രധാന ഭാഗത്തിലഭിനയിച്ച, വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിച്ച മുസ്‌ലിംകള്‍ നേരിടേണ്ടിവന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച ‘ഗരം ഹവ’ ആണ് ചുഗ്തായ് തിരക്കഥ രചിച്ച ഏറ്റവും പ്രശസ്ത ചിത്രം. തുല്യ പ്രശസ്തമാണ് 1957ലെ സ്വാതന്ത്ര്യസമരത്തെപ്പറ്റി, റസ്‌കിന്‍ ബോണ്ടിന്റെ നോവലിനെ ആസ്പദമാക്കി, ശശികപൂര്‍ നിര്‍മിച്ച്, ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ജുനൂണ്‍.’ ദീപാ മേത്തയുടെ ‘ഫയര്‍’, അഭിഷേക് ചൗബയുടെ ‘ദേധ് ഇഷ്‌കിയ’ എന്നിവയും ചുഗ്തായ് കഥകളെ ആസ്പദമാക്കിയുള്ളതായിരുന്നു. സാന്ദര്‍ഭികമായി പറയട്ടെ, ‘ബോംബെ ടാക്കീസ്’ നിര്‍മിച്ച ‘സിദ്ദി’യിലൂടെയാണ് ദേവാനന്ദിനും കിഷോര്‍ കുമാറിനും ബോളിവുഡിലേക്ക് പ്രവേശനം ലഭിക്കുന്നത്.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss