|    Dec 11 Tue, 2018 12:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഏകാദശി ആഘോഷം: ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്

Published : 20th November 2018 | Posted By: kasim kzm

കെ വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. ഏകാദശി ദിനമായ ഇന്നലെ പുലര്‍ച്ചെ മുതല്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഉഷപൂജയ്ക്കു ശേഷം പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെ നടന്ന കാഴ്ചശീവേലിക്കു ഗുരുവായൂര്‍ ദേവസ്വം ഗജരത്‌നം പത്മനാഭന്‍ സ്വര്‍ണകോലത്തില്‍ ഭഗവാന്റെ തങ്കക്കോലമേറ്റി.
അച്യുതനും ചെന്താമരാക്ഷനും പറ്റാനകളായി. ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണു ഗുരുപവനപുരിയിലേക്ക് ഒഴുകിയത്. ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഇന്നലെ ഉദയാസ്തമന പൂജയുമുണ്ടായി. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കു പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ ദേവസ്വം ആനത്തറവാട്ടിലെ കൊമ്പന്മാരായ ഇന്ദ്രസെനും ദാമോദര്‍ദാസും പറ്റാനകളായി നടന്ന എഴുന്നള്ളിപ്പിന് വലിയ കേശവന്‍ ഭഗവാന്റെ തിടമ്പേറ്റി.
ഏകാദശി വ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദയൂട്ടിന് വിപുലമായ സംവിധാനങ്ങളാണു ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. ക്ഷത്രക്കുളത്തിന് പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളിലും അതിനോട് ചേര്‍ന്നുള്ള പന്തലിലും തെക്കേനടയില്‍ പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ പന്തലിലുമായി നടന്ന ഏകാദശി ഊട്ടില്‍ ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയുള്ള ഏകാദശി വ്രതവിഭവങ്ങളായിരുന്നു. 35,000ത്തിലേറെ പേര്‍ പ്രസാദയൂട്ടില്‍ പങ്കെടുത്തു. ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണമാവണമെങ്കില്‍ ദ്വാദശിപ്പണം വച്ച് നമസ്‌കരിക്കുക എന്ന ചടങ്ങ് പ്രധാനമാണ്. പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ എട്ടുവരെയാണ് ദ്വാദശിപണ സമര്‍പ്പണ ചടങ്ങ്. ദ്വാദശി സമര്‍പ്പണത്തിനു ശേഷം ഇന്ന് ഒമ്പതിനു ക്ഷേത്രനടയടക്കും. വൈകീട്ട് 4.30നു ശുദ്ധിവരുത്തിയ ശേഷമാണു നട തുറക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss