|    May 24 Thu, 2018 4:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏകസിവില്‍കോഡ്: കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദം- ലീഗ്

Published : 16th October 2016 | Posted By: mi.ptk

uniform-civil-code

കോഴിക്കോട്: ഏകസിവില്‍കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്‌കാരമുള്ള രാജ്യത്ത് ഏകസിവില്‍കോഡ് അപ്രായോഗികമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സമാനമനസ്‌കരുമായി യോജിച്ച് നീങ്ങാന്‍ യോഗം തീരുമാനിച്ചു. ഏകസിവില്‍കോഡ് ഇല്ലാത്തതല്ല ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ നല്ലതിനല്ല. ബിജെപിയുടെയും സംഘപരിവാരത്തിന്റെയും നീക്കങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതാണ്. യുപിഎ സര്‍ക്കാര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ നിന്ന് ഏകസിവില്‍കോഡ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി പേര്‍ ഒപ്പിട്ട ഭീമ ഹരജി മാസങ്ങള്‍ക്കു മുമ്പ് മുസ്‌ലിംലീഗ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ദുഷ്ടലാക്കോടെ തിടുക്കപ്പെട്ടുള്ള നടപടികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിട്ടുള്ളത്. വിവാഹം, മരണം, സ്വത്തവകാശം തുടങ്ങിയ വ്യക്തികളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൈകടത്തുന്നത് നിലവിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കും. വൈവിധ്യങ്ങളാണ് രാജ്യത്തിന്റെ സൗന്ദര്യം. പല പ്രത്യയശാസ്ത്രങ്ങളും മതങ്ങളും ജാതികളും ഉപജാതികളുമായി സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള മൗലികാവകാശം ഹനിക്കുന്നത് രാജ്യത്തിന്റെ പൊതു താല്‍പര്യത്തിന് നിരക്കുന്നതല്ല. മുസ്‌ലിംലീഗ് ദേശീയ ഖജാഞ്ചി പി കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, സെക്രട്ടറി പി  വി അബ്ദുല്‍വഹാബ് എംപി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരിന് ഏറ്റ ആദ്യത്തെ പ്രഹരമാണ് ഇ പി ജയരാജന്റെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും കാണിക്കാത്ത സര്‍ക്കാരെന്ന് ഇനി പറയാന്‍ സാധിക്കില്ല. യുഡിഎഫ് പ്രതിപക്ഷത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ബോധ്യപ്പെടുത്താനും ഇതു കാരണമായി. യുഡിഎഫിന്റെ കാലത്തും സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞകാലത്തെ കുറിച്ച് ഏതു തരം അന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും കുഞ്ഞാലിക്കുട്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss