|    Feb 27 Mon, 2017 10:23 am
FLASH NEWS

ഏകസിവില്‍കോഡ് എല്ലാവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നം: ഉമ്മന്‍ചാണ്ടി

Published : 26th November 2016 | Posted By: SMR

കൊച്ചി: ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെതിരേ ആയിരങ്ങള്‍ അണിനിരന്ന ബഹുജനറാലിയിലും ശരീഅത്ത് സംരക്ഷണ സമ്മേളനത്തിലും മുസ്്‌ലിം പൊതുസമൂഹത്തിന്റെ പ്രതിഷേധം അലയടിച്ചു. ജമാഅത്ത് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് എറണാകുളം രാജേന്ദ്രമൈതാനിയില്‍നിന്ന് ആരംഭിച്ച റാലിക്ക് മുസ്്‌ലിം സംഘടനാ നേതാക്കളും മഹല്ല് ഭാരവാഹികളും പണ്ഡിതന്മാരും നേതൃത്വം നല്‍കി. തുടര്‍ന്ന് മറൈന്‍ഡ്രൈവില്‍ നടന്ന ശരീഅത്ത് സംരക്ഷണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏകസിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് ജനാധിപത്യ സമൂഹം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒരു സമുദായത്തിന്റെ ആവശ്യം മാത്രമായിട്ടില്ല എല്ലാ വിഭാഗം ജനങ്ങളുടെ അവകാശസംരക്ഷണമാണ് ഏകസിവില്‍കോഡിനെതിരായ ശബ്ദം. നാനത്വത്തില്‍ ഏകത്വം പൂര്‍ണമായി ഉള്‍കൊള്ളുന്ന ജനതയാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങളും ആചാരക്രമങ്ങളും പിന്തുടരാന്‍ ഇവിടെ അവകാശമുണ്ട്. അത് പൂര്‍ണമായി പാലിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിന്ദിക്കാതെ ബഹുമാനിക്കുന്നതാണ് ഭാരതീയ സംസ്‌കാരം. വിശ്വാസകാര്യത്തിലും ആചാരങ്ങളിലും മാറ്റംവേണമെങ്കില്‍ അത് ആ വിഭാഗത്തില്‍പെട്ടവരാണ് തീരുമാനിക്കേണ്ടതെന്നും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ നീക്കം നിര്‍ഭാഗ്യകരമാണെന്നും ഇതിനെതിരായ ഒറ്റക്കെട്ടായി സമൂഹം അണിനിരക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജമാഅത്ത് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എം കുഞ്ഞുമോന്‍ അധ്യക്ഷതവഹിച്ചു. ഓള്‍ ഇന്ത്യ മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം  ഡോ. ഷക്കീല്‍ അഹമ്മദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ ഹൈബി ഈഡന്‍, ടി എ അഹമ്മദ് കബീര്‍, വി ഡി സതീശന്‍, അന്‍വര്‍ സാദത്ത്, കെ ജെ മാക്‌സി, മുന്‍ എംഎല്‍എമാരായ ബെന്നി ബെഹ്‌നാന്‍, ഡൊമനിക് പ്രസന്റേഷന്‍, എ എം യുസുഫ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, കളമശ്ശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഇ എസ് ഹസന്‍ ഫൈസി, പി എ മുഹമ്മദലി, പി എം ഹാരിസ്, ടി എസ് അബൂബക്കര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി (എസ്‌വൈഎസ് കാന്തപുരം വിഭാഗം), മുഹമ്മദ് അസ്്‌ലം മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ബഷീര്‍ വഹബി (കേരള സുന്നി ജമാഅത്ത്) അബൂബക്കര്‍ ഫാറുഖി (ജമാഅത്തെ ഇസ്്‌ലാമി), മുഹമ്മദ് ബാബുസേഠ് (കേരള നദുവത്തുല്‍ മുജാഹിദീന്‍), കെ എം അബൂബക്കര്‍ (എംഇഎസ്), അബ്ദുല്‍ നാസര്‍ ബാഖഫി (ഇമാംസ് കൗണ്‍സില്‍) എന്‍ കെ അലി(മെക്ക) എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്‍വീനര്‍ കെ കെ കബീര്‍, സുലൈമാന്‍ മൗലവി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day