|    May 22 Tue, 2018 1:46 pm
FLASH NEWS

ഏകസിവില്‍കോഡിനെതിരേയുള്ള താക്കീതായി അവകാശ സംരക്ഷണ സമ്മേളനം

Published : 29th October 2016 | Posted By: SMR

കൊല്ലം: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേയുള്ള ശക്തമായി താക്കീതായി ഇന്നലെ കര്‍ബല മൈതാനിയില്‍ ചേര്‍ന്ന അവകാശ സംരക്ഷണ സമ്മേളനം. വിവിധ മുസ്്‌ലിം സംഘടനകള്‍ വ്യക്തി നിയമ സംരക്ഷണ സമിതിയുടെ ബാനറില്‍ ഒന്നിച്ചുള്ള പോരാട്ടത്തിനുള്ള അഹ്വാനമാണ് സമ്മേളനത്തില്‍ നടത്തിയത്. സമ്മേളനം ദക്ഷിണ കേരള ജംയത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി ഉദ്ഘാടനം ചെയ്തു.ഇസ്്‌ലാമിനെ തകര്‍ക്കാന്‍ എല്ലാ കോണില്‍ നിന്നും ശ്രമം നടക്കുന്നതായി സമ്മേളനത്തില്‍ സംസാരിച്ച ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ പറഞ്ഞു. ഇസ്്‌ലാമിനെ തകര്‍ക്കാന്‍ മോദിയും പരിവാറുകളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. അതുകൊണ്ടൊന്നും ഇസ്്‌ലാമിനെ തകര്‍ക്കാന്‍ കഴിയില്ല. ഈ അവസരം ഉപയോഗപ്പെടുത്തി ശരീഅത്തിനെ സജീവമാക്കാന്‍ എല്ലാവരും ശ്രമിക്കണം. മുത്വലാഖിന്റെ പേരില്‍ ഒരു സ്ത്രീയും വിഷമം അനുഭവിക്കുന്നില്ല. പുകമറ സൃഷ്ടിച്ച് ഇസ്്‌ലാമിനെ തകര്‍ക്കാന്‍ ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍കോഡ് മുസ്്‌ലിംകളുടെ മാത്രം പ്രശ്‌നമാക്കി ഉയര്‍ത്തികാട്ടാന്‍ സംഘപരിവാരം ശ്രമിക്കുന്നതായി റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രസിഡന്റും മുസ്്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് സ്ഥാപകാംഗവുമായ ഇ അബൂബക്കര്‍ പറഞ്ഞു. ഏക സിവില്‍കോഡ് ഏതെങ്കിലും ഒരുവിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല, വിവിധ മതവിഭാഗങ്ങളെ ഇത് ബാധിക്കും. മുത്വലാഖിനെ ദുരൂപയോഗപ്പെടുത്തകയാണെങ്കില്‍ അവരെ ആ രീതിയില്‍ കാണേണ്ടതിന് പകരം അതിനെ കാടടച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല. സംഘപരിവാരം ആരോപിക്കുന്നത് പോലെ മുസ്്‌ലിംകളിലെ ബഹുഭാര്യത്വം മറ്റു മതക്കാരെ താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. മോദിയുടെ മുസ്്‌ലിം സ്ത്രീകളോടുള്ള സ്‌നേഹം കാപട്യമാണ്. കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഏക ജാലകവും സാധാരണക്കാര്‍ക്ക് എല്ലാ ജാലകവും കൊട്ടിയടക്കുകയാണ്. അഭിപ്രായം സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. കേരളത്തില്‍ യുഎപിഎ മുസ്്‌ലിംകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന സ്ഥിതിയാണ് നിലവില്‍. മുസ്്‌ലിംകളെ പലവിധത്തിലും ഉന്നംവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഒരു നിയമം ആരുടെ മേലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ.പി ഒ ജെ ലബ്ബ പറഞ്ഞു. ഏകസിവില്‍കോഡിനെതിരേയുള്ള നീക്കം മുസ്്‌ലിം കൂട്ടായ്മയ്ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ശരീഅത്തിനെ സംരക്ഷിക്കുക എന്നത് ഓരോ മുസ്്‌ലിമിന്റേയും ബാധ്യതയാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ പറഞ്ഞു. ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ മോദിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഫാസിസം എന്ന പൊതുശത്രുവിനെതിരേ മുസ്്‌ലിംകള്‍ ഒന്നിക്കണമെന്ന് മുന്‍ എംഎല്‍എ എ യൂനുസ്‌കുഞ്ഞ് പറഞ്ഞു. ചരിത്രം വളച്ചൊടിക്കുകയാണ്  സംഘപരിവാരം ചെയ്യുന്നതെന്ന് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ ഹുസൈന്‍ മൗലാന പറഞ്ഞു. വ്യക്തി നിയമ സംരക്ഷണ സമിതി ചെയര്‍മാന്‍ മുവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മൗലവി, അഡ്വ.എ ഷാനവാസ്ഖാന്‍, അബ്ദുല്‍ അസീസ്, വലിയത്ത് ഇബ്രാഹിംകുട്ടി, മുഹമ്മദ് ബാദുഷ സഖാഫി, മുഹമ്മദ് സ്വാലിഹ് മൗലവി, കാരാളി സുലൈമാന്‍ ദാരിമി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് മയ്യത്തുംകര, എ ജുനൈദ്, എ കെ സലാഹുദ്ദീന്‍, ആസാദ് റഹിം, എം എ സമദ്, കൂട്ടിക്കട അഷ്‌റഫ്, ഷെറഫുദ്ദീന്‍ എംഎംകെ, ജെ കെ ഹാഷിം, അബ്ദുല്‍സമദ് ഓയൂര്‍, തടിക്കാട് സഈദ് ഫൈസി, അഡ്വ.അബ്ദുല്‍ബാരി, മുഹമ്മദ് ഷിബിലി അല്‍ഖാസിമി, ഹാജി അബ്ദുല്‍ അസീസ്, നിസാര്‍ ചിറക്കട, മുഹമ്മദ് അഷ്‌റഫ് മൗലവി, നാസറുദ്ദീന്‍ മുട്ടക്കാവ്, ഇബ്രാഹിംകുട്ടി, മുഹമ്മദ് റാഫി ഖാസിമി, താജുദ്ദീന്‍, താഹാ സഅ്ദി, മഷ്ഹൂര്‍, അബ്ദുല്‍സത്താര്‍ മൗലവി, അബ്ദുല്‍ ലത്തീഫ്, ഫസലുദ്ദീന്‍ മൗലവി, മുജീബ് റഹുമാന്‍,റാഫി മൗലവി, അബ്ദുല്‍ കലാം, സത്താര്‍ മൗലവി, മണക്കാട് നുജുമുദ്ദീന്‍,ഷെഫീക്ക് പുനക്കന്നൂര്‍, മുഹമ്മദ് ഹനീഫ, മുഹമ്മദ് നിസാമി, അബ്ദുല്‍ ഖരീം, ഷംസുദ്ദീന്‍ അഹ്‌സനി, നിസാമുദ്ദീന്‍, ഷാഫി മൗലവി, സലീം മൗലവി, അസ്സനാരുകുഞ്ഞ്, അബ്ദുല്‍ കലാം നാഈമി, ഫസ്സിലു റഹ്മാന്‍, അയ്യൂബ് അസ്ഹരി, ഷിഹാബ്, ഷാജഹാന്‍ സഖാഫി, ലത്തീഫ്    മാമ്മൂട്, ബഷീര്‍ സാഹിബ് മാലിക്കര, ഹാഫിസ് താഹിര്‍ മന്നാനി പങ്കെടുത്തു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ബംഗളുരുവില്‍ നിന്നും അയച്ച സന്ദേശം സമ്മേളനത്തില്‍ അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss