|    Apr 21 Sat, 2018 12:08 am
FLASH NEWS
Home   >  Blogs   >  

ഏകലവ്യന്റെ അവശേഷിക്കുന്ന വിരലുകളും അരിഞ്ഞു വാങ്ങുന്നുവോ ?

Published : 11th November 2015 | Posted By: G.A.G

Beyond-the-Boundariesnew

വര്‍ണ ഹിന്ദുത്വ ഫാഷിസം ജാതീയതയും വര്‍ഗീയതയും സമം ചേര്‍ത്ത് അധികാരം പിടിച്ചടക്കി സങ്കുചിത വംശീയ അജണ്ടകള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ഈ ആപത് വേളയില്‍ മതന്യൂനപക്ഷങ്ങളും ദലിത് പിന്നാക്കവിഭാഗങ്ങളും പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന രാജ്യത്തെ ജുഡീഷ്യറിയും ഇടവേളകളില്‍ സ്വധര്‍മ്മം വിസ്മരിക്കുന്നുവോ? ഏക സിവില്‍ കോഡ് ഇനിയും നടപ്പാക്കാത്തതിനെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംവരണം തുടരുന്നതിനെപ്പറ്റിയും സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങളാണ് ഇത്തരമൊരാശങ്കയ്ക്ക് ആധാരം.
വികസന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ ഭരണത്തിന്റെ ആദ്യപകുതിയില്‍ത്തന്നെ തങ്ങളുയര്‍ത്തിയ വികസനവും ക്ഷേമവും മനുസ്മൃതി അനുശാസിക്കുന്നപോലെ സവര്‍ണ വിഭാഗങ്ങളുടേയും ഗോക്കളുടേയും ക്ഷേമം മാത്രം ലാക്കാക്കിയുള്ളതാണെന്ന് ഇതിനകം തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ച് കൊണ്ടിരിക്കുകയാണല്ലോ.
രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആയിരത്തോളം വര്‍ഗീയ കലാപങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. narendra-modi-

ശിവസേനയെപ്പോലുള്ള തീവ്ര ഹിന്ദുത്വ വര്‍ഗ്ഗീയ വാദികള്‍ രണ്ടായിരത്തോളം മുസ്്‌ലിംകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ഗുജറാത്ത്  കലാപത്തിന്റെ പേരില്‍ മാത്രം തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച നരേന്ദ്രമോഡി തങ്ങള്‍ക്കെതിരായി ചെറുവിരലനക്കുകയില്ലെന്ന് ഉറച്ചബോധ്യമുള്ള സംഘപരിവാര്‍ഭൂതഗണങ്ങളുടെ തേര്‍വാഴ്ചയാണ് ബി.ജെ.പി സര്‍ക്കാറിന്റെ മൗനാനുവാദത്തോടുകൂടി നടന്നുകൊണ്ടിരിക്കുന്നത്.

കിടാവായിരിക്കുമ്പോള്‍ കര്‍ഷക കുടുംബങ്ങളിലെ അരുമയായും യൗവ്വനത്തില്‍ ലിംഗഭേദമനുസരിച്ച് ക്ഷീരസമൃദ്ധിയായും വയലേലകളിലെ സഹായിയായും വാര്‍ദ്ധക്യത്തില്‍ സ്വജീവന്‍ ബലിനല്‍കി കര്‍ഷകന് താങ്ങായും വര്‍ത്തിച്ചിരുന്ന സൗമ്യതയുടെ പ്രതീകമായി പോലും വാഴ്ത്തിയിരുന്ന പശു കാവിബാധയേറ്റ് രൂപാന്തരം പ്രാപിച്ച് ഒരു ഭീകരസത്വമായി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. തികഞ്ഞ സസ്യഭൂക്കായ ‘പശു’ ഇതിനകം മൂന്നു മുസ്്‌ലിംകളെ കൊന്നു തിന്നിരിക്കുന്നു.

PaintedHolyCow ഗോ മാംസം കൈവശം വച്ചിരിക്കുന്നു എന്ന് ആസൂത്രിതമായി കെട്ടിച്ചമച്ച വ്യാജാരോപണത്തിന്റെ പേരില്‍ രാജ്യരക്ഷയ്ക്ക് യൗവ്വനവും ജീവിതവും സമര്‍പ്പിച്ച ഒരു സൈനികന്റെ കുടുംബം ആക്രമിക്കപ്പെടുകയും കുടുംബനാഥന്‍ വധിക്കപ്പെടുകയും ചെയ്തപ്പോള്‍ കൊലയാളികളെ നിയമത്തിന്റെ കൈപ്പിടിയിലാക്കി ഭീതിയുടെ നിഴലില്‍ കഴിയുന്ന കുടുംബത്തിന് സമാശ്വാസം നല്‍കുന്നതിന് പകരം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുന്നതിനായിരുന്നു മോഡിക്കാലത്തെ പോലിസിന് തിടുക്കം.
കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ദരിദ്ര ഇന്ത്യന്‍ ജനതയ്ക്ക് കുറഞ്ഞ ചെലവില്‍ പോഷകാഹാരം ലഭ്യമാക്കിയിരുന്ന മാംസാഹാരം മുസ്്‌ലിം വിദ്വേഷത്തിനുള്ള ഒരു ബിംബ കല്‍പനയായി മാറി, അതും കഴിഞ്ഞ് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ അധികാര പരിധികളെപോലും ചോദ്യം ചെയ്യാന്‍ ശക്തിപ്രാപിച്ചിരിക്കുന്നു.
കാഷായ വസ്ത്രം ധരിച്ചവരും അല്ലാത്തവരുമായ സ്വാമിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും എം പി -എം എല്‍ എ മാര്‍ക്കും ന്യൂനപക്ഷ ദലിത് വിഷയങ്ങളില്‍ പരാമര്‍ശിക്കുമ്പോള്‍ നാവില്‍ വികട സരസ്വതികളിയാടുന്ന പ്രവണത രാജ്യത്തെ നടുക്കിയ രണ്ട് ദലിത് ബാലന്മാര്‍ സവര്‍ണഭീകരന്മാരാല്‍ ചുട്ടുചാമ്പലാക്കിയ ദാരുണ സംഭവത്തെ പട്ടിയെ കല്ലെടുത്തെറിയുന്നതിന് തുല്യമാക്കി നിസ്സാരവല്‍ക്കരിക്കുവോളം വളര്‍ന്നു. വിവേചനത്തിന്റെ ഇരകളെന്ന് അവകാശപ്പെട്ട് അയല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ത്തന്നെ തലമുറകളായി ഇന്ത്യന്‍ മണ്ണില്‍ ജീവിക്കുന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുസ്്‌ലിംകളെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തി പുറന്തള്ളാനുള്ള വ്യക്തമായ വംശീയ വിവേചനങ്ങള്‍ക്കും രാജ്യം ഈയിടെ സാക്ഷിയായി .
ചായക്കടക്കാരന്റെ മകന്‍, സാധാരണക്കാരന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കിയവന്‍, എന്നിങ്ങനെ പാവപ്പെട്ടവന്റെ മനം കവരുന്ന വായ്ത്താരികള്‍ കേട്ട് മോഡിയെ വോട്ടുചെയ്ത് അധികാരത്തിലേറ്റിയ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മോഡിഭരണത്തില്‍ കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങളും ബില്ലുകളും കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ വരുന്നത് നോക്കി നിന്ന് നെടുവീര്‍പ്പിടാനാണ് യോഗം. പൊതു താല്‍പര്യം ചാര്‍ത്തി ഏതുസ്വകാര്യ പദ്ധതിക്കും കര്‍ഷകരുടെ ഭൂമി നിരുപാധികം ഏറ്റെടുക്കാന്‍ അനുവാദം നല്‍കുന്ന ബില്‍ കര്‍ഷകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും സംഘടിത ചെറുത്തു നില്‍പ്പുകള്‍ക്കൊടുവില്‍ തല്‍ക്കാലം പിന്‍വലിച്ചിരിക്കുകയാണ്. ട്രേഡ് യൂണിയനുകള്‍ പതിറ്റാണ്ടുകള്‍ നീണ്ട യാതാനാപൂര്‍ണ്ണമായ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന തരത്തിലുള്ള വ്യവസ്ഥകളടങ്ങിയ ട്രേഡ് യൂണിയന്‍ നയവും തൊഴില്‍ മേഖലയില്‍ പരക്കെ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
supreme_court_1514205g  സവര്‍ണ ഹിന്ദുത്വ ഫാഷിസം രാജ്യത്തെ കൊണ്ടെത്തിക്കാന്‍ പോകുന്ന ഭീതിദമായ അവസ്ഥയെക്കുറിച്ചും ഫാഷിസം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന സാഹിത്യകാരന്മാരില്‍ ഡോ. കല്‍ബുര്‍ഗിയെപ്പോലുള്ളവര്‍ വധിക്കപ്പെടുകയും കെ എസ് ഭഗവാനെപ്പോലുളള അനേകം പേര്‍ വധഭീഷണിയുടെ നിഴലില്‍ ജീവിക്കുകയുമാണ്. ഇന്ത്യ എന്ന രാഷ്ട്ര സങ്കല്‍പത്തിന്റെ അടിസ്ഥാന ശിലയായ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്റെ കടക്കല്‍ കത്തിവെയ്ക്കുന്ന രീതിയില്‍ രാജ്യത്ത് അസഹിഷ്ണുതയും അരക്ഷിതാവസ്ഥയും മുമ്പില്ലാത്ത വിധം വര്‍ദ്ധിച്ചുവരുന്നതില്‍ അസ്വസ്ഥരായ പൊതു സമൂഹത്തിന്റെ വിങ്ങലുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് എഴുത്തുകാരും കലാകാരന്മാരും ശാസ്ത്രജ്ഞന്മാരും പദ്മപുരസ്‌ക്കാരങ്ങളും അക്കാദമി അവാര്‍ഡുകളും വന്‍തോതില്‍ തിരിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്റെ പാരമ്പര്യം ഓര്‍മ്മപ്പെടുത്തികൊണ്ടും നിലവിലുള്ള അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടും ഒരു മാസത്തിനിടെ അഞ്ചിലേറെ തവണ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്നെ പരസ്യമായി പ്രതികരിക്കുകയുണ്ടായി. കാറ്റും കോളും നിറഞ്ഞ ഈ അന്തരീക്ഷത്തില്‍ ഏതൊരു ഇന്ത്യന്‍ പൗരനും സ്വാഭാവികമായും നിതിയുടെയും ധര്‍മ്മത്തിന്റെയും പൊന്‍വെളിച്ചം വിതറേണ്ട പരമോന്നത നീതിപീഠത്തിലേക്ക് പ്രത്യാശപൂര്‍വ്വം ഉറ്റുനോക്കുമെന്നുറപ്പ്.
ഹിന്ദു മുസ്്‌ലിം ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജൈന, ബുദ്ധ തുടങ്ങിയ മുഖ്യധാര മതാനുയായികളും അവയിലെ തന്നെ എണ്ണിയാലൊടുങ്ങാത്ത അവാന്തരവിഭാഗങ്ങളും ചേര്‍ന്ന സമ്മിശ്ര ജനവിഭാഗമാണ് ഇന്ത്യന്‍ ജനത. ജനാധിപത്യ ഇന്ത്യക്ക് കരുത്തേകുന്നതും ഈ മഴവില്‍ ഭംഗിയാണ് ഈ വ്യത്യസ്ത വിഭാഗങ്ങള്‍ക്കൊക്കെ തന്നെ വിവാഹം അനന്തരാവകാശം പോലുള്ള അവരുടെ തികച്ചും വ്യക്തിപരമായ വിഷയങ്ങളില്‍ തങ്ങളുടെതായ മതാചാരങ്ങളും നിയമങ്ങളും പാലിക്കുവാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. രാജ്യതാല്‍പര്യങ്ങള്‍ക്കോ സഹോദര സമുദായംഗങ്ങളുടെ അവകാശങ്ങള്‍ക്കോ യാതൊരു പോറലുമേല്‍ക്കാതെ ബന്ധപ്പെട്ട സമുദായങ്ങള്‍ ഈ ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നുമുണ്ട്. പ്രസ്തുത നിയമങ്ങളിലേതിനെയെങ്കിലുമോ അതിലെ പ്രത്യേക വകുപ്പുകളിലെ പഴുതുകളെയോ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുവെങ്കില്‍, അഥവാ ആധുനിക മനുഷ്യാവകാശ സങ്കല്‍പങ്ങളുമായോ സാഹചര്യങ്ങളുമായോ പൊരുത്തപ്പെടുന്നില്ലെങ്കില്‍  നിയമനിര്‍ധാരണത്തിനുപയോഗിച്ച മൂലഗ്രന്ഥങ്ങളുടെയും ബന്ധപ്പെട്ട സമുദായത്തിലെ നിയമജ്ഞരുടേയും സഹായത്താല്‍ യുക്തിയോടും അനുനയത്തോടും കൂടി പരിഹരിക്കാവുന്നതേയുള്ളൂ. പക്ഷേ, ഇത്തരം ശ്രമങ്ങളുടെ ആത്മാര്‍ത്ഥതയും വിശ്വാസ്യതയും ബന്ധപ്പെട്ടവര്‍ക്കുകൂടി ബോധ്യമാവണമെന്നു മാത്രം. അതാവട്ടെ ആരോഗ്യകരമായ ഒരു ജനാധിപത്യ സംവിധാനത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുകേ ചെയ്യുകയുള്ളൂ.
എന്നാല്‍ മുസ്്‌ലിം സമുദായത്തോട് ബദ്ധവൈരം കാത്തുസൂക്ഷിക്കുന്ന സംഘ്പരിവാറും അവരുടെ കയ്യടി ലഭിക്കാനാഗ്രഹിക്കുന്ന മറ്റു ചിലര്‍ക്കും മുസ്്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കിട്ടിയാല്‍ മുസ്്‌ലിം സ്ത്രീകളോട് വല്ലാത്തൊരു മുഹബത്താണ്. ആ മുഹബത്ത് അവസാനിക്കുന്നത് എല്ലായ്‌പ്പോഴും ഏക സിവില്‍ കോഡിനായുള്ള മുറവിളിയിലുമായിരിക്കും.
സംഘ്പരിവാര്‍ നിയന്ത്രിത സര്‍ക്കാര്‍ തീവ്ര ഹിന്ദു ലൈനിനെ പ്രതിനിധാനം ചെയ്യുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയതു മുതല്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ജീവന്റേയും സ്വത്തിന്റെയും കാര്യത്തിലെന്നപോലെ തങ്ങളുടെ വിശ്വാസ ആദര്‍ശങ്ങളുടെ കാര്യത്തിലും ആശങ്കയിലാണ്.  ഈ പ്രതിസന്ധി ഘട്ടത്തില്‍ ന്യൂനപക്ഷങ്ങള്‍ ഒരു പിടിവള്ളി പ്രതീക്ഷിക്കുന്ന കേന്ദ്രത്തില്‍ നിന്നും ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരു തള്ളായിപ്പോയി പരമോന്നത നീതിപീഠത്തില്‍ നിന്നുമുള്ള നിരീക്ഷണമെന്ന് പറയാതെ വയ്യ.

ഈ സാചര്യത്തിലാണ് ആദ്യം പ്രസ്താവിച്ച സുപ്രീംകോടതി നിരീക്ഷണങ്ങളുടെ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ പരിശോധിക്കേണ്ടിവരുന്നത്. ഇതുപോലെത്തന്നെയാണ് സംവരണ വിഷയവും. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദളിതുകള്‍ക്കും ചരിത്രപരമായ കാരണങ്ങളാല്‍ ഭരണഘടനാ രൂപീകരണ വേളയില്‍ തന്നെ ഭരണഘടനാ ശില്‍പികള്‍ അനുവദിച്ചതാണ് സംവരണം. അതാകട്ടെ ഭരണഘടന തന്നെ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളായ അവസര സമത്വം, തുല്യനീതി എന്നിവയിലേക്കുള്ള ചവിട്ടു പടിയാണ്. രാജ്യത്തെ അധ:സ്ഥിത വിഭാഗങ്ങളുടെ ദയനീയാവസ്ഥയ്ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാനും സംവരണത്തിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ സ്വതന്ത്ര ഇന്ത്യ ഷഷ്ടിപൂര്‍ത്തിയിലേക്ക് കടക്കാനൊരുങ്ങുമ്പോഴും സംവരണം അതിന്റെ ഉദ്ദേശലക്ഷ്യങ്ങളുടെ ഏഴയലത്തു പോലും എത്തിയിട്ടില്ലെന്ന് പിന്നാക്കവസ്ഥയെകുറിച്ച് പഠനം നടത്തിയ സച്ചാര്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിച്ചതാണ്.
എന്നാല്‍ തങ്ങള്‍ മനുഷ്യരായി പോലും കാണാന്‍ തയ്യാറില്ലാത്ത; പല മൃഗങ്ങള്‍ക്കും നല്‍കുന്ന പരിഗണനപോലും നല്‍കാന്‍ കൂട്ടാക്കാത്ത അധ:കൃത വിഭാഗങ്ങളില്‍ പെട്ട ഒരു ചെറിയ ന്യൂനപക്ഷം സംവരണം വഴി തങ്ങളോടൊപ്പം മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും നേടുന്നത് സവര്‍ണ സമുദായങ്ങള്‍ക്ക് ഒരു കാലത്തും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. സവര്‍ണ ഹിന്ദുത്വഫാഷിസ്റ്റ് സംഘടനകളുടെ കടിഞ്ഞാണേന്തുന്ന ആര്‍എസ്എസിന്റെ നിലപാടും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. ജനാധിപത്യ സംവിധാനത്തില്‍ വോട്ടു ബാങ്ക് രാഷ്ട്രീയം ഒഴിച്ചുകൂടാനാവാത്ത ഒരു തിന്മയായതിനാല്‍ അവര്‍ പുറമേക്ക് നായാടി മുതല്‍ നമ്പൂതിരിവരെയുള്ള വിശാല ഹിന്ദു ഐക്യത്തിന്റെ മേലങ്കി അണിയാറുണ്ടെങ്കിലും തങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ അനുകൂലസാഹചര്യത്തില്‍ ഈ ഏടാകൂടം അവസാനിപ്പിക്കാനുള്ള ആഗ്രഹം അവര്‍ മറച്ചുവയ്ക്കുന്നില്ല. സംവരണം നിര്‍ത്താന്‍ സമയമായെന്ന സര്‍ സംഘ് ചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവന ഇക്കാര്യം പ്രത്യേക വിശദീകരണമൊന്നും ആവശ്യമില്ലാതെ തന്നെ വ്യക്തമാകുന്നുണ്ട്. ബീഹാര്‍ ഇലക്ഷന്റെ പശ്ചാത്തലത്തില്‍ മോഡിയും കൂട്ടരും അതെത്ര മറച്ചുവെയ്ക്കാന്‍ ശ്രമിച്ചാലും. ആര്‍.എസ്.എസിന്റെ ഹിന്ദുത്വ പരീക്ഷണശാലയായ ഗുജറാത്ത്‌മോഡല്‍ മോഡി  ഇന്ത്യയൊട്ടാകെ വിജയകരമായി നടപ്പിലാക്കിയതിന്റെ വിജയോന്മാദത്തിലാണ് ‘അഭിനവ സര്‍ദാര്‍ പട്ടേലുമാര്‍’സംവരണ വിരുദ്ധ സമര ഹീറോമാരായി രംഗത്തു വന്നുകൊണ്ടിരിക്കുന്നതും.
ഇവിടെയാണ് വര്‍ത്തമാന കാല ഇന്ത്യയുടെ അതിഭീതിതമായ അവസ്ഥയില്‍ ഇക്കാലയളവില്‍ ഒരിക്കല്‍ പോലും പരാമൃഷ്ട വിഷയങ്ങളിലൊന്നിലും സ്വമേധയാലോ അല്ലാതെയോ നിരീക്ഷണം നടത്തുകയോ ആശങ്കപ്പെടുകയോ കുറ്റബോധം അനുഭവപ്പെടുകയോ ചെയ്യാത്ത ബഹു. സുപീം കോടതിക്ക് സംവരണം അനന്തമായി തുടരുന്നതില്‍ ഈ പ്രത്യേക സമയത്തു തന്നെ കുറ്റബോധം തോന്നുന്നതിലേയും ഉന്നത വിദ്യാഭ്യാസ രംഗത്ത് ‘ദേശീയ താല്‍പര്യം’ മുന്‍ നിര്‍ത്തി യോഗ്യത മാത്രം മാനദണ്ഡമായി നിശ്ചയിക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കരുകളോട് ആവശ്യപ്പെടുന്നതിലേയും നീതിയാണ് ബന്ധപ്പെട്ട സമുദായങ്ങള്‍ക്ക് ബോധ്യപ്പെടാത്തത്. ഏതു വിധത്തിലുളള സാമാന്യ യുക്തിയനുസരിച്ചും സംവരണ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ ബഹു.കോടതിക്ക് കുറ്റബോധമനുഭവപ്പെടേണ്ടിയിരുന്നത് സ്വാതന്ത്ര്യത്തിന്റെ 68ാം വര്‍ഷത്തിലും സംവരണം യഥാവിധി നടപ്പാക്കപ്പെടാത്തതിലും ബന്ധപ്പെട്ട സമുദായങ്ങള്‍ക്ക് അതിന്റെ സദ്ഫലങ്ങള്‍ ലഭ്യമാവാത്തതിലുമായിരുന്നു.
പക്ഷേ എന്തു ചെയ്യാം മാനിഷാദ പാടേണ്ടവര്‍ ഏകലവ്യന്‍മാരുടെ അവശേഷിക്കുന്ന വിരലുകള്‍ പോലും അരിഞ്ഞു വാങ്ങാന്‍ ആവശ്യപ്പെടുകയാണ്.

Read more on: , ,
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക