|    Jun 22 Fri, 2018 1:21 pm
FLASH NEWS

എ സി റോഡിലെ കുഴികള്‍ യാത്രക്കാര്‍ക്ക് മരണക്കെണിയാവുന്നു

Published : 10th August 2017 | Posted By: fsq

 

ആലപ്പുഴ:  എസി റോഡില്‍ രൂപപ്പെട്ട കുഴികള്‍ യാത്രക്കാര്‍ക്ക് മരണക്കെണിയാകുന്നു. റോഡിലെ വെള്ളക്കെട്ടും കുഴികളും യാത്രക്കാരുടെ ജീവനെടുക്കുമ്പോള്‍ അറ്റകുറ്റപണി നടത്തേണ്ട അധികൃതര്‍            ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.  ചങ്ങനാശേരിയിലെ  പെരുന്നയില്‍ തുടങ്ങി ആലപ്പുഴ കളര്‍കോട് അവസാനിക്കുന്ന 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എസി റോഡ് സംസ്ഥാനത്തെ തന്നെ മികച്ച പാതകളിലൊന്നായിരുന്നു. കുറച്ചുമാസങ്ങള്‍ക്ക് മുമ്പുവരെ. അന്താരാഷ്ട്ര നിലവാരത്തില്‍ കെഎസ്ഡിപി നിര്‍മിച്ച റോഡ് മഴക്കാലത്ത് വെള്ളം കയറിയാല്‍ പോലും തകരാറില്ലായിരുന്നു. എന്നാല്‍ റോഡിന് ആവശ്യമായ അറ്റകുറ്റപണികള്‍ കാലാകാലങ്ങളില്‍ നടത്താന്‍ അധികൃതര്‍ വൈമനസ്യം കാണിച്ചതോടെയാണ് എസി റോഡ് യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്ന തരത്തിലേക്ക് മാറിയത്. റോഡിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇവ അടയ്ക്കുന്നതിനുള്ള നടപടികള്‍ ഇതുവരെയുണ്ടായിട്ടില്ല.  രാമങ്കരി, മാമ്പുഴക്കരി, മങ്കൊമ്പ് ബ്ലോക്ക് ജങ്്ഷന്‍, പൂപ്പള്ളി, നെടുമുടി നസ്രേത്ത് ജങ്്ഷന്‍, പ്രധാന പാലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ കാലവര്‍ഷത്തിന് മുന്നോടിയായി വേനല്‍മഴ പെയ്തപ്പോഴെ കുഴികള്‍ രൂപപ്പെട്ടിരുന്നു. മഴ ശക്തമായതോടെ വെള്ളം നിറയുന്ന കുഴികള്‍ ശ്രദ്ധയില്‍പ്പെടാതെ വാഹനയാത്രക്കാര്‍ ഇവയില്‍ വീഴുകയും നിയന്ത്രണം വിട്ട് വാഹനം അപകടത്തില്‍പ്പെടുന്നതും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം അപകടത്തില്‍പ്പെടുന്നതും നിത്യസംഭവമായെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. എസി റോഡിന്റെ അറ്റകുറ്റപണികളുടെ ചുമതലയുള്ള കെഎസ്ഡിപിയുടെ ഈ നിസംഗതയാണ് മാമ്പുഴക്കരയില്‍ കുറച്ചു ദിവസം മുമ്പു വിദ്യാര്‍ഥിനിയുടെ ജീവനെടുത്തത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ എസി റോഡിലുള്ള വാഹനാപകടത്തില്‍ അഞ്ച് ജീവനുകളാണ് പൊലിഞ്ഞത്. നിര്‍മാണ സാമഗ്രികളുമായി ഭാരവാഹനങ്ങള്‍ ആലപ്പുഴ ഭാഗത്തേക്ക് കൂടുതലായെത്തുന്നത് എസി റോഡിലൂടെയാണ്. അമിത വേഗതയില്‍ സഞ്ചരിക്കുന്ന ടോറസ് ലോറികളടക്കമുള്ളവയെ വാഹന പരിശോധന നടത്തുന്ന പോലീസ് സംഘം കണ്ടില്ലെന്ന് നടിക്കുന്നതാണ് പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നതെന്നും ആക്ഷേപമുണ്ട്. വൈകുന്നേരമായാല്‍ എസി റോഡിലൂടെ സഞ്ചരിക്കുന്നവര്‍ കുറഞ്ഞത് മൂന്നിടത്തെങ്കിലും പോലീസ് പരിശോധന നേരിടേണ്ടിവരുന്നുണ്ട്. ഇരുചക്രവാഹനയാത്രക്കാരെ കൂടുതലായി പരിശോധിക്കുന്ന പോലീസ് സംഘം അനുവദനീയമായതിലും അധികം ഭാരവുമായി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നത് പലപ്പോഴും കണ്ടില്ലെന്ന് നടിക്കുന്നതും അപകട ഭീഷണി വര്‍ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss