|    Jan 24 Tue, 2017 8:34 am

സംസ്ഥാനത്ത് എസ്.ഡി.പി.ഐ ശക്തമാകുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍, ആളെക്കൊല്ലി സംഘടനയെന്ന് ആരോപണം

Published : 18th July 2016 | Posted By: G.A.G

PINARAYIതിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐ ശക്തി പ്രാപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എളുപ്പത്തില്‍ ആളുകളെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്നും സംഘടനയുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റിയാടിയില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിപ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനകള്‍ ചിലതുണ്ട്. അതിലൊന്നാണ് എസ്.ഡി.പി.ഐ. ഈ സംഘടനയുടെ പ്രവര്‍ത്തനം പരിശോധിക്കും. പൊലീസ് സ്‌റ്റേഷനുകളില്‍ സല്‍കാരം നല്‍കുന്ന കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയോട് സിപിഎമ്മിന് മൃദു സമീപനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.ഡി.പി.ഐയും ആര്‍.എസ്.എസും ഒരേ നാണയത്തിന്റെ വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്ത് നിന്ന് പാറക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഐസിസിന് വേണ്ടി പോലും ആളുകളെ റിക്രൂട്ട് ചെയ്യപ്പെടുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്നും മുസ്ലീംലീഗിനെ ക്ഷീണിപ്പിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഡി.പി.ഐയെ കൂട്ടു പിടിക്കുകയാണെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് അബ്ദുള്ള പറഞ്ഞു. കുറ്റിയാടിയില്‍ നടന്ന കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തണം. എസ്.ഡി.പി.ഐക്കൊപ്പമാണ് കുറ്റിയാടിയിലെ പോലീസെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്താണ് പോലീസ് സ്വീകരിച്ചതെന്നും അബ്ദുള്ള ആരോപിച്ചു. എസ്.ഡി.പി.ഐയുടെ പണത്തിന്റെ സ്വാധീനത്തിലാണ് കുറ്റിയാടിയിലെ പോലീസെന്നും അദ്ദേഹം ആരോപിച്ചു.
ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എല്‍.എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2,649 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക