|    Oct 18 Thu, 2018 7:51 am
FLASH NEWS

എസ് എ : രാഷ്ട്രീയത്തിലെ സാത്വികരൂപം; പേനകളുടെ പ്രിയങ്കരന്‍

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍:പ്രസംഗങ്ങളിലാണു എസ് എ പുതിയവളപ്പലിനു കമ്പം. കുട്ടിക്കാലം മുതലുള്ള ശീലമാണ്. തലശ്ശേരിയില്‍ എംഎസ്എഫിന്റെ പ്രസംഗ പരിശീലന ക്ലാസുകളും ഇഖ്‌വാനുല്‍ സാംസ്‌കാരിക സംഘത്തിന്റെ ക്ലാസുകളുമാണ് പുതിയവളപ്പിലിനെ പ്രസംഗകനാക്കിയത്. ആ പ്രസംഗം മുസ്‌ലിം ലീഗിലും പിന്നീട് ഐഎന്‍എല്ലിലും മുഴങ്ങിക്കേട്ടു. അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ പ്രസംഗത്തോട് കടുത്ത ആരാധനയാണ്. ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസംഗമാണു പിന്നെ കൂടുതലിഷ്ടം. മൂവായിരത്തോളം പേനകളുണ്ട് വീട്ടില്‍. കുട്ടിക്കാലം മുതലുള്ള ശീലമാണ്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിദേശത്തുനിന്ന് വരുമ്പോള്‍ പേനയാവും തരിക. 2012ല്‍ ഗള്‍ഫില്‍ പോയി മടങ്ങിയപ്പോള്‍ കൊണ്ടുവന്നത് അഞ്ചു കിലോ പേനയാണ്. പരിപാടികള്‍ക്ക് പോവുമ്പോള്‍ ലഭിക്കുന്ന ബാഡ്ജുകളൊന്നും കളയില്ല. തലശ്ശേരി സൂര്യക്കുളത്തെ സല്‍മാന്‍ ഹൗസില്‍ ആയിരക്കണക്കിനു ബാഡ്ജുകള്‍ ഫയലുകളാക്കി ശേഖരിച്ചിരിക്കുന്നു. കല്യാണക്കത്തുകളുടെ കാവല്‍ക്കാരന്‍ കൂടിയാണ് എസ്എ പുതിയവളപ്പില്‍. കല്യാണക്കത്തുകള്‍ക്ക് മീതെ വലുപ്പത്തില്‍ തിയ്യതി എഴുതി അലമാരയ്ക്കു മീതെ അടുക്കിവയ്ക്കും. അതിലെ വിലാസങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം ഡയറിയില്‍ കുറിച്ചിടും. ഇങ്ങനെ എട്ടിലേറെ ഡയറികളിലായി നിറയെ വിലാസങ്ങള്‍. ബാപ്പയില്‍നിന്നു കിട്ടിയ ശീലമാണത്. ഉപ്പ എല്ലാവര്‍ക്കും ടെലിഗ്രാം അയയ്ക്കും. എസ് എ അതല്‍പം പരിഷ്‌കരിച്ചു. കിട്ടിയ കല്യാണക്കത്തുകള്‍ക്കെല്ലാം പ്രത്യേകം തയാറാക്കിയ മറുപടിക്കത്ത് അയക്കും. ഇഷ്ടക്കേടുകള്‍ മുഖത്തുനോക്കി പറയുന്ന ശീലം പുതിയവളപ്പിലിനു കിട്ടിയത് ഉപ്പയില്‍നിന്നാണ്. കാഴ്ചയില്‍ പക്ഷേ സാത്വികനാണ്. ദേഷ്യപ്പെടാറേയില്ല. ശത്രുക്കള്‍ അശേഷമില്ല. ആളുകളെ സല്‍ക്കരിക്കുന്നതില്‍ പെരുത്ത് സന്തോഷമാണ്. കൃത്യനിഷ്ഠയാണു ദൗര്‍ബല്യം. പുലര്‍ച്ചെ 4.30ന്  എഴുന്നേല്‍ക്കും. പള്ളിയില്‍ പോയി വന്നാല്‍ 6.45 വരെ ഖുര്‍ആന്‍ പാരായണം. അതു കഴിഞ്ഞാല്‍ റേഡിയോ വാര്‍ത്ത കേള്‍ക്കല്‍. ഒപ്പം വലിയൊരു ഗ്ലാസില്‍ പാലൊഴിച്ച ചായയും ബിസ്‌കറ്റും. നടപ്പാണ് വ്യായാമം. തുടര്‍ന്നുള്ള പത്രവായന കഴിഞ്ഞേ പ്രാതല്‍ കഴിക്കുകയുള്ളൂ. ഷര്‍ട്ടും മുണ്ടുമാണ് ഇഷ്ടവേഷം. തലശേരി കായ്യത്ത് റോഡിലെ കൃഷ്ണനായിരുന്നു തയ്യല്‍ക്കാരന്‍. ഷര്‍ട്ടിന്റെ വലതുഭാഗത്ത് താഴെയായി ഒരു പോക്കറ്റ് നിര്‍ബന്ധമാണ്. മുടി കറുപ്പിക്കാറില്ല പുതിയവളപ്പില്‍.എന്നാല്‍ താരനെ തോല്‍പ്പിക്കാന്‍ മൈലാഞ്ചിയിട്ടിരുന്നു. 2010ല്‍ ഹജ് കഴിഞ്ഞതോടെ താടി നീട്ടി. താടി വളര്‍ന്നതോടെ മൈലാഞ്ചി താടിയിലേക്കു താഴ്ന്നിറങ്ങി. വലിയ ഇഷ്ടമാണു യാത്രകള്‍. ട്രെയിന്‍ യാത്രകളോടാണു പ്രിയം. സ്വന്തമായി വാഹനമില്ല. ഇന്ത്യയില്‍ ഒട്ടുമിക്ക നഗരങ്ങളിലും പോയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss