|    Oct 23 Tue, 2018 10:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

എസ് എ പുതിയവളപ്പില്‍ : ലീഗിന്റെയും നാഷനല്‍ ലീഗിന്റെയും ഗതിവിഗതികള്‍ കണ്ട നേതാവ്

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ കിങ് മേക്കറായിരുന്ന സി കെ പി ചെറിയ മമ്മു കേയിയുടെ മൂത്ത പുത്രനാണ് എസ് എ പുതിയവളപ്പില്‍ അഥവാ സെയ്തലവി പുതിയവളപ്പില്‍.മഞ്ചേരിയില്‍ അഹമ്മദ് ഗുരുക്കള്‍ മരിച്ചപ്പോള്‍ മല്‍സരിച്ച് മന്ത്രിയാവാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചെങ്കിലും അതു നിരസിച്ച് മുംബൈയിലേക്കു പോയ വ്യക്തിയാണു സി കെ പി ചെറിയ മമ്മുക്കേയി. അദ്ദേഹത്തിന്റെ ആറു മക്കളില്‍ മൂത്തയാളാണു പുതിയവളപ്പില്‍. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ വളര്‍ച്ചയുടെയും പ്രതിസന്ധിയുടെയും ഘട്ടത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ തലശ്ശേരിയിലെ കേയി തറവാട്ടില്‍ പതിവായി എത്തിയിരുന്നു. പിതാവിന്റെ പൊതുജീവിതം എസ്എയുടെ രാഷ്ട്രീയവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ആദ്യം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെയും പിന്നീട് ഐഎന്‍എല്ലിന്റെയും പിളര്‍പ്പിന്റെ ദശാസന്ധികളിലെ സുപ്രധാന സാക്ഷി കൂടിയായിരുന്നു അദ്ദേഹം.എംഎസ്എഫ് തലശ്ശേരി ടൗണ്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി 1963ല്‍ രാഷ്ട്രീയത്തിലെത്തിയ പുതിയ വളപ്പില്‍ എംഎസ്എഫ് സംസ്ഥാന ഖജാഞ്ചി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ്സും മുസ്‌ലിംലീഗും സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗിലെ ഒരു വിഭാഗം 1994ല്‍ ഐഎന്‍എല്ലിന് രൂപംനല്‍കി. സി കെ പി ചെറിയ മമ്മുക്കേയി ആയിരുന്നു കേരള ഘടകത്തിന്റെ പ്രസിഡന്റ്. തലശ്ശേരി മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലറുമായി പ്രവര്‍ത്തിക്കവേയാണു പുതിയവളപ്പില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്നത്. ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ പിതാവിന്റെ മരണശേഷം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റായി. കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്ന് 2011ല്‍ എല്‍ഡിഎഫ് പിന്തുണയോടെ നിയമസഭയിലേക്കു മല്‍സരിച്ചു. ഒന്നര പതിറ്റാണ്ടു കാലം ഇടതുപക്ഷത്തിനൊപ്പം നിന്നിട്ടും മതിയായ പരിഗണന നല്‍കാത്ത സിപിഎം നിലപാടും കേരള രാഷ്ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള മുസ്‌ലിംലീഗിന്റെ ശ്രമവും ഐഎന്‍എല്ലിനെ പിളര്‍ത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിം ലീഗ്-ഐഎന്‍എല്‍ ലയന ചര്‍ച്ച സജീവമായി. ലയനം വേണമെന്ന നിലപാടിലായിരുന്നു പി എം എ സലാം, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍. സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍, അഖിലേന്ത്യ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ ലയനത്തെ എതിര്‍ത്തു. ഒടുവില്‍ ഒരു ചാനലിന് സലാം നല്‍കിയ അഭിമുഖത്തില്‍ ലയനത്തെക്കുറിച്ച് നിലപാടു വ്യക്തമാക്കിയതോടെ രണ്ടാമത്തെ പിളര്‍പ്പിന് ആക്കംകൂടി. സലാമിനെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എസ് എ പുതിയവളപ്പില്‍ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന് കത്തയച്ചു. ഉടനെ സലാമിനെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ഈ സമയം അഖിലേന്ത്യാ സെക്രട്ടറി സിറാജ് സേട്ടുമായി സലാം ബംഗളൂരുവില്‍ ചര്‍ച്ച നടത്തിയിരുന്നു. ഐഎന്‍എല്‍ ദേശീയ നേതൃത്വം കൊല്‍ക്കത്തയില്‍ ചേര്‍ന്നപ്പോള്‍ സിറാജ് സേട്ടിന്റെ നേതൃത്വത്തില്‍ സമാന്തര യോഗം ചെന്നൈയിലും ചേര്‍ന്നു. പരസ്പരം പുറത്താക്കി ഐഎന്‍എല്‍ മറ്റൊരു പിളര്‍പ്പ് പൂര്‍ത്തിയാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss